ഖറാനിലെ ബേജാർ രാവ്
യു.എ.ഇയുടെ ഒരറ്റത്ത് കിടക്കുന്ന റാസൽഖൈമയിലെ ഖറാൻ എന്ന സ്ഥലത്തെ ഒരു ഗ്രോസറിയുടെ ജോലിയില്ലാത്ത വിസയിൽ എത്തിപ്പെട്ട കാലം. ഒരു ജോലിയും ഒപ്പം ഒരു ഡ്രൈവിങ് ലൈസൻസും എന്ന ആഗ്രഹം പൂവണിയിക്കാൻ തൊഴിലന്വേഷിച്ച് അലഞ്ഞിരുന്ന നാളുകൾ. എന്ത് ജോലി കിട്ടിയാലും ചെയ്യാൻ തയാറായിരുന്നു അന്ന്. ശമ്പളം കുറവാണെങ്കിലും ഭക്ഷണവും താമസവും സൗജന്യമായി ലഭിക്കുമെന്നതിനാൽ ഭൂരിഭാഗം പ്രവാസികളും ഹോട്ടൽ ഫീൽഡ് തിരഞ്ഞെടുക്കുന്ന കാലം കൂടിയായിരുന്നു അത്. എനിക്കും ആദ്യം ലഭിച്ചത് ഒരു ഹോട്ടൽ ജോലിയായിരുന്നു. എന്നാൽ, വളരെ കുറഞ്ഞ മാസങ്ങൾ മാത്രമേ അവിടെ ജോലി ചെയ്യാൻ സാധിച്ചുള്ളൂ. പഴയ സ്റ്റാഫ് തിരിച്ചെത്തിയതോടെ ആ ജോലിയും അവിടത്തെ താമസസൗകര്യവും നഷ്ടപ്പെട്ടു. വീണ്ടും തൊഴിൽ തേടിയുള്ള അലച്ചിൽ. ജോലി നഷ്ടപ്പെട്ടതിനു ശേഷം, ‘മലബാർ വില്ല’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു കെട്ടിടത്തിലായിരുന്നു താമസം. താമസം വില്ലയിലായിരുന്നെങ്കിലും ഭക്ഷണം കഴിച്ചിരുന്നത് ഹോട്ടലിൽ നിന്നായിരുന്നു.
ആ പഴയ മലബാർ വില്ല ഇന്നില്ല. കാലം വരുത്തിയ മാറ്റത്തിന്റെ കുത്തൊഴുക്കിൽ ആ വില്ലക്കൊപ്പം അവിടുണ്ടായിരുന്ന ചെമ്പരത്തിത്തൈകളും മൈലാഞ്ചിച്ചെടികളും പുലർകാലങ്ങളിൽ വന്ന് സല്ലപിച്ചിരുന്ന കുഞ്ഞൻ പക്ഷികളും ഞങ്ങളുമായി ഇടപഴകി ഒരു വീട്ടിലെ അംഗങ്ങളെപ്പോലെ കഴിഞ്ഞിരുന്ന പൂച്ച കുടുംബവും... എല്ലാം പോയ്മറഞ്ഞു. ഇന്നവിടെ പെയിന്റ് അടിച്ച കട്ടകൾ വിരിച്ച മുറ്റവും, പഴയതിന്റെ സ്ഥാനത്ത് പുതുതായി ഉയർന്നു വന്ന കൂറ്റൻ സൗധവും മാത്രം.
കഥയിലേക്ക് വരാം....
അന്നൊരു രാത്രി, ഹോട്ടലിൽനിന്ന് അത്താഴവും കഴിച്ച് കുറച്ചുനേരം ടി.വിയിൽ വാർത്തകളും കണ്ടിറങ്ങുമ്പോൾ സമയം രാത്രി 12 മണി കഴിഞ്ഞിരുന്നു. ഹോട്ടലിൽ നിന്നിറങ്ങിയ ഞാൻ കണ്ടത് എതിർവശത്തെ റോഡിൽ- അതായത് എനിക്ക് പോകേണ്ട ദിശയിൽ-ഒരു പൊലീസ് വാഹനവും എമിഗ്രേഷന്റെ ഒരു ജീപ്പും ആ പരിസരം നിരീക്ഷിക്കുന്ന പൊലീസുകാരെയുമാണ്. ലേബർ ചെക്കിങ് ശക്തമായിരുന്ന സമയമായിരുന്നു അത്.
എന്റെ ഉള്ളൊന്ന് പിടഞ്ഞു! ഒരു നിമിഷം ഞാൻ ചിന്തിച്ചു: ‘തിരിച്ച് ഹോട്ടലിലേക്ക് തന്നെ പോയാലോ?’ ‘വേണ്ട’, മനസ്സ് മന്ത്രിച്ചു. ‘അത് കൂടുതൽ അപകടം വരുത്തും, അവർ ഇങ്ങോട്ട് തന്നെ നോക്കുന്നുണ്ട്’. ഭയം മനസ്സിനെ പിടികൂടാൻ തുടങ്ങി. പിടിക്കപ്പെടും! പിടിക്കപ്പെട്ടാൽ ചോദ്യങ്ങൾ പലതുമുണ്ടാകും. പാതിരാത്രിക്ക് ഈ സമയത്ത് എവിടേക്ക്? ഖറാനിലെ വിസക്കാരൻ നഖീലിൽ എന്തിനു വന്നു, ആരെ കാണാൻ...? ചോദ്യങ്ങൾ നീണ്ടുപോകാം. മനസ്സ് പതറിയ എനിക്ക് അവരുടെ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാവുകയുമില്ല. തീർച്ചയായും പിടിക്കപ്പെട്ടതു തന്നെ...ഞാൻ ഉറപ്പിച്ചു.
തിരിഞ്ഞു നോക്കിയില്ല, മുന്നോട്ടുതന്നെ നടന്നു. അവർ നിൽക്കുന്നതിന്റെ അപ്പുറമുള്ള ഇടവഴി എനിക്കറിയാമായിരുന്നു. ഉള്ളിലെ ഭയം പുറത്തുകാണിക്കാതെ ആ ഇടവഴി ലക്ഷ്യമാക്കി നടന്നു. ആ ഇടവഴി ചെന്നവസാനിക്കുന്നത് അവർ നിൽക്കുന്ന വഴിയുടെ വെറും അമ്പത് മീറ്റർ അകലത്തിൽ മാത്രമാണ്. ഇന്നത്തെപ്പോലെ ഇടവഴികളിൽ അന്ന് വെളിച്ചമൊന്നുമുണ്ടായിരുന്നില്ല. അങ്ങിങ്ങ് ചില സ്ഥലങ്ങളിൽ മങ്ങിയ കുറഞ്ഞ ലൈറ്റുകൾ മാത്രം. ബാക്കി സ്ഥലങ്ങളിലെല്ലാം കറുത്ത ഇരുട്ട്. എന്റെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായ പ്രവർത്തനങ്ങളൊന്നും ഉണ്ടായിരുന്നില്ല, കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടുമില്ല. എന്നാലും ഭയം കലർന്ന ചിന്തകൾ എന്നെ പിടികൂടിക്കഴിഞ്ഞിരുന്നു.ലേബർ അഥവാ എമിഗ്രേഷൻ പിടിച്ചാൽ... ആദ്യം ജയിൽ, പിന്നെ വിസ ക്യാൻസൽ ചെയ്ത് നാട്ടിലേക്ക് കയറ്റി അയക്കൽ. എല്ലാം ഒരുമിച്ച് നടക്കും. ആലോചിക്കാൻ പോലും വയ്യ. പിടിക്കപ്പെടാതിരിക്കാൻ ഒരുപാട് നേർച്ചകൾ നേർന്നു. വഴിയുടെ നീളം കുറയുന്നതിനൊപ്പം എന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. വഴിയുടെ അവസാനത്തിലെത്തി മനമുരുകി പ്രാർഥിച്ചു: ‘അവരവിടെ ഉണ്ടാവരുതേ.’
അവർ നിൽക്കുന്ന ഭാഗത്തേക്കൊന്ന് നോക്കാൻ പോലും ധൈര്യം അനുവദിച്ചില്ല. എന്നിരുന്നാലും എന്റെ കണ്ണുകൾ ഞാൻ പോലുമറിയാതെ അങ്ങോട്ടൊന്ന് എത്തിനോക്കി. സെക്കൻഡുകളുടെ വ്യത്യാസം പോലുമുണ്ടായില്ല, രണ്ടു കണ്ണുകളും ഞാൻ ഇറുക്കി അടച്ചു! അവർ അവിടെത്തന്നെയുണ്ട്! അതും ഞാൻ ഇറങ്ങി വരുന്ന വഴിഭാഗത്തേക്ക് നോക്കി നിൽക്കുന്നു! ഇനി രക്ഷയില്ല, പിടിക്കപ്പെട്ടതുതന്നെ! ആലോചിക്കാൻ ഒട്ടും സമയമില്ല, മുന്നോട്ടുതന്നെ നടന്നു. നടക്കുകയല്ല, ഓടുക തന്നെയായിരുന്നു. പിന്നാലെ ഞാനറിഞ്ഞു, വണ്ടിയുമായി അവർ എന്റെ പുറകെയുണ്ട്! അറിയാതെ എന്റെ പാദങ്ങൾക്ക് വേഗത കൂടി. മലബാർ വില്ലയും മെയിൻ റോഡും തമ്മിൽ 200 മീറ്ററിൽ താഴെ മാത്രമേ ദൂരമുള്ളൂവെങ്കിലും, എന്നെ സംബന്ധിച്ച് ആ സമയത്ത് അത് വല്ലാത്തൊരു ദൂരമായിരുന്നു.
ഒടുവിൽ മലബാർ വില്ലയുടെ മുന്നിലെത്തി. വില്ലയിലെ സ്ഥിരം താമസക്കാരനായതിനാൽ ഡോറിലെ കമ്പിയുടെ സ്ഥാനം എനിക്കറിയാമായിരുന്നു. കമ്പിവലിച്ച് ഡോർ തുറന്നതും അകത്തുകടന്നതും എല്ലാം ഞൊടിയിടയിൽ. ഡോർ തുറന്ന് വരാന്തയിൽ കയറിയ എന്റെ പെട്ടെന്നുള്ള വരവും വെപ്രാളവും കണ്ട്, അവിടെയിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഹംസ ഹാജിയും ഉസ്മാൻ ഹാജിയും ചോദിച്ചു: ‘എന്താ റെഫി, എന്തുപറ്റി?’
‘എന്റെ പിന്നാലെ പൊലീസുണ്ട്, എന്താ സംഭവമെന്ന് അറിയില്ല’. ഞാൻ പറഞ്ഞുനിർത്തിയതും പുറത്തെ ഡോറിൽ മുട്ടുകേട്ടതും ഒരുമിച്ചായിരുന്നു. ഉടൻ ഹംസ ഹാജി എന്നോട് പറഞ്ഞു: ‘നീ റൂമിൽ കയറിക്കോ, ഞാൻ നോക്കാം’. ഹാജിക്ക പറഞ്ഞുതീരുന്നതിന് മുമ്പേ ഞാൻ റൂമിലേക്ക് പാഞ്ഞു. റൂമിൽ കയറിയ ഞാൻ ഒരു സെക്കൻഡ് സമയം പോലും നഷ്ടപ്പെടുത്താതെ എന്റെ കട്ടിലിൽ കയറി, അവിടെ മടക്കിവെച്ചിരുന്ന ബ്ലാങ്കറ്റെടുത്ത് കാലിന്റെ അടിഭാഗം മുതൽ കഴുത്തുവരെ പുതച്ചു. സാധാരണ ഞാൻ തലയുംകൂടി മൂടിപ്പുതച്ചാണ് കിടക്കാറ്. പക്ഷെ, അടിമുതൽ മുടിവരെ മൂടിപ്പുതച്ചുകിടന്നാൽ ഒരുപക്ഷെ അവർ പുതപ്പ് വലിച്ചുമാറ്റും. അങ്ങനെ സംഭവിച്ചാൽ എന്റെ കിതപ്പും ഹൃദയമിടിപ്പിന്റെ താളവും അവരറിയും, ഞാൻ കുടുങ്ങും! ഈ ഒരു തിരിച്ചറിവാണ് എന്നെ അതിൽനിന്നും പിന്തിരിപ്പിച്ചത്.
‘അസ്സലാമു അലൈക്കും..’ ‘വ അലൈക്കുമുസ്സലാം..’ പുറത്തെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടില്ലെങ്കിലും, സലാം പറയുന്നതിന്റെയും അതിന് മറുപടി നൽകുന്നതിന്റെയും ശബ്ദം വളരെ വ്യക്തമായി കേട്ടു. ‘ഹംസ... കൈഫൽ ഹാൽ?’ പൊലീസുകാരിൽ ഒരാൾ ഹംസ ഹാജിയുടെ പേര് വിളിച്ചുകൊണ്ട് സുഖവിവരം അന്വേഷിക്കുകയാണ്. ‘അൽഹംദുലില്ലാഹ്, സൈൻ...’ ഹംസ ഹാജി മറുപടി പറയുന്നതും ഞാൻ കേട്ടു. വന്ന പൊലീസുകാരിൽ ഹംസ ഹാജിയെ പരിചയമുള്ളവരുമുണ്ടെന്ന് എനിക്ക് മനസ്സിലായി.
കുശലങ്ങൾക്ക് സമയം കളയാതെ രണ്ടു പൊലീസുകാർ റൂമിലേക്ക് കടന്നുവന്നു ലൈറ്റ് ഓൺ ചെയ്തു. എന്റെ കണ്ണുകൾ മഞ്ഞളിച്ചു, കൈകാലുകൾ തളർന്നു. ശരീരം മൊത്തത്തിൽ തളരുകയാണ്. തൊണ്ടപൊട്ടുമാറുച്ചത്തിൽ അലറിക്കരയുന്നുണ്ട്, പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നില്ലെന്ന് മാത്രം. ദാഹം കൊണ്ട് ഞാനാകെ വലഞ്ഞു.
പൊലീസുകാർ റൂമിന്റെ എല്ലാ ഭാഗത്തേക്കും കട്ടിലിനടിയിലേക്കും ഉറങ്ങുന്ന ആളുകളുടെ മുഖങ്ങളിലേക്കും മാറിമാറി നോക്കുകയാണ്. ജീവച്ഛവമായി കട്ടിലിൽ കിടക്കുന്ന എന്റെ മുഖവും അവരുടെ കണ്ണിൽപ്പെട്ടു. എന്റെ ഹൃദയമിടിപ്പിന് വേഗത കൂടി. കിടക്കുന്ന കട്ടിൽ വരെ ഇളകുന്നുണ്ടെന്ന് എനിക്ക് തോന്നി. എന്റെ മുഖത്തേക്കും അവർ സൂക്ഷിച്ചുനോക്കി. പിന്നെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് റൂമിൽനിന്നും പുറത്തിറങ്ങി.
പരിസരബോധം തിരിച്ചുകിട്ടിയ ഞാൻ പതുക്കെ ചെവിയിലും കൈത്തണ്ടയിലും നുള്ളിനോക്കി. സ്വപ്നം കാണുകയല്ല, സത്യമാണ്. ഞാൻ മരിച്ചിട്ടില്ല, മരവിച്ചിട്ടുമില്ല. അൽഹംദുലില്ലാഹ്... നഷ്ടപ്പെട്ടു എന്ന് കരുതിയ എന്റെ ശബ്ദവും തിരിച്ചുവന്നിരിക്കുന്നു. കണ്ണീർ ധാരയായി ഒഴുകി. അപ്പോഴത്തെ എന്റെ മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ സാധ്യമല്ല. കട്ടിലിന് താഴെ വെച്ചിരുന്ന ഒരു ബോട്ടിൽ വെള്ളം ഒറ്റവലിക്ക് കാലിയാക്കി.
വ്യക്തമല്ലെങ്കിലും പുറത്ത് ഹംസ ഹാജിയുടെയും പൊലീസുകാരുടെയും സൗഹൃദപരമായ സംഭാഷണം ഞാൻ കേൾക്കുന്നുണ്ടായിരുന്നു. സംസാരത്തിനൊടുവിൽ സലാം പറയുന്നതും ഡോർ അടക്കുന്നതും അറിഞ്ഞു.(ഹംസ ഹാജി റാസൽഖൈമയിലെ ഒരു വലിയ ആശുപത്രിയിൽ ടെലിഫോൺ അറ്റൻഡന്റാണ്. മത-സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ അദ്ദേഹം അറബികൾക്കിടയിലും ഏറെ സുപരിചിതൻ. അറബി ഭാഷ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തിനുള്ള കഴിവ് ഒന്ന് വേറെതന്നെയാണ്.)
പൊലീസുകാർ തിരിച്ചുപോകുകയും ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞു. കാറും കോളും അവസാനിച്ചെങ്കിലും ഉറക്കം കൺപോളകളെ തഴുകാൻ സമയമേറെ എടുത്തു.
വില്ലയുടെ തൊട്ടടുത്തുള്ള പള്ളിയിൽനിന്നും സുബ്ഹി ബാങ്ക് വിളി കേട്ടാണ് ഉണർന്നത്. എഴുന്നേറ്റ് ബ്രഷ് ചെയ്ത് അംഗശുദ്ധി വരുത്തി പള്ളിയിലേക്ക് നടന്നു. ഹംസ ഹാജിയും മറ്റുള്ളവരും പള്ളിയിലിരുന്ന് ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. എന്റെ ആഗമനം തിരിച്ചറിഞ്ഞ ഹാജിക്ക തിരിഞ്ഞുനോക്കി. അദ്ദേഹത്തെ നോക്കി ഞാനൊരു ചെറുപുഞ്ചിരി പാസാക്കി. ചില സമയങ്ങളിൽ അദ്ദേഹത്തിന് ഗൗരവത്തോടെയുള്ള ഒരു നോട്ടമുണ്ട്, ആ നോട്ടമായിരുന്നു എന്റെ പുഞ്ചിരിക്കുള്ള മറുപടി.
നമസ്കാരശേഷം ഞങ്ങൾ വില്ലയിലേക്ക് പോന്നു. അദ്ദേഹം കട്ടൻചായ ഉണ്ടാക്കാനായി കിച്ചനിലേക്ക് പോയി, ഒപ്പം ഞാനും. രാത്രിയിലെ സംഭവവികാസങ്ങൾ വിശദമായിത്തന്നെ പൊലീസുകാർ അദ്ദേഹത്തോട് പറഞ്ഞതുകൊണ്ടായിരിക്കാം, അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് എന്നോട് ചോദ്യമൊന്നും ഉണ്ടാവാതിരുന്നത്. ചായയുണ്ടാക്കി കഴിയുംവരെ മൗനം തുടർന്നു.
ചായപ്പാത്രത്തിൽനിന്നും കട്ടൻചായ ഗ്ലാസിലേക്ക് പകർന്നു. അതിലൊരു ഗ്ലാസ് കട്ടൻ എനിക്കും കിട്ടി. മൗനത്തിന് വിരാമമിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘പൊലീസ് വന്നത് നിന്നെ പിടിക്കാനൊന്നുമല്ല. നാലുദിവസം മുമ്പ് നഖീലിൽ തന്നെയുള്ള ഏതോ ഒരു അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഒരുത്തൻ- അവൻ അവിടുത്തെ വിസക്കാരനൊന്നുമല്ല, മലബാറിയാണെന്നാണ് പറഞ്ഞത്. അവിടെ എന്തോ പ്രശ്നമുണ്ടാക്കി അടിപിടിയായി പൊലീസ് വന്ന് അവനെ പൊക്കി അകത്താക്കി. ഇന്നലെ അവൻ പൊലീസിന്റെ കൈയിൽനിന്ന് എങ്ങനെയോ രക്ഷപ്പെട്ടു കടന്നുകളഞ്ഞു. പൊലീസുകാർ അവനെ തപ്പി ഇറങ്ങിയതാണ്, അവന്റെ ഫോട്ടോ അവരുടെ കൈവശമുണ്ട്. രാത്രിയല്ലേ, ഇരുട്ടുമാണല്ലോ, സംശയം കൊണ്ട് നിന്റെ പിന്നാലെ കൂടിയതാണ്’.
അദ്ദേഹം ഇത്രയും പറഞ്ഞു അവസാനിപ്പിച്ചപ്പോഴേക്കും എന്റെ ഉള്ളിൽനിന്ന് അറിയാതെ പുറത്തുവന്നു: ‘പടച്ചോനേ! ഇതിനായിരുന്നോ ഞാൻ ഇന്നലെ രാത്രി ഇങ്ങനെ പേടിച്ചത്?’ ‘ചായ കുടിക്ക്’, എന്റെ കൈയിലുള്ള ഗ്ലാസിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു. ‘നന്നായി പേടിച്ചു, അല്ലേ? സാരമില്ല’. അത് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് മായാത്തൊരു പുഞ്ചിരി ഞാൻ കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.