യു.എ.ഇ പ്രസിഡന്റ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനൊപ്പം ഷംജ മുജീബ്
‘ഇത് വിദൂര സ്വപ്നങ്ങളിൽ പോലുമില്ലാത്ത മഹാഭാഗ്യം’; യുഎഇ പ്രസിഡന്റിനൊപ്പം പതാക ഉയര്‍ത്തി മലയാളി ഉദ്യോഗസ്ഥ ഷംജ മുജീബ്
അബൂദബി: അബൂദബി ഖസ്ർ അൽ ഹുസ്നിലെ ആ വിശിഷ്ട ചടങ്ങിൽ തൃശൂർ ചാവക്കാട് സ്വദേശിയായ ഷംജ മുജീബ് മുഹമ്മദിന്റെ സാന്നിധ്യം മലയാളക്കരയുടെയും അഭിമാനമായിരുന്നു. യു.എ.ഇ ദേശീയ പതാക ദിനത്തില്‍ രാജ്യത്തിന്റെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പതാക ഉയർത്താനെത്തുമ്പോൾ ഖസ്ർ അൽ ഹുസ്നിലെ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിൽ ഷംജയുമുണ്ടായിരുന്നു.
യു.എ.ഇ രൂപീകൃതമായിട്ട് 55 വർഷം തികയുന്ന വേളയിലെ പതാക ദിനാഘോഷത്തിലേക്ക് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 55 പ്രതിഭകളെയാണ് ക്ഷണിച്ചത്. അബൂദബി പോര്‍ട്സ് ഗ്രൂപ്പിന്റെ ഫുജൈറ ടെര്‍മിനലിലെ ഉദ്യോഗസ്ഥയായ ഷംജയെ യുദ്ധകാലയളവില്‍ നല്കിയ വിലമതിക്കാനാവാത്ത സേവനങ്ങള്‍ വിലയിരുത്തിയാണ് ചടങ്ങിലേക്ക് പരിഗണിച്ചത്.
അഭിമാനവും അതിശയവും അമ്പരപ്പുമെല്ലാം കലർന്ന ആവേശനിമിഷങ്ങളിലാണ് ഷംജ ഇപ്പോഴും. ജീവിതത്തിലെ ഏറ്റവും അനുഗൃഹീത വേളയായി ഈ അംഗീകാരത്തെ കരുതുന്നുവെന്ന് ഷംജ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
‘യു.എ.ഇ ദേശീയ പതാക ദിനത്തിൽ യു.എ.ഇ പ്രസിഡന്റിന്റെയും കൂടെ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു ഇത്. വിദൂര സ്വപ്നങ്ങളിൽപോലും ഇങ്ങനെയൊരു മഹാഭാഗ്യം ഉണ്ടായിരുന്നില്ല. ഒരാഴ്ച മുമ്പ് ഗ്രൂപ് എച്ച്.ആറിൽനിന്നാണ് ചടങ്ങിന് എന്നെ നോമിനേറ്റ് ചെയ്ത വിവരം ലഭിച്ചത്. യു.എ.ഇ പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടിയാണെന്ന് അപ്പോൾ അറിയില്ലായിരുന്നു. തലേന്ന് പ്രസിഡന്‍ഷ്യൽ ഓഫിസിൽനിന്ന് കാൾ വന്നപ്പോഴാണ് വലിയ അതിശയത്തിലും ആഹ്ലാദത്തിലുമായത്.
ഇപ്പോഴും ആ അമ്പരപ്പും ആഹ്ലാദവും എന്നെ വിട്ടുപോയിട്ടില്ല. ഞാനും എന്റെ കൂടെയുണ്ടായിരുന്ന ബാക്കി 54 പേരും ആദരണീയനായ ശൈഖ് മുഹമ്മദിന്റെ കൂടെ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞ് അത്രയേറെ മഹത്തരമായി കരുതുന്നു. അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും അതിശയിപ്പിക്കുന്നതായിരുന്നു. എല്ലാവരോടും തിരക്കൊന്നുമില്ലാതെ സമയമെടുത്ത് സംസാരിച്ചു അദ്ദേഹം.
ഞങ്ങളുടെയൊക്കെ ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഏറെ അനുഗൃഹീതമായ നിമിഷമായിരുന്നു അത്. അതിന് എ.ഡി പോർട്സ് ഗ്രൂപ്പിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇതെന്റെ വ്യക്തിപരമായ നേട്ടമായല്ല കാണുന്നത്. ഇത്ര നല്ലൊരു ടീമിന്റെ കൂട്ടായ ശ്രമങ്ങളുടെ വിജയമാണിത്’ -ഷംജ പറഞ്ഞു.
യു.എ.ഇയിലെ മാധ്യമ പ്രവര്‍ത്തകനായ മുജീബ് അഞ്ഞൂരിന്റെ പത്നിയാണ് ഷംജ. റൂമി രഹന്, റിസില്‍ സായൂജ്, റെയ്സല്‍ റിസ്വി എന്നിവർ മക്കളാണ്.
തൃശൂര്‍ ചാവക്കാട് പരേതനായ കേളച്ചേടത്ത് മുഹമ്മദിന്റെയും സുബൈദയുടെയും മകളാണ് ഷംജ. സഹോദരങ്ങള്‍: ഷമീര്‍ മുഹമ്മദ് (റിട്ട. എയര്‍ഫോഴ്സ്), പ്രഫ. ഷംല മുഹമ്മദ് (കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം മേധാവി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.