ഹത്ത മലമുകളിൽ കുടുങ്ങിയ വനിത ടൂറിസ്റ്റുകളെ ദുബൈ പൊലീസ് രക്ഷപ്പെടുത്തുന്ന ദൃശ്യം
ദുബൈ: ഹൈക്കിങ്ങിനിടെ ഹത്ത മലമുകളിൽ കുടുങ്ങിയ രണ്ട് വനിത ടൂറിസ്റ്റുകളെ ദുബൈ പൊലീസ് രക്ഷപ്പെടുത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചാണ് സംഭവം. രാവിലെ 11.30ഓടെയാണ് രണ്ട് യുവതികൾ ഹത്തയിലെ മലമുകളിൽ കുടുങ്ങിയതായി ദുബൈ പൊലീസിന്‍റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ റിപോർട്ട് ലഭിക്കുന്നത്.
ഹൈക്കിങ്ങിനിടെ കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് യാത്ര തുടരാനാവുന്നില്ലെന്നും അടിയന്തരമായി സഹായിക്കണമെന്നുമായിരുന്നു അപേക്ഷ. തുടർന്ന് പ്രത്യേക രക്ഷ ദൗത്യ സംഘത്തെ സംഭവ സ്ഥലത്തേക്ക് നിയോഗിച്ചതായി ഹത്ത പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രഗേഡിയർ മുബാറക് അൽ കെത്ബി അറിയിച്ചു.
തിരച്ചിൽ സംഘം, രക്ഷ യൂനിറ്റ് എന്നിവക്കൊപ്പ ഹത്ത പൊലീസ് പട്രോളിങ് ടീം, ആംബുലൻസ് സർവിസിനായുള്ള പാരമെഡിക്കൽ ടീമുകൾ എന്നിവ ഉൾപ്പെടുന്ന ഹത്ത ബ്രേവ് യൂനിറ്റാണ് ദൗത്യം ഏറ്റെടുത്തത്. നൂതനമായ ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആദ്യം യുവതികൾ അകപ്പെട്ട മലമുകളിലെ സ്ഥലം കണ്ടെത്തി. പിന്നാലെ രക്ഷ സേന സംഭവസ്ഥലത്ത് എത്തുകയും സുരക്ഷിതമായി രണ്ട് പേരേയും രക്ഷപ്പെടുത്തുകയായിരുന്നു.
പർവത രക്ഷ ഉപകരണങ്ങൾ ഉപയോഗിച്ച് യുവതികളെ വേഗത്തിൽ മെഡിക്കൽ പോയിന്‍റിൽ എത്തിച്ച് ആവശ്യമായ പരിചരണം ഉറപ്പുവരുത്തുകയും ചെയ്തു. വിനോദ സഞ്ചാരികളെ വലിയ രീതിയിൽ ആകർഷിക്കുന്ന ഹത്തയിലെ പർവത പ്രദേശങ്ങൾ, താഴ്വരകൾ, വെല്ലുവിളികൾ നിറഞ്ഞ മറ്റ് ഭൂപ്രദേശങ്ങൾ എന്നിവിടങ്ങളിലുടനീളം അടിയന്തര ഘട്ടങ്ങളിൽ പ്രതികരിക്കാൻ ഹത്ത പൊലീസ് സ്റ്റേഷൻ പൂർണ സജ്ജമാണെന്ന് ബ്രിഗേഡിയർ അൽ കെത്ബി പറഞ്ഞു.
പരുക്കൻ ഭൂപ്രദേശങ്ങളിലേക്ക് വാഹനങ്ങൾക്ക് വഴികാട്ടാനായി രൂപകൽപന ചെയ്ത പ്രത്യേക ഉപകരണങ്ങളാണ് പട്രോൾ യൂനിറ്റുകൾ ഉപയോഗിക്കുന്നത്. കൂടാതെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററുമായി ബന്ധിപ്പിച്ചിട്ടുള്ള ആശയ വിനിമയ സംവിധാനവും ഉണ്ട്. ഏത് അടിയന്തര സാഹചര്യങ്ങളും കൈകാര്യം ചെയ്യാൻ പരിശീലനം നേടിയ ഉദ്യോഗസ്ഥരാണ് 24 മണിക്കൂറും സജ്ജരായിരിക്കുന്നത്. രക്ഷാ ദൗത്യങ്ങൾ നടപ്പിലാക്കുന്നതിൽ ഹത്ത ബ്രേവ് യൂനിറ്റ് നിർണായകമായ പങ്കുവഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി നമ്പറായ 999ൽ സഹായം തേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.