റാസൽഖൈമ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ
റാസൽഖൈമ: റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും സാമ്പത്തിക-വ്യാപാര മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച.
സഖർ ബിൻ മുഹമ്മദ് സിറ്റിയിലെ കൊട്ടാരത്തിൽ നടന്ന ഈ ചടങ്ങിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണവും പുരോഗതിയും ചർച്ചയായി. ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങൾ മുൻനിർത്തി പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അബ്ദുല്ല സൈഫ് അൽ നുഐമി, ഇന്ത്യയുടെ യു.എ.ഇ അംബാസഡർ ഡോ. ദീപക് മിത്തൽ എന്നിവരുൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. റാസൽഖൈമയും ഇന്ത്യയും തമ്മിൽ പരമ്പരാഗതമായുള്ള ദൃഢബന്ധത്തെ പ്രശംസിച്ച ഡോ. ജയശങ്കർ, ഊഷ്മള സ്വീകരണത്തിന് ഭരണാധികാരിക്ക് നന്ദി അറിയിച്ചു. യു.എ.ഇയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.