റാസല്‍ഖൈമയില്‍ ഊര്‍ജ ഉച്ചകോടി 25ന് വേദി റാക് എക്സ്പോ സെന്‍റര്‍
റാസല്‍ഖൈമ: ഊര്‍ജമേഖലയിലെ നൂതന ആശയങ്ങളും സുസ്ഥിര വികസന സാധ്യതകളും ചര്‍ച്ച ചെയ്യുന്നതിനായി മൂന്നാമത് റാക് എനര്‍ജി സമ്മിറ്റ് ഈ മാസം 25 മുതല്‍ 27 വരെ റാസല്‍ഖൈമ എക്സ്പോ സെന്‍ററില്‍ നടക്കും. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. റാസല്‍ഖൈമ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഇത്തിഹാദ് വാട്ടര്‍ ആൻഡ് ഇലക്ട്രിസിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. 2024ല്‍ നടന്ന രണ്ടാം പതിപ്പില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ നിന്നുള്ള അന്താരാഷ്ട്ര നേതാക്കളടക്കം 1,500ലേറെ പേര്‍ പങ്കെടുത്തിരുന്നു. പ്രാദേശിക ഊര്‍ജ മുന്‍ഗണനകള്‍ ചര്‍ച്ച ചെയ്യുന്നതിനും സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനും വേദിയായ ഉച്ചകോടിയുടെ തുടര്‍ച്ചയായാണ് മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്.
ദേശീയ-പ്രാദേശിക തലങ്ങളിലെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത്തവണത്തെ ഉച്ചകോടിയില്‍ പ്രധാന പരിഗണന നല്‍കുന്നത്. ഊര്‍ജ കാര്യക്ഷമത, പുനരുപയോഗ ഊര്‍ജം, ഭാവിയിലെ വൈദ്യുതി ശൃംഖലകള്‍, നിര്‍മിത ബുദ്ധി, ഡിജിറ്റലൈസേഷന്‍, കാര്‍ബണ്‍ വിപണികള്‍, സുസ്ഥിര ഗതാഗതം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാന്‍ പ്രയാസമുള്ള വ്യവസായ മേഖലകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.
റാസല്‍ഖൈമ എമിറേറ്റില്‍ ഉയര്‍ന്നുവരുന്ന നിക്ഷേപ-വികസന സാധ്യതകളും ഉച്ചകോടിയില്‍ അവതരിപ്പിക്കും. ഊര്‍ജ പരിവര്‍ത്തനത്തിനും സുസ്ഥിര വികസനത്തിനും പുതിയ വഴികള്‍ കണ്ടെത്തുന്നതിനുള്ള പ്രധാന വേദിയായി റാക് എനര്‍ജി സമ്മിറ്റ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ വ്യതിയാന ലഘൂകരണത്തിനുള്ള യു.എ.ഇയുടെ പ്രഖ്യാപിത ലക്ഷ്യത്തിലൂന്നി നടക്കുന്ന ഊര്‍ജ ഉച്ചകോടിയില്‍ അന്താരാഷ്ട്ര ഏജന്‍സികള്‍, തദ്ദശേ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍, അക്കാദമിക് വിദഗ്ധര്‍, സ്വകാര്യ മേഖലയില്‍ നിന്നുള്ളവര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.