ദുബൈ എയർപോർട്ടിൽ തുറന്ന ഐഡിയൽ ഫേസ് ബൂത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ദുബൈ: നല്ല പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിൽ പരസ്പര ബഹുമാനത്തിന്റെയും സൗഹൃദത്തിന്റെയും സംസ്കാരം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി ‘ഐഡിയൽ ഫേസ് രണ്ടാം ഘട്ടത്തിന്’ ദുബൈയിൽ തുടക്കം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇതിനായി പ്രത്യേക ബൂത്ത് തുറന്നു. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആണ് സംരംഭത്തിന് പിന്നിൽ. ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി ബൂത്ത് ഉദ്ഘാടനം ചെയ്തു.
‘ഇതാണ് നമ്മൾ ആഗ്രഹിക്കുന്ന ദുബൈ’ എന്ന പ്രമേയത്തിലാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. ദുബൈ ഒരു മാതൃകാപരമായ നഗരമാണെന്ന് ഉറപ്പിക്കാനും ഇവിടെയുള്ള ഓരോ വ്യക്തിയുടെയും നല്ല മനസ്സുകളെ ആദരിക്കാനുമാണ് ഈ സംരംഭം ആരംഭിച്ചത്. ദുബൈ എയർപോർട്ട്സ് ചീഫ് ഓപറേറ്റിങ് ഓഫിസർ മാജെദ് അൽ ജോക്കർ, ജി.ഡി.ആർ.എഫ്.എ ദുബൈ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ജി.ഡി.ആർ.എഫ്.എ ദുബൈയിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ, ദുബൈ എയർപോർട്ട്സ് സീനിയർ വൈസ് പ്രസിഡന്റ് എസ്സ അൽ ഷംസി തുടങ്ങിയവർ സംരംഭത്തിന്റെ പ്ലാറ്റ്ഫോം സന്ദർശിച്ചു.
ഇവിടത്തെ വിവിധ വിഭാഗങ്ങളിലെ സംവേദനാത്മക പ്രവർത്തനങ്ങളെക്കുറിച്ചും അത് സമൂഹത്തിൽ നേടിയെടുത്ത പങ്കാളിത്തത്തെക്കുറിച്ചും അധികൃതർ അവർക്ക് വിശദീകരണം നൽകി.
‘ഐഡിയൽ ഫേസ് 2’ ബൂത്ത് ജൂലൈ ഒന്നു മുതൽ ജൂലൈ 13വരെ ദുബൈ എയർപോർട്ടിലെ ടെർമിനൽ 3ലെ ഡിപാർച്ചർ വിഭാഗത്തിൽ എല്ലാ ദിവസവും സന്ദർശകരെ സ്വാഗതംചെയ്യും. സന്ദർശകർക്ക് പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും തത്സമയ സംവേദനം നടത്താനും അവസരമുണ്ട്. നല്ല പെരുമാറ്റം കാഴ്ചവെച്ച വ്യക്തികൾക്ക് ‘ഐഡിയൽ ഫേസ്’ ഇതാണ് നമ്മൾ ആഗ്രഹിക്കുന്ന ദുബൈ എന്ന സന്ദേശം ആലേഖനംചെയ്ത ഒരു നന്ദി കാർഡ് നൽകും. ദുബൈ വിമാനത്താവളത്തിലെ ഫിസിക്കൽ പ്ലാറ്റ്ഫോമിലൂടെയും ഔദ്യോഗിക പേജിലൂടെ ഡിജിറ്റൽ വഴിയും ഈ സംരംഭത്തിൽ സംഭാവനകളും പ്രതിജ്ഞകളും നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.