ദുബൈ: ഇറാന്‍റെ ഭാഗത്തു നിന്നുണ്ടായ ആക്രമണങ്ങൾക്കിടയിൽ സമാധാന ശ്രമങ്ങൾക്കായി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നടത്തിയത് 100ലധികം ഫോൺ സംഭാഷണങ്ങൾ. മേഖലയിൽ സംഘർഷം ലഘൂകരിക്കാനും സമാധാനവും സുസ്ഥിരതയും നിലനിർത്താനുമായി വിവിധ ഭരണാധികാരികളും നയതന്ത്ര ഉദ്യോഗസ്ഥരും നടത്തിയ ശ്രമങ്ങൾ വിശദീകരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വീഡിയോയിലാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. 2800 വ്യോമ ആക്രമണങ്ങളാണ് ഇറാന്‍റെ ഭാഗത്ത് നിന്നുണ്ടായത്. ഇവയിൽ 96 ശതമാനവും പ്രതിരോധിക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് കഴിഞ്ഞു. ഇതു വഴി മരണങ്ങളും പരിക്കുകളും വലിയ തോതിൽ കുറക്കാൻ സാധിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നൂതനമായ പ്രതിരോധ സംവിധാനങ്ങൾക്ക് രാജ്യം നന്ദി പറയുകയാണ്. രാജ്യത്തുടനീളമുള്ള ദൈനംദിന ജീവിതം തടസ്സമില്ലാതെ തുടരുന്നു. ബിസിനസുകൾ സാധാരണ പോലെ പ്രവർത്തിക്കുകയും പൊതുസുരക്ഷ നിലനിർത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സംഘർഷ സാഹചര്യങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉപപ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർ 100ലധികം യോഗങ്ങളും ഫോൺ സംഭാഷണങ്ങളുമാണ് നടത്തിയത്. രാജ്യത്തിന്‍റെ സാമ്പദ്വ്യവസ്ഥ സുസ്ഥിരവും പ്രതിരോധശേഷിയുള്ളതും ആഗോള തലത്തിൽ സംയോജിതവുമാണ്. യു.എ.ഇയിൽ ജീവിക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുകയും സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതിനാണ് രാജ്യത്തിന്‍റെ മുൻഗണനയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.