ഗതാഗതത്തിനായി തുറന്നു നൽകുന്ന ഹെസ്സ സ്ട്രീറ്റ്
ദുബൈ: നഗരത്തിലെ പ്രധാന റോഡ് ഇടനാഴികളിൽ വാഹനങ്ങളുടെ തിരക്ക് കുറക്കാനും ഗതാഗത നീക്കം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ആരംഭിച്ച ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതി പൂർത്തിയായതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ശൈഖ് സായിദ് റോഡിനും അൽഖൈൽ റോഡിനും ഇടയിൽ 4.5 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ ഹെസ്സ സ്ട്രീറ്റിന്റെ വീതി കൂട്ടലും ജങ്ഷനുകളുടെ വികസനവുമാണ് ഉൾപ്പെടുന്നത്.
മുഴുവൻ പ്രവൃത്തികളും പൂർത്തിയായതോടെ ഇരു ദിശയിലേക്കുമുള്ള ഗതാഗത നീക്കം സുഗമമാവുകയും ഇടനാഴിയിലൂടെയുള്ള യാത്ര സമയം വലിയ രീതിയിൽ കുറയുകയും ചെയ്യും. ആർ.ടി.എയുടെ വിലയിരുത്തൽ അനുസരിച്ച് ഇതുവഴിയുള്ള യാത്ര സമയം 15 മിനിറ്റിൽ നിന്ന് നാല് മിനിറ്റായി കുറയും. കൂടാതെ റോഡിന്‍റെ ശേഷി ഇരട്ടിയാവുന്നതോടെ ഇരു ദിശയിലേക്കും മണിക്കൂറിൽ 8,000 വാഹനങ്ങൾ എന്നത് 16,000 ആയി ഉയരും.
ഹെസ്സ സ്ട്രീറ്റിന്റെ ഓരോ ദിശയിലേക്കുമുള്ള രണ്ട് വരി പാതകൾ നാലു വരിയാക്കൽ, ശൈഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ അസായൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ് എന്നിവയുമായുള്ള നാല് പ്രധാന ഇന്‍റർസെക്ഷനുകളിലേക്കുള്ള നവീകരണം എന്നിവയാണ് പൂർത്തിയാക്കിയത്. ശൈഖ് സായിദ് റോഡ് ഇന്‍റർചേഞ്ചിലെ ദുബൈ മെട്രോ റെഡ് ലൈനിന് മുകളിലായി പുതുതായി രണ്ട് വരി റാംപ്, ഫസ്റ്റ് അൽഖൈൽ സ്ട്രീറ്റ്, അൽ അസായൽ സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിലവിലുള്ള പാലങ്ങൾ വീതി കൂട്ടൽ, അൽ ഖൈൽ റോഡിലേക്കും ദേരയിലേക്കുമുള്ള ഗതാഗത നീക്കം മെച്ചപ്പെടുത്തുന്നതിനായി പുതിയ പാലങ്ങളുടെയും റാംപുകളുടെയും നിർമാണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടും.
ജുമൈറ വില്ലേജ് സർക്കിൾ, അർജാൻ, ദുബൈ സയൻസ് പാർക്ക്, അൽ ബർഷ സൗത്ത്, ജുമൈറ ലേക്സ് ടവേഴ്സ്, ജുമൈറ ഐലന്റ്സ്, ബർഷ ഹൈറ്റ്സ്, ദി ഗ്രീൻസ്, എമിറേറ്റ്സ് ഹിൽസ് തുടങ്ങിയ പ്രധാന താമസ, വാണിജ്യ മേഖലകളിലെ ഗതാഗത തിരക്ക് കുറക്കാനും പദ്ധതി സഹായകമാവും. ധ്രുത ഗതിയിലുള്ള നഗര വികസനത്തിനും ജനസംഖ്യ വളർച്ചക്കും അനുസരിച്ച് റോഡ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുള്ള ദുബൈയുടെ ദീർഘകാല കാഴ്ചപ്പാടുകളോട് ചേർന്നു നിൽക്കുന്നതാണ് ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയെന്ന് ആർ.ടി.എ എക്സിക്യുട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനലുമായ മതാർ അൽ തായർ പറഞ്ഞു.
ജനസാന്ദ്ര ഏറെയുള്ള റസിഡൻഷ്യൽ, വികസന മേഖലകൾക്ക് വികസന മേഖലകൾക്ക് പദ്ധതി പ്രയോജനപ്പെടും. 2030 ആകുമ്പോഴേക്കും ഈ മേഖലകൾക്ക് ചുറ്റുമുള്ള ജനസംഖ്യ 6.4 ലക്ഷം കവിയുമെന്നാണ് പ്രതീക്ഷ. ദുബൈയുടെ ഏറ്റവും പ്രധാനപ്പെട്ട റോഡ് ഇടനാഴിയാണ് ഹെസ്സ സ്ട്രീറ്റ്. ഇതിന്‍റെ വികസനം റോഡുകളുടെ ശേഷിയും കാര്യക്ഷമതയും വർധിപ്പിക്കുമെന്നും മതാർ അൽ തായർ പറഞ്ഞു. ഹെസ്സ സ്ട്രീറ്റ് തുറന്നു കൊടുക്കുന്നതിന് മുന്നോടിയായി അവസാന വട്ട പണികൾ പരിശോധിച്ച ശേഷമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
അതേസമയം, അൽ ഖൈൽ റോഡ് മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെ മൂന്ന് കിലോമീറ്റർ നീളത്തിൽ റോഡ് വികസിപ്പിക്കുന്നതിനായുള്ള രണ്ടാം ഘട്ട പദ്ധതിക്കും ആർ.ടി.എ തുടക്കമിട്ടിരിക്കുകയാണ്. 8,835 മീറ്റർ നീളത്തിൽ പാലങ്ങൾ, 480 മീറ്റർ നീളമുള്ള തുരങ്ക പാത എന്നിവയുടെ നിർമാണത്തിനൊപ്പം സമീപ റോഡുകളിലെ എൻട്രി, എക്സിറ്റുകളും മൂന്ന് പ്രധാന ഇന്‍റർസെക്ഷനുകളും മെച്ചപ്പെടുത്തുന്ന പ്രവൃത്തികളുമാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.