ചികിത്സപ്പിഴവ്; ഡോക്ടറും ആശുപത്രിയും ചേർന്ന് 3,50,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
ദുബൈ: ശ്വാസതടസ്സം നേരിട്ട നവജാതശിശുവിന് കൃത്യമായ പരിശോധനകളും ചികിത്സയും നൽകുന്നതിൽ വീഴ്ച വരുത്തിയ ശിശുരോഗ വിദഗ്ദ്ധനും ആശുപത്രിയും ചേർന്ന് കുഞ്ഞിന്റെ പിതാവിന് 350,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് സിവിൽ കോടതി ഉത്തരവിട്ടു. 34 ആഴ്ചയിൽ സിസേറിയനിലൂടെ ജനിച്ച കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയെ സമീപിച്ചിരുന്നു.
തുടർന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ചെങ്കിലും കുഞ്ഞിന് ശ്വാസതടസ്സവും ചുമയും മാറാത്തതിനെ തുടർന്ന് മാതാപിതാക്കൾ പലതവണ ഡോക്ടറെ സമീപിച്ചു. എന്നാൽ, കുഞ്ഞിന്റെ നില സാധാരണ നിലയിലാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ശിശുരോഗ വിദഗ്ദ്ധൻ അറിയിച്ചത്.
തുടർന്ന് നില ഗുരുതരമാകുകയും കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെയെത്തുമ്പോൾ കുട്ടിക്ക് കടുത്ത ഓക്സിജൻ കുറവും ശ്വാസതടസ്സവും ഉണ്ടായിരുന്നു. അത്യാഹിത വിഭാഗത്തിൽ നടത്തിയ തീവ്ര ശ്രമത്തെ തുടർന്നാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായതെന്നും പിതാവ് കോടതിയിൽ വ്യക്തമാക്കി.
തുടർന്ന് കുഞ്ഞിന്റെ പിതാവ് ദുബൈ ഹെൽത്ത് അതോറിറ്റിയുടെ മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയിൽ പരാതി നൽകുകയും, ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതായി കമ്മിറ്റി കണ്ടെത്തുകയും ചെയ്തു. സ്ഥിരമായ വൈകല്യങ്ങൾ കണ്ടെത്തിയിട്ടില്ലാത്തതിനാൽ പിഴവ് ഗുരുതരമല്ല എന്ന് സുപ്രീം കമ്മിറ്റി വിലയിരുത്തിയെങ്കിലും, ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.