കർണാടക നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി ദുബൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പ്രതിനിധികൾ സംസാരിക്കുന്നു
ദുബൈ: ഫെബ്രുവരി രണ്ടാം വാരം ബംഗളൂരുവിൽ നടക്കുന്ന നിക്ഷേപ ഉച്ചകോടിയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനായി യു.എ.ഇയിൽ നടത്തിയ എൻ.ആർ.ഐ ഇൻവെസ്റ്റ് സമ്മിറ്റ് ആൻഡ് ബയേഴ്സ് മീറ്റിന് മികച്ച പ്രതികരണം ലഭിച്ചതായി കർണാടക മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി നസീർ അഹമ്മദ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ദുബൈ ഉൾപ്പെടെ വിവിധ എമിറേറ്റുകളിലെ വ്യവസായ പ്രമുഖരുമായി നടത്തിയ ചർച്ചകൾ പ്രതീക്ഷ നൽകുന്നതായിരുന്നു.
എൻ.ആർ.ഐകളിൽ നിന്ന് ആഗോള നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ട് ആദ്യമായാണ് കർണാടക സർക്കാർ നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കുന്നത്. നിക്ഷേപ ഉച്ചകോടിയിൽ യു.എ.ഇയിൽ നിന്ന് മികച്ച പങ്കാളിത്തം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. സാങ്കേതിക വിദ്യ, ബയോടെക്, എയർ സ്പേസ്, ഉൽപാദനം, ഐ.ടി തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിക്ഷേപകരെ സ്വാഗതം ചെയ്യുന്നു. പ്രവാസികളായ നിക്ഷേപകർക്ക് കർണാടകയിൽ അഞ്ചു കോടിയുടെ നിക്ഷേപ അവസരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതോടൊപ്പം 500 കോടിക്ക് മുകളിൽ നിക്ഷേപിക്കുന്നവർക്ക് നടപടികൾ ലഘൂകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള പ്രത്യേക സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വികസനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക.
ബംഗളൂരു നഗരത്തിന്റെ വികസനം കണക്കിലെടുത്ത് രണ്ടാമത്തെ വിമാനത്താവളം പണിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കൂടാതെ രണ്ട് പുതിയ തുറമുഖങ്ങളും സാറ്റലൈറ്റ് നഗരങ്ങൾക്കുമായുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും നസീർ അഹമ്മദ് വ്യക്തമാക്കി. കർണാടക സർക്കാറിന്റെ ധനകാര്യ സെക്രട്ടറി ഡോ. പി.സി ജാഫർ ഐ.എ.എസ്, വാണിജ്യ വ്യവസായ ഡിപ്പാർട്ട്മെന്റ് സെക്രട്ടറി രമൺദീപ് ചൗധരി ഐ.എ.എസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.