എ.ഐ വിപ്ലവത്തിന് കരാറൊപ്പിട്ട് അബൂദബിയും ഓപണ്‍ എ.ഐയും

അബൂദബി: ഭരണനിര്‍വഹണം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ നിര്‍മിത ബുദ്ധി (എ.ഐ) സാങ്കേതികവിദ്യ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ പ്രമുഖ ആഗോള സാങ്കേതികവിദ്യ കമ്പനിയായ ഓപണ്‍ എ.ഐയുമായി സഹകരിക്കാന്‍ അബൂദബി. അബൂദബി കിരീടാവകാശിയും ആക്‌സിലറേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ്​ കമ്മിറ്റി അധ്യക്ഷനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്​യാനും ഓപണ്‍ എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് സാം ആള്‍ട്ട്മാനും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്ക്​ ശേഷമാണ് ഇതുസംബന്ധിച്ച സുപ്രധാന കരാറുകളില്‍ ഇരുവിഭാഗവും ഒപ്പുവെച്ചത്. അബൂദബി അഡിപെക് സമ്മേളനത്തോട് അനുബന്ധിച്ച് എനര്‍ജി-എ.ഐ മേഖലകളിലെ പ്രമുഖ നേതാക്കള്‍ക്കായി ഒരുക്കിയ ‘ഇനാക്ട് മജ്​ലിസി'നു ശേഷമായിരുന്നു കൂടിക്കാഴ്ച.

പൊതു-സ്വകാര്യ മേഖലകളില്‍ എ.ഐ. സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതില്‍ യു.എ.ഇ. ആഗോളതലത്തില്‍ തന്നെ വലിയ മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖനായ സാം ആള്‍ട്ട്മാന്‍ വ്യക്തമാക്കി. സുരക്ഷിതത്വവും ഉത്തരവാദിത്ത നവീകരണവും മുന്‍നിര്‍ത്തിയുള്ള യു.എ.ഇയുടെ ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ എ.ഐ. അധിഷ്ഠിത സര്‍ക്കാരായി മാറാനുള്ള അബൂദബിയുടെ നിര്‍ണായക നാഴികക്കല്ലായാണ് ഓപണ്‍ എ.ഐയുമായുള്ള പങ്കാളിത്തം വിലയിരുത്തപ്പെടുന്നത്. ഇതിന്‍റെ ഭാഗമായി ലോകത്തിലെ ആദ്യത്തെ ‘എ.ഐ. നെറ്റീവ് മെഷീന്‍ റീഡബിള്‍ ഗവണ്‍മെന്‍റ്​’ (എം.ആര്‍.ജി) പദ്ധതിക്ക് തുടക്കമിടും. ഗവണ്‍മെന്‍റ്​ നയങ്ങളും നിബന്ധനകളും സാങ്കേതികവിദ്യക്ക്​ വേഗത്തില്‍ വായിച്ചെടുക്കാന്‍ പാകത്തിലുള്ള ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുന്നതാണ് പദ്ധതി. അനുമതികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നത് ഉള്‍പ്പെടെയുള്ള ദൈനംദിന നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലും കൃത്യതയോടും പൂര്‍ത്തിയാക്കാന്‍ ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും എ.ഐ. സംവിധാനങ്ങള്‍ സഹായിക്കും. എന്നാല്‍, അന്തിമ തീരുമാനങ്ങളും മേല്‍നോട്ടവും പൂര്‍ണമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ തന്നെ നിക്ഷിപ്തമായിരിക്കും. അബൂദബി ഗവണ്‍മെന്റ് എനേബിള്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ (ഡി.ജി.ഇ.) നേതൃത്വത്തില്‍ നടപ്പാക്കുന്ന ആദ്യഘട്ട പൈലറ്റ് പദ്ധതി അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയില്‍ (അഡാഫ്‌സ) ഭക്ഷ്യ ഇറക്കുമതിയുമായി ബന്ധപ്പെട്ട് നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. യു.എ.ഇ കേന്ദ്രീകരിച്ചുള്ള ഇന്‍ഫ്രാസ്ട്രക്ചറില്‍ പ്രവര്‍ത്തിക്കുന്ന ഓപണ്‍ എ.ഐയുടെ ജി.പി.ടി മോഡലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

സാമ്പത്തിക മേഖലയിലും നിക്ഷേപ തീരുമാനങ്ങള്‍ കൂടുതല്‍ കൃത്യതയുള്ളതാക്കാന്‍ ഈ പങ്കാളിത്തം വഴിയൊരുക്കും. അബൂദബിയുടെ പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളായ മുബാദലയും ഇന്‍സെപ്ഷന്‍ 42ഉം ഓപണ്‍ എ.ഐയുമായി കൈകോര്‍ത്ത് പുതിയ നിക്ഷേപ അവസരങ്ങള്‍ കണ്ടെത്താനും റിസ്‌ക് അസസ്‌മെന്റുകള്‍ വേഗത്തിലാക്കാനും അത്യാധുനിക എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കും. കൂടാതെ, അബൂദബിയിലെ ഗവണ്‍മെന്റ്, കോര്‍പറേറ്റ്, വിദ്യാഭ്യാസ മേഖലകളില്‍ ഓപണ്‍ എ.ഐയുടെ 'ഫ്രോണ്ടിയര്‍' പ്ലാറ്റ്ഫോം നടപ്പാക്കാന്‍ ഇന്‍സെപ്ഷന്‍ 42 അഞ്ചുവര്‍ഷത്തെ കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. ഡിജിറ്റല്‍ സ്ട്രാറ്റജി 2025-2027ന്റെ ഭാഗമായി ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ എ.ഐ. അധിഷ്ഠിത ഗവണ്‍മെന്റായി മാറാനാണ് അബൂദബി ലക്ഷ്യമിടുന്നത്. 

Tags:    
News Summary - Abu Dhabi Signs Deal with OpenAI for AI Revolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.