അവധിക്കാലത്ത് വർധിക്കുന്ന ഡിജിറ്റൽ ഉപയോഗം: കുട്ടികളിൽ 'ടെക് നെക്ക്' ഭീഷണി

ദുബൈ: വേനലവധിക്കാലം ആരംഭിച്ചതോടെ യു.എ.ഇയിലെ കുട്ടികൾക്കിടയിൽ മൊബൈൽ ഫോൺ, ടാബ്‌ലറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം വർധിക്കുന്നതായും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ദീർഘനേരം സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്നത് കുട്ടികളുടെ ശരീരഘടനയെയും നട്ടെല്ലിന്റെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്.

കഴുത്തിലും തോളിലും ഉണ്ടാകുന്ന വേദന, വിട്ടുമാറാത്ത തലവേദന എന്നിവ ഇതിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. യു.എ.ഇയിൽ നടത്തിയ ഒരു പഠനമനുസരിച്ച് 37.7 ശതമാനം കുട്ടികളും ദിവസവും ഏഴു മണിക്കൂറിലധികം സ്ക്രീനിന്​ മുന്നിൽ ചെലവഴിക്കുന്നുണ്ട്​. ഇത് അവരുടെ സ്വാഭാവികമായ ശാരീരിക അധ്വാനം കുറക്കുന്നതായും പഠനം സൂചിപ്പിക്കുന്നു.

ഫോൺ ഉപയോഗിക്കുമ്പോൾ കുട്ടികൾ നിരന്തരം തല മുന്നോട്ട് കുനിച്ചിരിക്കുന്ന അവസ്ഥയെയാണ് ഡോക്ടർമാർ 'ടെക് നെക്ക്' എന്ന് വിളിക്കുന്നത്. തോളുകൾ മുന്നോട്ട് വളയുക, വൈകുന്നേരങ്ങളിൽ തലവേദന വരിക, കഴുത്ത് തിരുമ്മിക്കൊണ്ടിരിക്കുക എന്നിവ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ അവഗണിച്ചാൽ അത് പേശികളുടെ സന്തുലിതാവസ്ഥയെയും ശ്വാസോച്ഛ്വാസത്തെയും രക്തയോട്ടത്തെയും ബാധിക്കുന്ന പൊതുവായ ക്ഷീണത്തിലേക്കും നയിച്ചേക്കാം. കഴുത്തുവേദന രണ്ടാഴ്ചയിൽ കൂടുതൽ നീളുകയോ, കൈകളിലേക്ക് തരിപ്പ് പടരുകയോ, രാത്രിയിൽ വേദന കാരണം കുട്ടി ഉണരുകയോ ചെയ്താൽ തീർച്ചയായും വൈദ്യസഹായം തേടണം.

സ്ക്രീൻ സമയം കുറക്കുന്നതോടൊപ്പം കുട്ടികളുടെ ശരീരത്തിന് ആവശ്യമായ ചലനം നൽകുക എന്നതാണ് ഇതിന് പ്രധാന പരിഹാരം. ഓരോ 20-30 മിനിറ്റിലും ഫോൺ ഉപയോഗത്തിൽനിന്ന് ബ്രേക്ക് എടുക്കണം. ഒപ്പം, സ്ക്രീനുകൾ കണ്ണിന്റെ നേരെ ലെവലിൽ വെച്ച് ഉപയോഗിക്കാനും കുട്ടികളെ ശീലിപ്പിക്കണം. നട്ടെല്ലിന്റെ ആരോഗ്യകരമായ വളർച്ചക്കായി ദിവസവും കുറഞ്ഞത് 60 മിനിറ്റ്​ ഔട്ട്ഡോർ ഗെയിമുകൾ, നീന്തൽ, സൈക്ലിങ്​ തുടങ്ങിയ വിനോദങ്ങളിൽ കുട്ടികൾ ഏർപ്പെടുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്നും ദുബൈയിലെ ശിശുരോഗ വിദഗ്ദ്ധർ ഓർമിപ്പിക്കുന്നു.

Tags:    
News Summary - Increased digital use during vacations: The threat of 'tech neck' in children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.