ഡെലിവറി ബൈക്കുകളിൽ കാമറ വരുന്നു; സ്‌മാർട്ട് നിരീക്ഷണ സംവിധാനവുമായി ആർ.ടി.എ

ദുബൈ: ദുബൈയിലെ റോഡുകളിൽ ഡെലിവറി ബൈക്കുകൾക്ക്​ ഇനി വളഞ്ഞുപുളഞ്ഞും പറപറന്നുമൊന്നും സഞ്ചരിക്കാനാവില്ല. അമിതവേഗതയും സഞ്ചാരരീതികളുമൊക്കെ തത്സമയം ഒപ്പിയെടുക്കാൻ ബൈക്കുകളിൽ കാമറയടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളെത്തുകയാണ്​. റോഡിലെ സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിനുമായി ഡെലിവറി മോട്ടോർസൈക്കിളുകളിൽ സ്‌മാർട്ട് നിരീക്ഷണ സംവിധാനമൊരുക്കാൻ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) തീരുമാനിച്ചു. അത്യാധുനിക സാങ്കേതികവിദ്യകളും സ്മാർട്ട് ഡാറ്റയും പ്രയോജനപ്പെടുത്തിയാണ്​ ആർ.ടി.എ സംയോജിത സ്മാർട്ട് നിരീക്ഷണ സംവിധാനം നടപ്പാക്കുന്നത്​

നിരീക്ഷണത്തിനായി സ്മാർട്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോം, ഐ.ഒ.ടി സാങ്കേതികവിദ്യയിലുള്ള നിരീക്ഷണ ഉപകരണങ്ങൾ, കാമറകൾ എന്നിവ ഡെലിവറി ബൈക്കുകളിൽ ഘടിപ്പിക്കും. ഈ ഉപകരണങ്ങളെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുകയും ചെയ്യും. 2027 ജൂണിനുള്ളിൽ ബൈക്കുകളിൽ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന നടപടി പൂർത്തിയാക്കണം. ഇതിനായി കമ്പനികൾക്ക് ആവശ്യമായ പിന്തുണയും നിർദേശങ്ങളും ആർ.ടി.എ നൽകും. ഈ കാലയളവിന് ശേഷമാണ്​ പദ്ധതി നിർബന്ധമാക്കുക.

അമിതവേഗത, പെട്ടെന്നുള്ള ആക്‌സിലറേഷൻ, പൊടുന്നനെയുള്ള ബ്രേക്ക് ഇടൽ, സഞ്ചാരരീതികൾ തുടങ്ങിയ വിവരങ്ങൾ ഈ സിസ്റ്റം തത്സമയം ശേഖരിക്കുകയും അപഗ്രഥിക്കുകയും ചെയ്യും. ദുബൈ പൊലീസിന്‍റെയും മറ്റ് അതോറിറ്റികളുടെയും സഹകരണത്തോടെ തയാറാക്കിയ ഈ പ്ലാറ്റ്‌ഫോം വഴി ഡ്രൈവർമാരുടെ സുരക്ഷിതമല്ലാത്ത ഡ്രൈവിങ്​ രീതികൾ കൃത്യമായി തിരിച്ചറിയാനാകും. ആവശ്യമെങ്കിൽ സമയബന്ധിതമായി മാറ്റങ്ങൾ വരുത്താനും ഡെലിവറി കമ്പനികൾക്ക് സാധിക്കും.

ദുബൈയിൽ ഡെലിവറി ബൈക്കുകളുടെ എണ്ണം അതിവേഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷയും ഗവേണൻസും വർധിപ്പിക്കാൻ ഈ ഡിജിറ്റൽ സംവിധാനം ഏറെ സഹായകരമാകും. ദുബൈയെ ലോകത്തിലെ ഏറ്റവും സുരക്ഷിതവും സ്മാർട്ടുമായ നഗരമാക്കി മാറ്റാനുള്ള ആർ.ടി.എയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഡെലിവറി കമ്പനികളുടെ സേവന നിലവാരം ഉയർത്തുന്നതിനും ഫ്ലീറ്റ് മാനേജ്‌മെന്‍റ്​ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പദ്ധതി സഹായിക്കുമെന്ന് ആർ.ടി.എ ലൈസൻസിങ്​ ആക്റ്റിവിറ്റീസ് മോണിറ്ററിങ്​ ഡയറക്ടർ സഈദ് അൽ റംസി വ്യക്തമാക്കി.

Tags:    
News Summary - RTA Introduces Smart Surveillance with Cameras on Delivery Bikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.