പൂക്കളാൽ നിറഞ്ഞ അൽഐൻ നഗരം

അൽഐൻ നഗരത്തിൽ ഇത്​ പൂക്കാലം

ഈ ശൈത്യകാലത്ത് അൽഐൻ നഗരത്തെ ചെടികളും പൂക്കളുംകൊണ്ട് അതിമനോഹരമായി അലങ്കരിച്ചിരിക്കുകയാണ് അൽഐൻ നഗരസഭ. പ്രധാന റോഡുകൾക്ക് ഇരുവശവും നടപ്പാതകളുടെയും സൈക്കിൾ ട്രാക്കുകളുടെയും നിർമാണം നേരത്തെ പൂർത്തിയാക്കിയിരുന്നു. വിവിധ വർണങ്ങളിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചെടികൾകൊണ്ട് അവയുടെ വശങ്ങൾ മോടിപിടിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.

അൽഐൻ അൽ ജീമി ഏരിയയിലെ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റാണ് ഏറെ മനോഹരമാക്കിയത്. ചുവപ്പും വെള്ളയും വയലറ്റും പൂക്കൾകൊണ്ടാണ് ഇവിടെ പരവതാനി വിരിച്ചിരിക്കുന്നത്. പൂച്ചെടികൾക്കിടയിലൂടെയാണ് നടപ്പാതകളും സൈക്കിൾ ട്രാക്കും. മൂന്ന് മാസത്തോളം വാടാതെ നിൽക്കുന്ന വിവിധ വർണങ്ങളിലുള്ള പൂച്ചെടികളാണ് ഇവിടെ നട്ടുപിടിപ്പിച്ചത്.

എല്ലാ ശൈത്യകാലത്തും വസന്തകാലത്തും ഹരിതനഗരം പൂച്ചെടികൾ കൊണ്ട് അലങ്കരിക്കാറുണ്ടെങ്കിലും ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിൽ രണ്ട് കിലോമീറ്ററോളം ദൂരത്തിൽ ഈ വർഷം ഒരുക്കിയത് നയനമനോഹര ദൃശ്യമാണ്​. ഈ റോഡിലൂടെ വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കും സൈക്കിൾ സവാരിക്കും വ്യായാമത്തിനുമായി നടക്കുന്നവർക്കും ഈ കാഴ്ച കുളിർമ നൽകും. അൽഐൻ നഗരത്തിലെ പ്രധാന റോഡുകളും സിഗ്നലുകളും പാർക്കിങ് ഏരിയകളും ആധുനിക രീതിയിൽ പുതുക്കി പണിതതോടെ നഗരത്തിന്‍റെ മുഖഛായ തന്നെ മാറിയിരിക്കുകയാണ്. വിവിധ വർണങ്ങളിലുള്ള പെറ്റൂണിയ, ജമന്തി തുടങ്ങിയ ചെടികളാണ് നഗരത്തിലെ പാതകൾക്കരികിലും സിഗ്നലുകളോട് ചേർന്നും പൂത്തുനിൽകുന്നത്.

ഉദ്യാന നഗരം സന്ദർശിക്കാനെത്തുന്നവർക്ക് അൽഐൻ ഒയാസിസ്‌, ഗ്രീൻ മുബസ്സറ, ജബൽ ഹഫീത്ത്, അൽഐൻ മൃഗശാല തുടങ്ങിയ പ്രധാന സ്ഥലങ്ങൾക്കു പുറമെ, വിവിധ പാർക്കുകളും സന്ദർശകർക്കായി നഗരസഭ ഒരുക്കിയിട്ടുണ്ട്. ജാഹിലി, തുവയ്യ, സുലൈമി, അൽ ദാഹർ, അൽഹയർ എന്നീ പാർക്കുകൾ അവയിൽ ചിലതാണ്. അൽഐൻ മൃഗശാലയിൽ ഒഴികെ മറ്റു പാർക്കുകളിൽ പ്രവേശനം സൗജന്യമാണ്.

Tags:    
News Summary - It is the season of flowers in Al Ain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.