വിമാനത്താവളത്തിൽ പൂച്ചയെ കാണാതായി; അഞ്ച് ദിവസമായി കൗമദി കാത്തിരിക്കുന്നു
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കാണാതായ തന്റെ വളർത്തുപൂച്ചയെ തിരികെ ലഭിക്കാനായി കാത്തിരിക്കുകയാണ് ശ്രീലങ്കൻ സ്വദേശിയായ അവിഷ്ക കൗമദി. ഒക്ടോബർ 11ന് ദുബൈയിൽനിന്ന് ശ്രീലങ്കയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് അവിഷ്കയുടെ പൂച്ചയെ എയർ കാർഗോ മേഖലയിൽ വെച്ച് കാണാതായത്.
യാത്രാരേഖകൾ പൂർത്തിയാക്കി, പരിശോധനകൾക്ക് ശേഷം പൂച്ചയെ തിരികെ കൂട്ടിലാക്കി വെച്ചിരിക്കുകയായിരുന്നു. എന്നാൽ, ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഡിപ്പാർച്ചർ ഏരിയയിൽ എത്തിയ അവിഷ്കയെ വിമാനക്കമ്പനി അധികൃതർ വിളിച്ച് പൂച്ച കൂട്ടിൽ നിന്ന് ചാടിപ്പോയതായി അറിയിക്കുകയായിരുന്നു.
പൂച്ചയില്ലാതെ യാത്ര ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് അവിഷ്കയെ തിരികെ കാർഗോ മേഖലയിൽ തിരച്ചിലിനായി കൊണ്ടുപോയി. എങ്കിലും വെളിച്ചക്കുറവും ഇരുട്ടും കാരണം അന്ന് രാത്രി നടത്തിയ തിരച്ചിലിൽ പൂച്ചയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് വിവരങ്ങളറിയാൻ അവിഷ്ക 28 മണിക്കൂറോളം വിമാനത്താവളത്തിൽ തന്നെ ചെലവഴിച്ചു.
തുടർന്ന് ഒക്ടോബർ 12ന് വിമാനത്താവള അധികൃതർ മറ്റൊരു വെള്ളപ്പൂച്ചയെ കാണിച്ചെങ്കിലും അത് തന്റെ പൂച്ചയല്ലെന്ന് അവിഷ്ക സ്ഥിരീകരിച്ചു. അതിനുശേഷം, അവിഷ്കയോട് ശ്രീലങ്കയിലേക്ക് മടങ്ങാൻ അധികൃതർ നിർദേശിച്ചു. പൂച്ചയെ കണ്ടെത്തിയാൽ ശ്രീലങ്കയിലേക്ക് സുരക്ഷിതമായി എത്തിച്ചുനൽകാമെന്ന് ദുബൈ എയർപോർട്ട് മാനേജ്മെന്റ് പ്രതിനിധി ഉറപ്പുനൽകുകയും ചെയ്തു.
പൂച്ചയെ കാണാതായി അഞ്ച് ദിവസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് അവിഷ്ക പറഞ്ഞു. പൂച്ചയെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരിപ്പോൾ. യു.എ.ഇയിലെ മൃഗസ്നേഹികളുടെ ഇൻസ്റ്റാഗ്രാം പേജായ ‘UAEanimalcommunity' വഴി സഹായത്തിനായുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.