‘കാർത്തിക നക്ഷത്രക്കൂട്ട’മെത്തുന്നു; രാജ്യം കടുത്ത വേനലിലേക്ക്

അബൂദബി: പുലർച്ചെ കിഴക്കൻ ചക്രവാളത്തിൽ കാർത്തിക നക്ഷത്രസമൂഹം ഉദിച്ചുയരുന്നതോടെ യു.എ.ഇയിൽ കടുത്ത വേനൽക്കാലത്തിന് ഇന്ന്​ തുടക്കമാകും. കാർത്തിക നക്ഷത്രക്കൂട്ടമെത്തുന്നതോടെ രാജ്യത്ത് താപനില വീണ്ടും ഉയരും. ഇന്ന്​ യു.എ.ഇയിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന്​ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എങ്കിലും കിഴക്കൻ പ്രദേശങ്ങളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടാനും ഉച്ചകഴിഞ്ഞ് അത് മഴമേഘങ്ങളായി മാറാനും സാധ്യതയുണ്ട്.

രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില തീരദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കും. മഞ്ഞിനോ പുകമഞ്ഞിനോ സാധ്യതയുണ്ടാവ​ും. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ 35 കിലോമീറ്റർ വേഗതയിലും തെക്ക്-പടിഞ്ഞാറ് മുതൽ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും. ഞായറാഴ്ച രാജ്യത്തുടനീളം താപനില കുത്തനെ ഉയരും. പ്രധാന നഗരങ്ങളിലെ ഉയർന്ന താപനില താഴെ പറയുന്ന രീതിയിലായിരിക്കും: അൽ ഐൻ: 45 ഡിഗ്രി സെൽഷ്യസ്​, അബൂദബി: 42 ഡിഗ്രി സെൽഷ്യസ്​, റാസൽഖൈമ: 41 ഡിഗ്രി സെൽഷ്യസ്​, ദു​ബൈ: 40 ഡിഗ്രി സെൽഷ്യസ്​, ഫുജൈറ: 39 ഡിഗ്രി സെൽഷ്യസ്​.

രാജ്യത്ത്​ ഇത്തവണ വേനൽച്ചൂട്​​ കടുക്കുമെന്നാണ്​ കാലാവസ്ഥാ വിദഗ്​ധരുടെ മുന്നറിയിപ്പ്​. പതിവിലും നേ​രത്തേ വേനൽച്ചൂടെത്തിയ യു.എ.ഇയിൽ പതിയെ ചൂട്​ അതിന്‍റെ പാരമ്യത്തിലെത്തുമെന്ന്​ ദേശീയ കാലാവസ്​ഥ നിരീക്ഷണ​ ​കേ​ന്ദ്രത്തിലെ ഉദ്യോഗസ്ഥൻ ഡോ. അഹ്​മദ്​ ഹബീബ്​ പറഞ്ഞു.

 ‘അല്‍ ഥുറയ്യ' അഥവാ കാര്‍ത്തിക നക്ഷത്ര​ക്കൂട്ടം

‘അല്‍ ഥുറയ്യ' എന്ന അറബി പദത്തിന് അര്‍ഥം സമൃദ്ധി, ഔന്നത്യം എന്നൊക്കെയാണ്. അറബ് സംസ്‌കാരത്തിലും ജ്യോതിശാസ്ത്രത്തിലും വളരെ പ്രാധാന്യമുള്ളതാണ് ഈ പേര്. അല്‍ ഥുറയ്യ അഥവാ പ്ലയാഡീസ് സ്റ്റാര്‍ ക്ലസ്റ്റര്‍ (കാര്‍ത്തിക നക്ഷത്രസമൂഹം) രാജ്യത്തിന്‍റെ കിഴക്കന്‍ ചക്രവാളത്തില്‍ ദൃശ്യമായിരിക്കുന്നു. അതായത്, യു.എ.ഇ. കടുത്ത വേനലിലേക്ക് കടക്കുകയാണ് എന്നതാണ് ഈ നക്ഷത്ര സമൂഹം ദൃശ്യമാവുന്നതോടെ വ്യക്തമാവുന്നത്.

ജൂൺ ഏഴിന് പുലർച്ചെ കിഴക്കൻ ചക്രവാളത്തിൽ കാർത്തിക നക്ഷത്രസമൂഹം ദൃശ്യമാകുന്നത് കടുത്ത വേനൽച്ചൂടിന്‍റെ വരവിനെയാണ് സൂചിപ്പിക്കുന്നതെന്ന്​ എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. ‘കാർത്തികയുടെ ഉദയം’ എന്നറിയപ്പെടുന്ന ഈ കാലയളവ് ജൂൺ ഏഴു മുതൽ ജൂൺ 19 വരെ നീണ്ടുനിൽക്കുമെന്ന്​ കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

Tags:    
News Summary - 'Kartika constellation' arrives; country faces scorching summer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.