വിസ്ഡം അബൂദബി സംഘടിപ്പിച്ച പരിപാടിയിൽ ഹുസൈൻ സലഫി സംസാരിക്കുന്നു
ഷാർജ: ലോകചരിത്രത്തിൽ തുല്യതയില്ലാത്ത വിധം പരിവർത്തനങ്ങൾ സൃഷ്ടിച്ച് എക്കാലത്തെയും മനുഷ്യസമൂഹത്തിൽ വഴികാട്ടിയാകുന്ന കാലാതിവർത്തിയായ ഒരുവഴിവിളക്കാണ് വിശുദ്ധ ഖുർആൻ എന്ന് പണ്ഡിതനും പ്രഭാഷകനുമായ ഹുസൈൻ സലഫി പറഞ്ഞു. വിസ്ഡം അബൂദബി സംഘടിപ്പിച്ച പരിപാടിയിൽ ഖുർആൻ വിളിക്കുന്നു എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ഖുർആൻ ജനങ്ങളിലേക്ക് വിശദീകരിക്കാൻ നിയോഗിതനായ പ്രവാചകന്റെ വചനങ്ങൾ പൂർണമായ അർഥത്തിൽ സ്വീകരിക്കാൻ തയാറാകുമ്പോൾ മാത്രമേ ഒരാൾ യഥാർഥ വിശ്വാസിയാവുകയുള്ളൂ. തിന്മയുടെ ശക്തികൾ കരുത്താർജിക്കുന്ന സാക്ഷരകേരളത്തിലെ വർത്തമാനകാല സംഭവങ്ങൾ നമ്മുടെ സമൂഹം നേരിടുന്ന സാംസ്കാരിക അധഃപതനത്തിന്റെ പ്രതിഫലമാണെന്നും അതിന് അടിയന്തരചികിത്സ അനിവാര്യമാണെന്നും ഹുസൈൻ സലഫി പറഞ്ഞു.
പരിഹാരം കാണേണ്ട അധികാരികൾതന്നെ നൈറ്റ് ലൈഫുകൾ സമൂഹത്തിൽ വ്യാപിപ്പിച്ച് ലഹരിയുടെ പുതിയ വഴികൾ തുറന്നുകൊടുക്കുകയാണ്. പുരോഗമനത്തിന്റെ പേരിൽ നിരീശ്വര നിർമിത പ്രസ്ഥാനങ്ങൾ ഉണ്ടാകുന്ന അരക്ഷിതാവസ്ഥക്ക് മതബോധത്തിൽനിന്ന് ഉണ്ടാകുന്ന അറിവുകൾ മാത്രമാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. അബൂദബി കെ.എം.സി.സി പ്രസിഡന്റ് ശുക്കൂർ അലി കല്ലുങ്ങൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വിസ്ഡം അബൂദബി പ്രസിഡന്റ് ഡോ. ബശീർ മുഹമ്മദ് അധ്യക്ഷതവഹിച്ചു. അൽ റാശിദ് പ്രസിഡന്റ് അബ്ദുൽസലാം ആലപ്പുഴ, ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുല്ലാ പറപ്പൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. സഈദ് ചാലിശ്ശേരി, ഷിറാസ് സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികളായ മുഹമ്മദ് യാസർ, സി.പി. അക്ബർ, വി.എൻ. ഷിഹാബുദ്ദീൻ തുടങ്ങിയവർ സന്നിഹിതയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.