സംഗീതമേളയുമായി കിങ് ഖാൻ അബൂദബിയില്
അബൂദബി: ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാന് പ്രഖ്യാപിച്ച പുതിയ സംഗീതമേളയായ ‘യൂനിഫൈഡ്' അബൂദബിയില് അരങ്ങേറുന്നു. ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ ഗായകര് അണിനിരക്കുന്ന ഒരു ദിവസത്തെ സംഗീതമേള 2027 മാര്ച്ച് 20നാണ് യാസ് ഐലന്ഡിലെ ഇത്തിഹാദ് ലൈവില് നടക്കുന്നത്. വിവിധ വിഭാഗങ്ങളിലായി ഇന്ത്യയുടെ സംഗീത വൈവിധ്യം യു.എ.ഇയിലെയും വിദേശങ്ങളിലെയും സംഗീതാസ്വാദകര്ക്ക് മുന്നിലെത്തിക്കുന്ന മേളയില് അരിജിത് സിങ്, കരണ് ഔജ്ല, സോനു നിഗം എന്നിവരുള്പ്പെടെ പതിനഞ്ചിലധികം കലാകാരന്മാര് പങ്കെടുക്കും.
വെള്ളിത്തിരയില് കഥകള് പറഞ്ഞ് ജനങ്ങളെ ഒന്നിപ്പിച്ചതുപോലെ സംഗീതത്തിനും അതിശയിപ്പിക്കുന്ന ശക്തിയുണ്ടെന്ന് ഫെസ്റ്റിവലിനെക്കുറിച്ച് സംസാരിക്കവെ ഷാരൂഖ് ഖാന് പറഞ്ഞു. ഡൈവോള് ലൈവും ഡിസ്ട്രിക്റ്റും ചേര്ന്ന് നിര്മിക്കുന്ന യൂനിഫൈഡ്, ഇന്ത്യയിലെ ഏറ്റവും മികച്ച കലാകാരന്മാരെ ആദ്യമായി ഒരു വേദിയില് അണിനിരത്തുമെന്നും അവിസ്മരണീയ അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള് സ്വന്തമാക്കിയ പ്രശസ്ത ഗായകന് അരിജിത് സിങ് മേളയിലെ പ്രധാന ആകര്ഷണങ്ങളില് ഒരാളാണ്. ‘തും ഹി ഹോ’, ‘ചന്ന മേരേയാ’, ‘ചലേയ’, ‘അപ്ന ബനാ ലേ’, ‘സജ്നി’ തുടങ്ങിയ വമ്പന് ഹിറ്റുകളിലൂടെ സംഗീതാസ്വാദകരുടെ മനംകവര്ന്ന അദ്ദേഹത്തിന്റെ സാന്നിധ്യം മേളക്ക് മാറ്റുകൂട്ടും. ഒപ്പം, ‘തൗബ തൗബ’, ‘സോഫ്റ്റ്ലി’, ‘വിന്നിങ് സ്പീച്ച്’, ‘അഡ്മിരിന് യൂ’ തുടങ്ങിയ ജനപ്രിയ ഗാനങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത പ്രശസ്ത പഞ്ചാബി ഗായകനും റാപ്പറായുമായ കരണ് ഔജ്ലയും വേദിയിലെത്തും.
ബോളിവുഡിലെ എക്കാലത്തെയും മികച്ച ഗായകരില് ഒരാളായ സോനു നിഗവും സംഗീതമേളയില് പങ്കെടുക്കാനായി അബൂദബിയിലെത്തുന്നു എന്നത് ആരാധകര്ക്ക് ആവേശം പകരും. ‘കല് ഹോ നാ ഹോ’, ‘അഭി മുജ് മേ കഹീ’, ‘മൈ അഗര് കഹൂന്’ തുടങ്ങിയ അനശ്വര ഗാനങ്ങളിലൂടെ പതിറ്റാണ്ടുകളായി സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഗായകനാണ് സോനു നിഗം. ഡിസൈന്, ടൂറിസം, എന്റര്ടൈന്മെന്റ് മേഖലകളില് അബൂദബിയില് പ്രവര്ത്തിക്കുന്നവരുമായി ചേര്ന്ന് ഒരുക്കുന്ന പരിപാടിക്ക് അബൂദബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പും (ഡി.സി.ടി - അബൂദബി) മിറാലും പിന്തുണയേകുന്നുണ്ട്. എമിറേറ്റ്സ് എന്.ബി.ഡിയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവല് സംഘടിപ്പിക്കുന്നത്. അബൂദബിയിലാണ് പ്രഥമ പതിപ്പ് അരങ്ങേറുന്നതെങ്കിലും ഭാവിയില് മറ്റ് നഗരങ്ങളിലേക്കും അന്താരാഷ്ട്ര തലത്തിലേക്കും മേള വ്യാപിപ്പിക്കാന് സംഘാടകര് പദ്ധതിയിട്ടിട്ടുണ്ട്.
‘യൂനിഫൈഡ്’ സംഗീതമേളക്കുള്ള ടിക്കറ്റുകള് ഡിസ്ട്രിക്റ്റ് ആപ്പ് വഴി മാത്രമായിരിക്കും ലഭ്യമാവുക. ഒക്ടോബര് 19ന് യു.എ.ഇ സമയം രാവിലെ 9:30 മുതല് ഒക്ടോബര് 20ന് രാവിലെ 9:30 വരെ എമിറേറ്റ്സ് എന്.ബി.ഡി കാര്ഡ് ഉടമകള്ക്ക് ഇതിനായി മുന്കൂര് ബുക്കിങ് നടത്താന് അവസരമുണ്ടാകും. തുടര്ന്ന് ഒക്ടോബര് 20ന് യു.എ.ഇ സമയം രാവിലെ 10:30 മുതല് പൊതുജനങ്ങള്ക്കായി ടിക്കറ്റ് വിൽപന ആരംഭിക്കും. മേളയുടെ കൂടുതല് വിവരങ്ങളും മറ്റ് കലാകാരന്മാരുടെ പട്ടികയും വരും ദിവസങ്ങളില് ഔദ്യോഗികമായി പുറത്തുവിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.