ദുബൈ: ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം റെക്കോഡ് തകർച്ച നേരിട്ടതോടെ നാട്ടിലേക്ക് പണമയക്കാൻ തിരക്ക് കൂട്ടി പ്രവാസി ഇന്ത്യക്കാർ. ചൊവ്വാഴ്ച ഇന്ത്യൻ രൂപ നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യമിടിവാണ് പ്രവാസികൾക്ക് നേട്ടമായത്. എക്സി റിപ്പോർട്ടു പ്രകാരം ഒരു ദിർഹമിന് 23.93 രൂപയാണ് ചൊവ്വാഴ്ചത്തെ പുതിയ നിരക്ക്. ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ 25 ശതമാനമായി ഉയർത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ഭീഷണി ഉയർത്തിയതാണ് ഒരാഴ്ചക്കിടെ ഇന്ത്യൻ കറൻസി കൂപ്പുകുത്താൻ കാരണം. കഴിഞ്ഞ ബുധനാഴ്ചയും ട്രംപിന്റെ താരിഫ് ഭീഷണിയെ തുടർന്ന് രൂപയുടെ മൂല്യം താഴേക്ക് പോയിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഒറ്റ ദിവസം കൊണ്ട് 89 പൈസയാണ് അന്ന് കുറഞ്ഞത്. ഡോളറിന് 87.80 രൂപ എന്ന നിലയിലായിരുന്നു മൂല്യം. രണ്ട് ദിവസത്തിനുശേഷം രൂപ നേരിയ തോതിൽ നില മെച്ചപ്പെടുത്തിവരുന്നതിനിടെയാണ് വീണ്ടും ഇടിത്തീപോലെ ട്രംപ് ഭീഷണി. അതോടെ ഡോളർ വില ഏഴ് പൈസ കൂടി 87.87 രൂപയിലെത്തി. ഇതിന് ആനുപാതികമായ മൂല്യവർധന ഗൾഫ് കറൻസികൾക്കും രേഖപ്പെടുത്തിയതാണ് പ്രവാസി ഇന്ത്യക്കാർക്ക് ഗുണകരമായത്. കഴിഞ്ഞ രണ്ടാഴ്ചയായി ദിർഹമിന് 23.30 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഒറ്റയടിക്ക് 63 പൈസ കൂടി 23.93 രൂപയിലെത്തി. അതേസമയം, യു.എ.ഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എൻ.ബി.ഡിയിൽ ഒരു ദിർഹമിന് 23.73 രൂപയാണ് ലഭിക്കുക. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വിനിമയ നിരക്കാണിത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും രൂപക്ക് ആഘാതമായി.
എന്നാൽ, നിരക്ക് വർധന പ്രയോജനപ്പെടുത്താൻ ബാങ്കിങ് ആപ്പുകൾ വഴിയും എക്സ്ചേഞ്ച് വഴിയും നാട്ടിലേക്ക് പരമാവധി പണമയക്കാനായിരുന്നു പ്രവാസികളുടെ ശ്രമം. മാസ ശമ്പളം ലഭിക്കുന്ന സമയമായതിനാൽ കൂടുതൽ പേർക്ക് നിരക്ക് വർധനയുടെ പ്രയോജനം ലഭിച്ചു. പല പെയ്മെന്റ് ആപ്പുകളും ഗൂഗ്ൾ നിരക്ക് തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം, ഇനിയും മൂല്യമിടിയാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ചിലർ. നിലവിൽ 1000 ദിർഹമിന് 23,900 രൂപ ലഭിക്കും. നേരത്തെ ഇത് 23,350 രൂപയായിരുന്നു. ഒറ്റ ദിനം കൊണ്ട് 550 രൂപയുടെ വർധനവാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.