പെട്രോൾ ടാങ്ക്

അജ്​മാനിൽ ഇന്ധന ടാങ്കറുകളുടെ അനധികൃത പാർക്കിങ്​ നിരോധനം നാളെ​ മുതൽ

അജ്​മാൻ: എമിറേറ്റിൽ അനുവദനീയമായ സ്ഥലങ്ങളിൽ അല്ലാതെ ഇന്ധന ടാങ്കറുകളുടെ പാർക്കിങ്​​ നിരോധിച്ചുള്ള നിയമം ഒക്​ടോബർ ഏഴു മുതൽ പ്രാബല്യത്തിലാവും. പുതിയ മാർഗനിർദേശം അനുസരിച്ച്​ ഏഴാം തീയതി മുതൽ ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ ഇന്ധന ടാങ്കറുകൾ നിർത്തിയിടാനോ പ്രാദേശിക അതോറിറ്റികൾ നിശ്ചയിച്ച സ്ഥലങ്ങളിൽ അല്ലാതെ പാർക്കു ചെയ്യാനോ പാടില്ല.

അംഗീകൃത ജുഡീഷ്യൽ ഓഫീസർമാർ വഴി നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും രേഖപ്പെടുത്തുന്നതിനും നിയമലംഘകർക്കെതിരെ ഭരണപരമായ ശിക്ഷകൾ പ്രയോഗിക്കുന്നതിനും അജ്മാൻ സുപ്രീം എനർജി കമ്മിറ്റിയെ സർക്കാർ ചുമതലപ്പെടുത്തിയതായും മീഡിയ ഓഫീസ് വാർത്ത കുറിപ്പിൽ അറിയിച്ചു.

നിയമം ലംഘിച്ചാൽ ആദ്യ തവണ 5,000 ദിർഹം പിഴ ചുമത്തും. ആവർത്തിച്ചാൽ പിഴത്തുക 10,000 ദിർഹമായി വർധിക്കും. മൂന്നാം തവണയും നിയമലംഘനം ആവർത്തിച്ചാൽ പിഴ 20,000 ദിർഹമായി ഉയർത്തുകയും വാഹനം പിടിച്ചെടുത്ത്​ അജ്​മാൻ മുനിസിപ്പാലിറ്റിയുടെയും പ്ലാനിങ്​ ഡിപാർട്ട്​മെന്‍റിന്‍റെയും സഹകരണത്തിലൂടെ പൊതു ലേലത്തിൽ വിൽപന നടത്തുകയും ചെയ്യും. അതോടൊപ്പം പെട്രോളിയം വിതരണ പെർമിറ്റ്​ റദ്ദാക്കുകയോ താൽകാലികമായി സസ്​പെന്‍റ്​ ചെയ്യുന്നതുൾപ്പെടെ, നിയമങ്ങൾ പാലിക്കാത്ത ലൈസൻസുള്ള സ്ഥാപനങ്ങൾക്ക്​ അധിക പിഴ ചുമത്താൻ അജ്​മാൻ സർക്കാർ സുപ്രിം എനർജി കമ്മിറ്റിയെ അധികാരപ്പെടുത്തിയിട്ടുണ്ട്​​.

ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ പൊതുജന സുരക്ഷക്ക്​ ഭീഷണിയാകുന്ന രീതിയിൽ പാർക്ക്​ ചെയ്യുന്ന വാഹനം അടിയന്തരമായി മാറ്റുന്നതിനുള്ള മുഴുവൻ ചെലവും ഉടമയിൽ നിന്ന്​ ഈടാക്കുമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി. പെ​ട്രോളിയം ഉൾപ്പെടെ അതിവേഗം തീപ്പിടിക്കുന്നതും അപകടകരവുമായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെ അപകട സാധ്യത കുറക്കാൻ ലക്ഷ്യമിട്ടാണ്​ നടപടി.

Tags:    
News Summary - Illegal parking of fuel tankers banned in Ajman from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.