കുട്ടികളിലെ അമിത സ്‌ക്രീന്‍ ഉപയോഗം; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

അബൂദബി: കുട്ടികളിലെ അമിത സ്‌ക്രീന്‍ ഉപയോഗം മൂലം ഉറക്കമില്ലായ്മ, ഏകാഗ്രതക്കുറവ് തുടങ്ങി വിവിധ ആരോഗ്യ-സ്വഭാവ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുന്നതായി യു.എ.ഇയിലെ ആരോഗ്യ, വിദ്യാഭ്യാസ വിദഗ്ധരുടെ മുന്നറിയിപ്പ്. സ്‌കൂളുകളില്‍ ഫോണ്‍ ഉപയോഗത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ മാത്രം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഡോക്ടര്‍മാര്‍, കുട്ടികളുടെ ഡിജിറ്റല്‍ ശീലങ്ങളില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെടുന്നു.

ഉറക്കത്തെയും ശീലങ്ങളെയും ബാധിക്കുന്നു

രാത്രി വൈകിയുള്ള സ്‌ക്രീന്‍ ഉപയോഗം കാരണം ഉറക്കത്തിന്‍റെ സ്വാഭാവിക ക്രമം തെറ്റുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് അല്‍ ജദ്ദാഫ് ആസ്റ്റര്‍ ക്ലിനിക്കിലെ പീഡിയാട്രിക് സ്‌പെഷ്യലിസ്റ്റ് ഡോ. സുധാ റാവു വ്യക്തമാക്കി. ഇത് കടുത്ത ക്ഷീണം, കാഴ്ചപ്രശ്‌നങ്ങള്‍ (മയോപ്പിയ), സ്‌ക്രീന്‍ മാറ്റുമ്പോള്‍ പ്രകടിപ്പിക്കുന്ന വാശി (ഡിജിറ്റല്‍ ടാണ്‍ട്രംസ്) തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

വിനോദത്തിനായുള്ള സ്‌ക്രീന്‍ ഉപയോഗം പ്രതിദിനം രണ്ട് മണിക്കൂറില്‍ താഴെയാക്കി പരിമിതപ്പെടുത്തിയ കുട്ടികള്‍, നാല് മണിക്കൂറിലധികം സ്‌ക്രീന്‍ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ശ്രദ്ധ, ഓര്‍മശക്തി എന്നിവ അളക്കുന്ന പരിശോധനകളില്‍ 20 മുതല്‍ 25 ശതമാനം വരെ ഉയര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നതായി ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരത്തോടെ നടന്ന പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ദിവസവും നാല് മണിക്കൂറിലധികം സ്‌ക്രീന്‍ ഉപയോഗിക്കുന്ന 6-12 പ്രായപരിധിയിലുള്ള 66.7 ശതമാനം കുട്ടികളും ഉറങ്ങാന്‍ പ്രയാസം നേരിടുമ്പോള്‍, ഒരു മണിക്കൂറില്‍ താഴെ മാത്രം സ്‌ക്രീന്‍ ഉപയോഗിക്കുന്നവരില്‍ ഇത് 9.5 ശതമാനം മാത്രമാണ്. കാഴ്ചവൈകല്യമുള്ള വിദ്യാര്‍ഥികളില്‍ 33.7 ശതമാനവും മോശം ഉറക്കരീതി പുലര്‍ത്തുന്നവരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പഠനത്തിനും വിനോദത്തിനും സാങ്കേതികവിദ്യ ആവശ്യമാണെങ്കിലും, അത് കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് ആവശ്യമായ മറ്റു പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നുണ്ടോ എന്ന് തിരിച്ചറിയുകയാണ് പ്രധാനം. സ്‌ക്രീന്‍ ഉപയോഗം കുട്ടികളുടെ ഉറക്കം കെടുത്തുന്നത് പഠനത്തെയും ഏകാഗ്രതയെയും പ്രതികൂലമായി ബാധിക്കുന്നു..

വേണം, അതിര്‍വരമ്പുകള്‍

കുട്ടികളുടെ കിടപ്പുമുറികളില്‍നിന്ന് മൊബൈല്‍ ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും ഒഴിവാക്കുകയാണ് പ്രധാന പോംവഴി. ഉറങ്ങുന്നതിന് ഒന്ന് അല്ലെങ്കില്‍ രണ്ട് മണിക്കൂര്‍ മുമ്പ് ഉപകരണങ്ങള്‍ പൊതുവായ സ്ഥലങ്ങളില്‍ ചാര്‍ജ് ചെയ്യാന്‍ വെക്കുക, ഭക്ഷണസമയത്ത് സ്‌ക്രീന്‍ പൂര്‍ണമായും ഒഴിവാക്കുക എന്നിവ ശീലമാക്കാം. സ്‌ക്രീന്‍ മാറ്റുമ്പോള്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സമയപരിധി മുന്‍കൂട്ടി അറിയിക്കുക, ടൈമറുകള്‍ ഉപയോഗിക്കുക, സ്‌ക്രീന്‍ സമയത്തിന് ശേഷം പുറത്തുപോയി കളിക്കുന്നതിന് അവസരമൊരുക്കുക തുടങ്ങിയ കാര്യങ്ങള്‍ പരിശീലിക്കാം.

Tags:    
News Summary - Excessive Screen Time: Experts Warn Children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.