ദുബൈ: വ്യാജ ഹോട്ടൽ ലീസിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തിയ രണ്ട് പ്രതികൾക്ക് ഒരു വർഷം വീതം തടവ് ശിക്ഷ വിധിച്ച് ദുബൈ മിസ്ഡിമീനേഴ്സ് കോടതി. ഏഷ്യൻ വംശജനും ഇയാളുടെ പങ്കാളിയായ അറബ് വംശജനുമാണ് ശിക്ഷ വിധിച്ചത്. അറബ് വംശജന്റെ അസാന്നിധ്യത്തിലായിരുന്നു ശിക്ഷാവിധി.
പ്രതികൾക്കെതിരെ 2.1 ലക്ഷം ദിർഹം പിഴയും കോടതി ചുമത്തി. പ്രതികൾ നിർമിച്ച വ്യാജ രേഖകൾ നശിപ്പിച്ചുകളയാനും ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്താനും കോടതി നിർദേശിച്ചു.
മറ്റൊരു അറബ് വംശജനാണ് കബളിപ്പിക്കപ്പെട്ടത്. 3,80,000 ദിർഹമിന് ദുബൈയിലെ ഒരു ഹോട്ടൽ ലീസിന് നൽകാമെന്നായിരുന്നു പ്രതികളുടെ വാഗ്ദാനം. ഇതിനായി വ്യാജ രേഖകളും പ്രതികൾ നിർമിച്ചിരുന്നു. ഹോട്ടലിന്റെ ഔദ്യോഗിക ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് ഏഷ്യൻ വംശജൻ സമീപിച്ചത്. അറബ് വംശജനെ റിയൽ എസ്റ്റേറ്റ് ബ്രോക്കറായി അവതരിപ്പിക്കുകയും ചെയ്തു. ഇരുവരും ചേർന്ന് നിക്ഷേപകനെ വിശ്വസിപ്പിച്ച് 2.1 ലക്ഷം ദിർഹം കൈക്കലാക്കുകയും ബാക്കി തുകക്ക് തീയതി എഴുതിയ ഒരു ചെക്ക് വാങ്ങുകയും ചെയ്തു.
10-20 ദിവസങ്ങൾക്കുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയായ ശേഷം ഹോട്ടൽ കൈമാറുമെന്നും പ്രതികൾ വിശ്വസിപ്പിച്ചിരുന്നു. എന്നാൽ, മൂന്നുദിവസം കഴിഞ്ഞ് സുഹൃത്തിന്റെ നിർദേശം അനുസരിച്ച് നിക്ഷേപകൻ രേഖകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് വ്യക്തമായത്. തുടർന്ന് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.