പ്രതീകാത്മക ചിത്രം

ഇന്ത്യന്‍ എംബസി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; പാസ്‌പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്ക് പുതിയ അപ്പോയിന്റ്‌മെന്റ് പോര്‍ട്ടല്‍

അബൂദബി: യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയിലും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പാസ്‌പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ തേടുന്ന പൊതുജനങ്ങള്‍ക്കായി പുതിയ അപ്പോയിന്റ്‌മെന്റ് പോര്‍ട്ടല്‍ സംവിധാനം നിലവില്‍ വന്നു. ഭരണപരമായ കാരണങ്ങളാല്‍ നിലവില്‍ ഈ സേവനങ്ങള്‍ എംബസികളില്‍ നേരിട്ടെത്തുന്നവര്‍ക്ക് നല്‍കി വരികയായിരുന്നു. അപേക്ഷകരുടെ സൗകര്യം കണക്കിലെടുത്താണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് book.passportindiauae.com എന്ന പോര്‍ട്ടല്‍ വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം.

മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്തവര്‍ക്ക് നിശ്ചിത സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ ഉള്ളിലേക്ക് പ്രവേശനം അനുവദിക്കൂ. എംബസി, കോണ്‍സുലേറ്റ് പരിസരങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ അപേക്ഷകര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അപേക്ഷകള്‍ക്ക് മാതാപിതാക്കള്‍ രണ്ടുപേരും ഒപ്പം ഉണ്ടാവണം.

അബൂദബി ഇന്ത്യന്‍ എംബസിയില്‍ കോണ്‍സുലര്‍, പാസ്‌പോര്‍ട്ട്, വിസ സേവനങ്ങള്‍ക്കായി അപേക്ഷിക്കാന്‍ എത്തുന്നവര്‍ അല്‍ സഫാറാത്ത് സ്ട്രീറ്റിലുള്ള പ്രധാന കവാടം വഴിയാണ് പ്രവേശിക്കേണ്ടത്. രേഖകള്‍ കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ അന്വേഷണങ്ങള്‍ക്കും വ്യക്തത വരുത്താന്‍ അബൂദബി അല്‍ ഇഷിറാഹ് സ്ട്രീറ്റിലെ ഗാര്‍ഡിയന്‍ ടവര്‍ (ടെക്‌നിപ് ബില്‍ഡിങ്) ഒന്നാം നിലയിലെ 101-ാം നമ്പര്‍ യൂനിറ്റില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍സുലര്‍ വിങ്ങിനെയാണ് സമീപിക്കേണ്ടത്.

ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പാസ്‌പോര്‍ട്ട്, വിസ അപേക്ഷകള്‍ക്കായി എത്തുന്നവര്‍ ഗേറ്റ് നമ്പര്‍ രണ്ട് വഴിയും, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ ഗേറ്റ് നമ്പര്‍ ഒന്ന് വഴിയുമാണ് പ്രവേശിക്കേണ്ടത്. രേഖകള്‍ കൈപ്പറ്റല്‍, നേരത്തെ സമര്‍പ്പിച്ച അപേക്ഷകളിന്മേലുള്ള അന്വേഷണങ്ങള്‍, ലേബര്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ മറ്റ് ആവശ്യങ്ങള്‍ക്ക് ഗേറ്റ് നമ്പര്‍ ഒന്ന് വഴിയാണ് സമീപിക്കേണ്ടത്.

നേരിട്ടെത്തുന്നവര്‍ക്കുള്ള സേവനം തുടരും

അതേസമയം, രാവിലെ ഒമ്പതു മണി മുതല്‍ 11 മണി വരെ പരിമിതമായ തോതില്‍ നേരിട്ടെത്തുന്നവര്‍ക്കുള്ള സേവനങ്ങളും അബൂദബി എംബസിയിലും ദുബൈ കോണ്‍സുലേറ്റിലും ലഭ്യമായിരിക്കും. പുതുതായി ജനിച്ച കുട്ടികളുടെ കേസുകള്‍ക്കും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ക്കും മുന്‍ഗണന നല്‍കും. നീണ്ട കാത്തിരിപ്പ് ഒഴിവാക്കാന്‍ മറ്റെല്ലാ അപേക്ഷകരും അപ്പോയിന്റ്‌മെന്റ് പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

അപേക്ഷകര്‍ പൂര്‍ണമായി പൂരിപ്പിച്ച അപേക്ഷാ ഫോമുകളും അനുബന്ധ രേഖകളും സഹിതം വേണം ഓഫിസുകളില്‍ എത്താന്‍. പാസ്‌പോര്‍ട്ട് അപേക്ഷാ ഫോമുകള്‍ mportal.passportindia.gov.in/mission/ എന്ന വെബ്‌സൈറ്റ് വഴി പൂരിപ്പിക്കാം. ഫോം പൂരിപ്പിക്കുന്നതിനും ചിത്രങ്ങള്‍, ഒപ്പ്, രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യുന്നതിനും മുമ്പായി വെബ്‌സൈറ്റിലെ നിര്‍ദേശങ്ങള്‍ കൃത്യമായി മനസിലാക്കണം.

പാസ്‌പോര്‍ട്ട് അപേക്ഷകര്‍ തങ്ങളുടെ ഒപ്പും വിരലടയാളവും കൃത്യമായി വ്യക്തമായ വെള്ള പശ്ചാത്തലത്തില്‍ തന്നെ അപ്ലോഡ് ചെയ്തുവെന്ന് ഉറപ്പാക്കണം. സേവനങ്ങള്‍ക്കുള്ള ഫീസ് പണമായി മാത്രമേ സ്വീകരിക്കൂ. അപേക്ഷകര്‍ കൃത്യമായ തുക കൈയില്‍ കരുതണം. കൂടാതെ 2026 ജൂലൈ ഒന്നുമുതല്‍ പുതിയ പാസ്‌പോര്‍ട്ട് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്ന കാര്യവും അപേക്ഷകര്‍ ശ്രദ്ധിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി എംബസി, കോണ്‍സുലേറ്റ് എന്നിവയുടെ നിലവിലുള്ള ടോള്‍ ഫ്രീ നമ്പറായ 800 46342 (800 ഇന്ത്യ) എന്ന നമ്പറിലോ, +971 54 309 0571 എന്ന വാട്‌സ്ആപ്പ് നമ്പറിലോ, pbsk.dubai@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

Tags:    
News Summary - Indian Embassy issues new guidelines; new appointment portal for passport, visa and attestation services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.