ഷാർജ: ചൊവ്വാഴ്ച പുലർച്ചെ കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാർ മൂലം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി. ഐ.എക്സ് 411 നമ്പർ വിമാനമാണ് സാങ്കേതികത്തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യാത്രക്കിടയിൽ മുംബൈയിലിറക്കിയത്. വിമാനത്തിലെ മുന്നൂറിലേറെ യാത്രക്കാരിൽ ഏറെയും യു.എ.ഇയിലെ പ്രവാസി മലയാളികളാണ്. കൊച്ചിയിൽ നിന്ന് പുലർച്ചെ 2.20നാണ് വിമാനം പറന്നുയർന്നത്.
വിമാനം ഉയർന്നത് മുതൽ അസ്വാഭാവിത അനുഭവപ്പെട്ടിരുന്നെന്നും തുടർന്ന് രണ്ട് മണിക്കൂർ കഴിഞ്ഞ ശേഷമാണ് മുംബൈയിൽ ഇറക്കിയതെന്നും യാത്രക്കാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വിമാനം ഇറങ്ങുന്ന വേളയിൽ അടിയന്തിര സാഹചര്യം നേരിടുന്നതിന് ഫയർ ഫോഴ്സ് അടക്കമുള്ള സജ്ജീകരണങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. പുലർച്ചെ നാലരയോടെ മുംബൈയിലിറങ്ങിയ വിമാനത്തിന്‍റെ തകരാർ പരിഹരിക്കാൻ മണിക്കൂറുകൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ആറു മണിയോടെ യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. എന്നാൽ പിന്നെയും മണിക്കൂറുകൾ കഴിഞ്ഞ് രാവിലെ 10മണിയോടെയാണ് ഹോട്ടലിലേക്ക് മാറ്റിയതെന്നും ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ തൃപ്തികരമായ രീതിയിൽ ഒരുക്കിയില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.
യാത്രക്കാരെ മുഴുവൻ മുംബൈയിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുള്ളത്. അതിനിടെ ചില യാത്രക്കാർക്ക് മറ്റു വിമാനങ്ങളിലായി യാത്രക്ക് അധികൃതർ സംവിധാനമൊരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ വിമാനം ഷാർജയിലേക്ക് യാത്ര പുനരാരംഭിക്കുമെന്നാണ് യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും അനിശ്ചിതത്വം തുടരുകയാണെന്ന് യാത്രക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.