റാസല്‍ഖൈമ: നാല് മലയാളികളുള്‍പ്പെടെ എട്ട് തൊഴിലാളികള്‍ക്ക് റാസല്‍ഖൈമയിലെ ലേബര്‍ ക്യാമ്പില്‍ നരക യാതന. ഉരുകും ചൂടിനൊപ്പം താമസ സ്ഥലത്തെ വൈദ്യുതി ബന്ധവും മുറിച്ചതാണ് തൊഴിലാളികള്‍ക്ക് ദുരിതമായത്. തൊഴിലുടമ വൈദ്യുതി ബില്‍ അടക്കാത്തതിനാല്‍ ഒരാഴ്ച്ച മുമ്പാണ് വൈദ്യുതി ബന്ധം വിഛേദിച്ചതെന്ന് കൊല്ലം സ്വദേശി അജിത്കുമാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
തനിക്കൊപ്പം ആദര്‍ശ്, അമല്‍ പി. ജോണ്‍, അനു അലക്സ്, താര, ജിയ, അന്‍വര്‍, ജാവേദ്, കേശവ് തുടങ്ങിയവരാണുള്ളത്. ലേബര്‍ ക്യാമ്പിനകത്തെ വൃക്ഷത്തിന് കീഴിലാണ് അന്തിയുറക്കം. കെട്ടിട ഉടമയുടെയും ചില സുമനസുകളുടെയും സഹായമാണ് ചെറിയ ആശ്വാസം. പാകിസ്താന് സ്വദേശിയുടെ ഉടമയിലുള്ള സ്ഥാപനത്തില്‍ നിന്ന് നാല് മാസമായി ശമ്പളവും ലഭിക്കുന്നില്ല. ഉടമയുമായി നേരിേട്ടാ ഫോണിലോ ബന്ധപ്പെടാനും സാധിക്കാത്ത അവസ്ഥയാണ്. ചില സ്ഥാപനങ്ങളില്‍ നിന്ന് തൊഴില്‍ വാഗ്ദാനമുണ്ടെങ്കിലും ഉടമ സഹകരിക്കാത്തതിനാല്‍ ജോലിക്ക് പോകാനും കഴിയുന്നില്ല. ദുരിത ജീവിതം അറിഞ്ഞ് റാക് ഐ.ആര്.സി ‘ആത്മരക്ഷ’ അംഗങ്ങളായ സുമേഷ് മഠത്തില്‍, എ.കെ. സേതുനാഥ് എന്നിവര്‍ ക്യാമ്പിലെത്തി വിവരങ്ങള്‍ ശേഖരിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. ഇവര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും യു.എ.ഇ അധികൃതരുമായി ബന്ധപ്പെട്ട് വേണ്ട സഹായമെത്തിക്കുമെന്ന പ്രതീക്ഷയില്‍ ജീവിതം തള്ളി നീക്കുകയാണ് തൊഴിലാളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.