അബൂദബി: രാജ്യാന്തര വോളിബാള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് ജൂണ്‍ 25 മുതല്‍ 29 വരെ അബൂദബിയില്‍ നടക്കും. അബൂദബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖത്തില്‍ സംഘടിപ്പിച്ചുവരുന്ന ജിമ്മി ജോര്‍ജ് സ്മാരക വോളിബാള്‍ ടൂര്‍ണമെന്റ് 25ാമത് എഡിഷനാണ് രാത്രി എട്ട് മണി മുതല്‍ അബൂദബി സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുക.
കേരള സോഷ്യല്‍ സെന്റര്‍, ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍, അബൂദബി സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവ സംയുക്തമായി നടത്തുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ഇന്റര്‍നാഷനല്‍ വോളിബാള്‍ ടൂര്‍ണമെന്റിന്റെ സില്‍വര്‍ ജൂബിലി എഡിഷനാണ് ഇത്. വിദേശ താരങ്ങള്‍ അടക്കം ആറ് പ്രശസ്ത ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കും. യു.എ.ഇ, ജി.സി.സി, ഇന്ത്യ, ഈജിപ്ത്, ലബനാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ കളിക്കാരും പങ്കാളികളാവും. എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍, ഓണ്‍ലി ഫ്രഷ്, വേദ ആയുര്‍വേദിക്, യു.എ.ഇ നാഷനല്‍ ടീം, റഹ്മത്ത് ഗ്രൂപ് ഓഫ് ആയുര്‍ കെയര്‍, ഓള് സ്റ്റാര്‍ യു.എ.ഇ എന്നീ ടീമുകളാണ് മത്സരിക്കുന്നത്.
വിജയികള്‍ക്ക് ഒന്നാം സമ്മാനമായി എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍ നല്കുന്ന എവര്‍ റോളിങ് ട്രോഫിയോടൊപ്പം 50,000 ദിര്‍ഹം സമ്മാനവും രണ്ടാം സ്ഥാനക്കാര്‍ക്ക് അയ്യൂബ് മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫിയോടൊപ്പം 30,000 ദിര്‍ഹവും, മികച്ച കളിക്കാരന്, മികച്ച ഒഫെന്ഡര്, മികച്ച ബ്ലോക്കര്‍, മികച്ച സ്റ്റെര്‍, മികച്ച ലിബ്റോ, മികച്ച ഭാവി താരം തുടങ്ങിയുള്ള വ്യക്തിഗത ചാമ്പ്യന്മാര്ക്കുള്ള സമ്മാനങ്ങള്‍ ഉള്‍പ്പെടെ മൊത്തം ഒരു ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ടൂര്‍ണമെന്റ് ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ ആണ് നടക്കുന്നത്. സെമി ഫൈനല്‍ അടക്കം രണ്ട് മത്സരങ്ങള്‍ ആണ് ഓരോ ദിവസവും നടക്കുക. ബെസ്റ്റ് ഓഫ് ഫൈവ് അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.