ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം; 124 രാജ്യങ്ങളിൽനിന്നായി 2,673 പ്രസാധകർ, 1,500ലധികം പരിപാടികൾ
ഷാർജ: ലോകത്തിന്റെ വായനാനുഭവങ്ങളിലേക്ക് അതിരില്ലാത്ത വാതായനങ്ങൾ തുറന്നിടുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് (എസ്.ഐ.ബി.എഫ് 2026) ഇന്ന് തുടക്കം. പുസ്തക പ്രപഞ്ചത്തിലെ വായനക്കാരും എഴുത്തുകാരും പ്രസാധകരും ആവേശപൂർവം ഒരുമിക്കുന്ന മേളക്ക് ബുധനാഴ്ച മുതൽ ഈ മാസം 15 വരെ ഷാർജ എക്സ്പോ സെന്ററെന്ന വിശാലഭൂമിക വേദിയാകും. 45-ാമത് പുസ്തക മേളയിൽ 124 രാജ്യങ്ങളിൽ നിന്നായി 2,673 പബ്ലിഷർമാരും എക്സിബിറ്റർമാരും പങ്കെടുക്കും. ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ)യാണ് അഭിമാനകരമായ പുസ്തകോത്സവത്തിന് ചുക്കാൻ പിടിക്കുന്നത്. ‘മേഡ് ഓഫ് സ്റ്റോറീസ്’ (കഥകളാൽ നിർമിതം) എന്ന പ്രമേയത്തിലാണ് ഇത്തവണ ഷാർജ പുസ്തകോത്സവം. 1,500ലധികം വൈവിധ്യമാർന്ന പരിപാടികളാണ് ഇക്കുറി സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.
മലയാളി എഴുത്തുകാരും പ്രസാധകരും ആവേശപൂർവം പങ്കെടുക്കുന്ന 12 ദിവസത്തെ ഇക്കുറി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ മേളയിലെ പ്രമുഖ രാജ്യാന്തര അതിഥികളിലൊരാളായി പങ്കെടുക്കുമെന്ന സവിശേഷതയുണ്ട്. അദ്ദേഹം ഉൾപ്പെടെ 25 രാജ്യങ്ങളിൽ നിന്നുള്ള 106 പ്രമുഖ വ്യക്തിത്വങ്ങൾ അണിനിരക്കും. സി.പി.എം നേതാവ് പി.ജയരാജൻ ഉൾപ്പെടെ ഉള്ളവരുടെ പുസ്തകങ്ങൾ മേളയിൽ പ്രകാശനത്തിനെത്തുന്നുണ്ട്.
യു.എ.ഇയില്‍ നിന്നുള്ള ഡോ. സുല്‍ത്താന്‍ അല്‍ അമീരി, അലി അബു അല്‍ റീശ്, ഡോ. ഹബീബ് ഗലൂം, അമേരിക്കന്‍ എഴുത്തുകാരി ഡെയ്സി റോക്ക്വെല്‍, ഈജിപ്ഷ്യന്‍ നടന് ഖാലിദ് അല്‍ സാവി, ചൈനീസ് എഴുത്തുകാരന് ലിയു ഷെന്‍യുന്‍, നൈജീരിയന്‍ എഴുത്തുകാരി നേദി ഒകോറഫോര്‍ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ മേളയില്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാഹിത്യ പ്രതിഭകൾക്കൊപ്പം കേരളത്തിൽനിന്നുള്ള പ്രമുഖരും ഇത്തവണ പുസ്തകോത്സവത്തിൽ പങ്കാളികളാകും.
ഒമാനാണ് ഇത്തവണത്തെ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ അതിഥി രാജ്യം. ഒമാന്റെ സാഹിത്യം, പൈതൃകം, സംസ്കാരം എന്നിവ വിളിച്ചോതുന്ന 15 സാംസ്കാരിക സെഷനുകളും 20 കലാപരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. പ്രശസ്ത എഴുത്തുകാർ, ചിന്തകർ, സിനിമാ-സാംസ്കാരിക പ്രവർത്തകർ എന്നിവരും വിജ്ഞാനപ്രദമായ ചർച്ചകൾക്ക് നേതൃത്വം നൽകും. കുട്ടികൾക്കായി പ്രത്യേക പഠന വിനോദ മേഖലയായ ‘ഫ്യൂച്ചർ ഹാൻഡ്സ് ഡിസ്ട്രിക്റ്റ്’, സന്ദർശകരുടെ അനുഭവങ്ങളെ കവിതകളാക്കി മാറ്റുന്ന ‘പോയറ്റ്സ് കോർണർ’ എന്നിവ ഇത്തവണത്തെ പ്രധാന ആകർഷണങ്ങളാണ്.
മേളയിലെത്താൻ നാലുവഴികൾ
ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിന് എത്തുന്ന സന്ദർശകർക്കായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) നാല് പ്രധാന യാത്രാ വഴികൾ സജ്ജമാക്കി. ഷാർജ എക്സ്പോ സെന്ററിലേക്ക് സുഗമമായി എത്തിച്ചേരുന്നതിന് വേണ്ടിയാണ് പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന് എസ്.ആർ.ടി.എ പ്രൊജക്ട് മാനേജർ ഹസൻ അലി അൽ അലി അറിയിച്ചു.
ഷാർജയിൽ നിന്ന് എത്തുന്നവർക്ക് അൽ തആവുൻ സ്ട്രീറ്റ് വഴിയോ അൽ കോർണിഷ് സ്ട്രീറ്റ് വഴിയോ എക്സ്പോ സെന്ററിലേക്ക് പ്രവേശിക്കാം. അതേസമയം, ദുബൈയിൽനിന്ന് എത്തുന്നവർക്ക് അൽ നഹ്ദ ഇന്റർചേഞ്ച് വഴി അൽ തആവുൻ സ്ട്രീറ്റിൽ പ്രവേശിച്ച് അൽ തആവുൻ ടണൽ ഇന്റർചേഞ്ച് വഴി മേള നഗരിയിലെത്താം. കൂടാതെ, അൽ ഇത്തിഹാദ് സ്ട്രീറ്റ് വഴി വരുന്നവർക്കും അൽ തആവുൻ ടണൽ ഇന്റർചേഞ്ച് വഴിയുള്ള റോഡ് ഉപയോഗിക്കാവുന്നതാണ്. പുസ്തകോത്സവത്തിനെത്തുന്നവരുടെ സൗകര്യം മുൻനിർത്തി എക്സ്പോ സെന്ററിന് ചുറ്റുമായി കൂടുതൽ പാർക്കിങ് സൗകര്യങ്ങളും അതോറിറ്റി ഒരുക്കിയിട്ടുണ്ട്.
സൗജന്യ ബോട്ട് സർവീസും ബസ് സൗകര്യങ്ങളും
ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിന് എത്തുന്ന സന്ദർശകർക്കായി ദുബൈ, അജ്മാൻ എന്നിവിടങ്ങളിൽനിന്ന് പ്രതിദിന ബസ് സർവീസുകളും ഷാർജയിൽ നിന്ന് സൗജന്യ ബോട്ട് സർവീസുകളും പ്രഖ്യാപിച്ച് ഷാർജ ബുക്ക് അതോറിറ്റി. കൂടാതെ ഷാർജ എക്സ്പോ സെന്ററിലേക്ക് എത്തുന്നവർക്കായി സൗജന്യ പാർക്കിങ്ങും ഷട്ടിൽ ബസ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. .
ദുബൈയിലെ ഇത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ നിന്നും അജ്മാൻ സിറ്റി സെന്ററിൽ നിന്നും ദിവസവും രാവിലെ 9:00, ഉച്ചയ്ക്ക് 1:00, വൈകുന്നേരം 5:00 എന്നീ സമയങ്ങളിൽ പുസ്തകോത്സവ നഗരിയിലേക്ക് ബസുകൾ പുറപ്പെടും. തിരികെ എക്സ്പോ സെന്ററിൽ നിന്ന് ഉച്ചയ്ക്ക് 12:00, വൈകുന്നേരം 4:00, രാത്രി 9:00 എന്നീ സമയങ്ങളിൽ ഇവിടങ്ങളിലേക്ക് മടങ്ങുന്ന ബസുകളും ഉണ്ടാകും. കൂടാതെ ഷാർജ അക്വേറിയം സ്റ്റേഷൻ, അൽ ഖസ്ബ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് എക്സ്പോ സെന്ററിലേക്ക് ദിവസവും സൗജന്യ ബോട്ട് സർവീസും ലഭ്യമാണ്. സ്വന്തം വാഹനങ്ങളിൽ എത്തുന്നവർക്കായി എക്സ്പോ സെന്ററിന് സമീപമുള്ള റോഡിലും ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഭാഗത്തും അധിക പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ പാർക്ക് ചെയ്യുന്നവരെ മേള നഗരിയിലെത്തിക്കാൻ സൗജന്യ ഷട്ടിൽ ബസുകളുമുണ്ടാകും. എക്സ്പോ സെന്ററിലെ നിലവിലുള്ള പാർക്കിങ്ങും മൾട്ടി സ്റ്റോറി പാർക്കിങ്ങും ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.