യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനം നിയമക്കുരുക്കിൽ; ഇന്നുമുതൽ അപേക്ഷകൾ എംബസിയും കോൺസുലേറ്റും നേരിട്ട് സ്വീകരിക്കും

ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനം നിയമക്കുരുക്കിലായതോടെ ഇന്നുമുതൽ അപേക്ഷകൾ എംബസിയും കോൺസുലേറ്റും നേരിട്ട് സ്വീകരിക്കും. അബൂദബിയിലെ ഇന്ത്യൻ എംബസിയിലും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിലും ജൂലൈ രണ്ടു മുതൽ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ പരിമിതമായ രീതിയിൽ നേരിട്ട് ലഭ്യമാക്കിത്തുടങ്ങുമെന്ന്​ അധികൃതർ അറിയിച്ചു. രാവിലെ 9.00 മുതൽ 12.30 വരെ പൂരിപ്പിച്ച അപേക്ഷകളുമായി എത്തണം. പുതിയ ഔട്ട്‌സോഴ്‌സിങ്​ പങ്കാളിയായ 'അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്' ചുമതലയേറ്റെടുക്കുന്നതിലെ താമസം കാരണമാണ് ഈ താൽക്കാലിക ക്രമീകരണം. നേരത്തെ ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് അറിയിച്ചിരുന്നെങ്കിലും, ട്രാൻസിഷൻ കാലാവധി നീണ്ടതിനെ തുടർന്ന് റെഗുലർ അപ്പോയിന്റ്‌മെന്റുകൾ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.

ആദ്യം വരുന്നവർക്ക് ആദ്യം; 9.00 മണി മുതൽ ഉച്ച 12.30 വരെ

പുതിയ ക്രമീകരണങ്ങൾ അനുസരിച്ച്, അപ്പോയിന്റ്മെന്റുകൾ ഇല്ലാതെ 'ആദ്യം വരുന്നവർക്ക് ആദ്യം' എന്ന മുൻഗണനാ ക്രമത്തിൽ നേരിട്ടെത്തുന്നവർക്ക് മാത്രമായിരിക്കും സേവനം ലഭിക്കുക. എംബസിയിലും കോൺസുലേറ്റിലും ഇതിനായുള്ള സമയം രാവിലെ 9.00 മണി മുതൽ ഉച്ച 12.30 വരെ ആയിരിക്കും. സേവനങ്ങൾ ആവശ്യമുള്ളവർ പൂർണമായി പൂരിപ്പിച്ച അപേക്ഷാ ഫോമും ആവശ്യമായ രേഖകളുമായി എംബസിയിലോ കോൺസുലേറ്റിലോ നേരിട്ട് എത്തേണ്ടതാണ്. തിരക്ക് ഒഴിവാക്കാൻ അപേക്ഷകന് മാത്രമേ ഓഫീസ് പരിസരത്തേക്ക് പ്രവേശനമുള്ളൂ. എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അപേക്ഷകൾക്ക് മാതാപിതാക്കളുടെ സാന്നിധ്യം നിർബന്ധമാണ്.

ഫീസ്​ പണമായി മാത്രം

നിശ്ചിത ഫീസ് അടച്ചതിന് ശേഷം മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. നിലവിൽ കോൺസുലർ ഫീസുകൾ പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന്​ അധികൃതർ അറിയിച്ചിട്ടുണ്ട്​. അപേക്ഷകർ തങ്ങൾക്ക് ആവശ്യമുള്ള സേവനത്തിന്റെ കൃത്യമായ തുക കൈയിൽ കരുതേണ്ടതാണ്. പാസ്‌പോർട്ട് അനുബന്ധ സേവനങ്ങളുടെ നിരക്കുകൾ പരിഷ്കരിച്ചിട്ടുണ്ടെന്നും, പുതിയ ഫീസ് ഘടന ജൂലൈ ഒന്നിന്​ നിലവിൽ വന്നതായും എംബസി അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകൾ:

എംബസിയെയും കോൺസുലേറ്റിനെയും ബന്ധപ്പെടാനുള്ള ഔദ്യോഗിക ചാനലുകളിൽ മാറ്റമില്ല: ടോൾ ഫ്രീ നമ്പർ: 800 46342 (800 INDIA), വാട്‌സ്ആപ്പ്: +971 54 309 0571, ഇമെയിൽ: pbsk.dubai@mea.gov.in.

ക്രമീകരണം താൽക്കാലികം

ദുബൈയിലെയും അബൂദബിയിലെയും രണ്ട് എസ്​.ജി.ഐ.വി.എസ്​ കേന്ദ്രങ്ങളും, യു.എ.ഇയിലുടനീളമുള്ള 14 റഗുലർ കേന്ദ്രങ്ങളും ദുബൈയിലെയും അബൂദബിയിലെയും പ്രീമിയം ലോഞ്ചുകളും ഉൾപ്പെടെയുള്ള 16 ബി.എൽ.എസ്​ ബ്രാഞ്ചുകളും ജൂ​ൺ അവസാന ആഴ്ച അപേക്ഷകൾ സ്വീകരിച്ചിരുന്നില്ല. പുതിയ ഏകീകൃത സേവന ദാതാവിലേക്ക് മാറുന്നതിന്‍റെ ഭാഗമായി എംബസിയും കോൺസുലേറ്റും നൽകിയ നിർദേശങ്ങളെത്തുടർന്നായിരുന്നു ഇത്​.

ജൂലൈ രണ്ടുമുതൽ നിലവിൽ വരുന്ന പുതിയ ക്രമീകരണം താൽക്കാലികം മാത്രമാണെന്ന് എംബസി വ്യക്​തമാക്കിയിട്ടുണ്ട്. കൂടാതെ, പുതിയ സേവന ദാതാവായ 'അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്'ലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട തുടർന്നുള്ള വിവരങ്ങൾ യഥാസമയം അറിയിക്കും. വിവരങ്ങൾക്കായി ഔദ്യോഗിക ആശയവിനിമയ ചാനലുകളെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും മാത്രം ആശ്രയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കേസിൽ ഡൽഹി ഹൈക്കോടതി ഇന്ന്​ വാദം കേൾക്കും

ന്യൂഡൽഹി: സേവനത്തിന്റെ കരാർ പുതിയ കമ്പനിയെ ഏൽപിച്ചത് ചോദ്യം ചെയ്ത് ഇ ട്രാവ് ടെക് എന്ന കമ്പനി സുപ്രീം കോടതിയേയും, ഡൽഹി ഹൈക്കോടതിയെയും സമീപിച്ചതോടെയാണ് പ്രശ്നങ്ങൾ യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനം നിയമക്കുരുക്കിലായത്​. ഇന്നലെ മുതൽ കോഴിക്കോട് ആസ്ഥാനമായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് സേവനങ്ങൾ ഏറ്റെടുക്കാനിരിക്കേയാണ് കേസ്. പുതിയ പാസ്പോർട്ട് അപേക്ഷകൾ സ്വീകരിക്കാനുള്ള നടപടികൾ ഒരാഴ്ചയായി ഏതാണ്ട് മുടങ്ങിയ നിലയിലാണ്. അടിയന്തര സാഹചര്യത്തിൽ മാത്രമേ അബൂദബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കൂ.

വർഷങ്ങളായി ബി.എൽ.എസ്. ഇന്റർനാഷണൽ എന്ന് കമ്പനിയാണ് യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് വിസാ സേവനങ്ങൾ ഏറ്റെടുത്ത് നടത്തിയിരുന്നത്. പുതിയ കമ്പനി ജുലൈ ഒന്ന് മുതൽ സേവനം ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നത്. ജൂൺ 25 മുതൽ ബി.എൽ.എസ്. കേന്ദ്രങ്ങൾ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിരുന്നു. നിലവിൽ പുതിയ അപേക്ഷകൾ നൽകാൻ സംവിധാനമില്ല. എംബസിയും, കോൺസുലേറ്റും നേരിട്ട് അപേക്ഷകൾ സ്വീകരിക്കുമെങ്കിലും അടിയന്തിര സ്വഭാവമുള്ളത് മാത്രമാണ് സ്വീകരിക്കുക. ദിവസം ശരാശരി മൂവായിരത്തോളം പ്രവാസികളുടെ പാസ്പോർട്ട് അപേക്ഷകളിൽ നടപടി സ്വീകരിക്കേണ്ട രാജ്യമാണ് യു.എ.ഇ.

പുതിയ കമ്പനിയെ കണ്ടെത്താൻ നടത്തിയ ടെൻഡർ നടപടികളെ ചോദ്യം ചെയ്ത് ഇ ട്രാവ് ടെക് കമ്പനി കേന്ദ്രസർക്കാറിന് എതിരെ നൽകിയ കേസ് വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി. ജൂൺ 30 വരെ എംബസിയും കോൺസുലേറ്റും അപേക്ഷ നേരിട്ട് സ്വീകരിക്കും എന്നാണ് അധികൃതർ നേരത്തേ അറിയിച്ചിരുന്നത്. പിന്നീടത് ജൂലൈ ഒന്ന് വരെയാക്കി. കേസിൽ തീർപ്പ് നീണ്ടുപോയാൽ യു.എ.ഇയിലെ പ്രവാസികളുടെ പാസ്പോർട്ട് സേവനം കൂടുതൽ പ്രതിസന്ധിയിലാകും.

Tags:    
News Summary - Indian passport service in UAE in legal trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.