അജ്മാന്: നിശ്ചയദാർഢ്യ വിഭാഗങ്ങളുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി അജ്മാന് സ്വകാര്യ വിദ്യാഭ്യാസ വകുപ്പ്. മികച്ച സൗകര്യങ്ങളുള്ള എമിറേറ്റിലെ എല്ലാ സ്കൂളുകളും നിശ്ചയദാർഢ്യ വിഭാഗം വിദ്യാർഥികളെകൂടി ഉൾപ്പെടുത്തണമെന്നാണ് നിർദേശം. ഇത്തരം കുട്ടികളെ പിന്തുണക്കുന്നതിനായി ഭിന്നശേഷി വിദ്യാർഥികളുടെ സഹോദരങ്ങൾക്ക് രജിസ്ട്രേഷനിൽ മുൻഗണന നൽകുകയും വേണം. നിശ്ചയദാർഢ്യ വിദ്യാർഥികളെ ഉൾക്കൊള്ളാനും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രത്യേക ടീം രൂപവത്കരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഈ സംഘത്തിൽ പരിശീലനം നേടിയ ഒരു അധ്യാപകനും അസിസ്റ്റന്റുമുണ്ടാവണം.
ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവേശനം സുഗമമാക്കുന്നതിന് കെട്ടിടങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കണം. അടിയന്തര ഘട്ടങ്ങളിൽ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിന് പദ്ധതി തയാറാക്കണം. കൂടാതെ വിദ്യാർഥികൾക്ക് ആവശ്യമായി ഉപകരണങ്ങളും വിഭവങ്ങളും അനുവദിക്കുകയും ഓരോ വിദ്യാർഥിക്കും വ്യക്തിഗത വിദ്യാഭ്യാസ പദ്ധതികൾ വികസിപ്പിക്കുകയും വേണം. ഇടക്കിടെ ഇവരുടെ പ്രവർത്തനങ്ങളെ അവലോകനം ചെയ്യുകയും അക്കാദമിക് പുരോഗതി പതിവായി നിരീക്ഷിക്കുകയും ആവശ്യമുള്ളപ്പോൾ പ്രത്യേക ചികിത്സ ഇടപെടലുകൾ നൽകുകയും വേണമെന്ന് അജ്മാനിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് ഖലീൽ അൽ ഹാശിമി പറഞ്ഞു.
എല്ലാ വിദ്യാർഥികൾക്കും തുല്യവും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനുള്ള യു.എ.ഇയുടെ നയത്തെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. യു.എ.ഇ വിഷൻ 2031, അജ്മാൻ വിഷൻ 2030 എന്നിവയുടെ ദേശീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് പതിവ് പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കുലറിലെ വ്യവസ്ഥകൾ പാലിക്കുന്നതിന് അനുസരിച്ചായിരിക്കും ലൈസൻസ് അനുവദിക്കുകയും പുതുക്കുകയും ചെയ്യുക. നിയമം ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.