ദുബൈ: മരുഭൂമിക്ക് നടുവിൽ എന്തും വിളയിെച്ചടുക്കുന്നവരാണ് ഇന്നാട്ടുകാർ. നഗരമധ്യത്തിൽ പാർക്കുകളും പൂന്തോട്ടങ്ങളും വനങ്ങളും വന്യമൃഗങ്ങളുടെ ആവാസസ്ഥലങ്ങളുമെല്ലാം സ്ഥാപിച്ച ദുബൈ പുതുതായി ഒരുക്കുന്നത് വലിയൊരു കണ്ടൽക്കാടാണ്. കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരമുണ്ടാക്കാനും വംശനാശം സംഭവിക്കുന്ന ജീവികളെ സംരക്ഷിക്കാനുമായാണ് കണ്ടൽക്കാടൊരുക്കുന്നത്.
ഇതിെൻറ ഭാഗമായി തിങ്കളാഴ്ച 1000 തൈകൾ നട്ടുപിടിപ്പിച്ചു. വംശനാശ ഭീഷണി നേരിടുന്ന ആമകളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ജബൽ അലിയിൽ പുതിയ തൈകൾ നട്ടത്. 2040ഓടെ നഗരത്തിെൻറ പകുതിയിലധികവും ഹരിതകേന്ദ്രങ്ങളാക്കി മാറ്റാനുള്ള യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ പദ്ധതിയുടെ ഭാഗമായാണ് നടപടി. 80 ലക്ഷം സ്ക്വയർ മീറ്റർ സ്ഥലം ഹരിതാഭമാക്കുമെന്ന് കഴിഞ്ഞമാസം ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു.
തരിശ് ഭൂമിയിൽനിന്നാണ് വലിയൊരു വനം പൊട്ടിമുളച്ചുവരുന്നത്. പുതിയ കണ്ടൽ ചെടികൾക്കൊപ്പം നാല്-അഞ്ച് വയസ്സായ കണ്ടൽമരങ്ങളും ഇവിടെ വെച്ചുപിടിപ്പിക്കുന്നുണ്ട്. കുറഞ്ഞത് 500,000 ചതുരശ്ര മീറ്റർ മണൽപരപ്പ് പച്ചപ്പ് കൊണ്ട് പുതപ്പിക്കുകയാണ് ലക്ഷ്യമെന്ന് എൻവയൺമെൻറൽ ഗ്രൂപ് പ്രസിഡൻറ് മാജ് അലി അൽ സുവൈദി പറഞ്ഞു.
പൊതുജനങ്ങൾക്കും ഇവിടെ കണ്ടൽചെടികൾ നടാനുള്ള പദ്ധതി തയാറാകുന്നുണ്ട്. ഒന്നുമില്ലാതിരുന്ന ഭൂമിയിൽ ആറു വർഷം മുമ്പാണ് മാജ് അലി ആദ്യമായി കണ്ടൽചെടികൾ വെച്ചുപിടിപ്പിച്ചത്. ദുബൈ-അബൂദബി അതിർത്തിക്കടുത്തുള്ള വന്യജീവി സങ്കേതത്തിനുള്ളിൽ ഇപ്പോൾ കണ്ടൽക്കാടുകളുടെ ചെറിയ കൂട്ടങ്ങളുണ്ട്. കടലാമകൾ ഉൾപ്പെടെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പ്രജനന കേന്ദ്രമാണിത്.
ഈ വർഷം പത്തു ലക്ഷം കണ്ടലുകൾ വെച്ചുപിടിപ്പിക്കാനാണ് ലക്ഷ്യം. ഇത് 20 ലക്ഷം വരെ ഉയരാം. സസ്യങ്ങൾ വേഗത്തിൽ വളരുന്നുണ്ട്. കഴിഞ്ഞവർഷം വംശനാശഭീഷണി നേരിടുന്ന 46 ആമകൾ ഉണ്ടായിരുന്നു. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ പങ്കുചേരുന്നതിന് കുട്ടികളെയും സ്കൂളുകളെയും ഇവിടേക്ക് ക്ഷണിക്കും. സ്കൂൾ കുട്ടികൾക്കും പ്രകൃതിസ്നേഹികൾക്കുമായി വിവിധ പരിപാടികൾ ഇവിെട സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.