ദുബൈ: ഇത്തിഹാദ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഷോറിൻകായ് കപ്പ് ഇന്റർനാഷനൽ കരാട്ടേ ചാമ്പ്യൻഷിപ്പിൽ കരാട്ടേ കിഡ് മാർഷ്യൽ ആർട്സ് ടീം ഓവറോൾ കിരീടം സ്വന്തമാക്കി. ഇന്ത്യ, യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കരാട്ടേ ക്ലബുകളിൽനിന്നുള്ള 500ൽ അധികം മത്സരാർഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേക വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. നാലു വയസ്സുമുതൽ 70 വയസ്സുവരെയുള്ള മത്സരാർഥികളാണ് പങ്കെടുത്തത്.
അഞ്ചു വേദികളിലായി രാവിലെ ഒമ്പതിന് ആരംഭിച്ച മത്സരങ്ങൾ വൈകീട്ട് ഏഴോടെ സമാപിച്ചു. ലോക കരാട്ടേ ഫെഡറേഷന്റെ അംഗീകൃത റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. ഷോറിൻകായ് ജപ്പാൻ വൈസ് പ്രസിഡന്റ് ഹാൻസി അക്കൈക്കേ ഉദ്ഘാടനം നിർവഹിച്ചു. ഹാൻസി മാർക്ക് ഗ്രേവില്ലേ (ആസ്ട്രേലിയ), പൗലത്തേ റോസിയോ (ചിലി), ക്യാപ്റ്റൻ ഹസ്സൻ റാഷിദ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. മുഹമ്മദ് ഫായിസ്, സി.വി. ഉസ്മാൻ, കോഷി സുനിൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. അന്താരാഷ്ട്രതലത്തിൽ നടന്ന ഷോറിൻകായ് കപ്പിൽ 50ൽ അധികം യുവപ്രതിഭകളാണ് കരാട്ടേ കിഡിനെ പ്രതിനിധാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.