ദുബൈ: ജന്മനാട്ടിൽ മികച്ച ഫുട്ബാൾ കളിക്കാരനായിരിക്കെ മനുഷ്യക്കടത്ത് സംഘത്തിൽ അകപ്പെട്ട് ദുരിതത്തിലായ ആഫ്രിക്കൻ പൗരൻ ദുബൈയിൽ പുതുജീവിതം കെട്ടിപ്പടുത്തു. പീഡനങ്ങളേറ്റുവാങ്ങിയ ജീവിതത്തിനു ശേഷം ദുബൈയിലെത്തിയ ഇയാൾ ദുബൈ പൊലീസിൽനിന്ന് മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്നതിനുള്ള ഡിപ്ലോമയും കരസ്ഥമാക്കി. ദുബൈ പൊലീസാണ് പേര് വെളിപ്പെടുത്താതെ ആഫ്രിക്കൻ പൗരന്റെ അതിജീവന കഥ പുറത്തുവിട്ടത്.
മികച്ച ഫുട്ബാൾ കളിക്കാരനായിരിക്കെ ഒരു ക്ലബിൽ സ്ഥാനം നേടിത്തരാമെന വാഗ്ദാനം നൽകിയാണ് ഏജന്റുമാർ ഇയാളെ ബന്ധപ്പെട്ടത്. ആഫ്രിക്കൻ ക്ലബ് വഴി യൂറോപ്പിലേക്ക് എത്തിച്ചേരാമെന്നും അവിടെ മികച്ച ജീവിതം കെട്ടിപ്പടുക്കാമെന്നുമായിരുന്നു വാഗ്ദാനം.
കൈയിലുള്ള പണം നൽകിയാണ് ഏജന്റിനൊപ്പം രാജ്യം വിട്ടത്. എന്നാൽ ഇയാൾ മനുഷ്യക്കടത്തിന്റെ ഭാഗമാണെന്ന് പിന്നീട് മനസ്സിലാവുകയായിരുന്നു. സംഘത്തിൽ നിന്ന് കടുത്ത പീഡനങ്ങൾ നേരിട്ട ശേഷം ആദ്യമായി രക്ഷപ്പെടാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഇതിനെ തുടർന്ന് സംഘം കൊല ഭീഷണി മുഴക്കുകയും ചെയ്തു. എന്നാൽ ചിലരുടെ സഹായത്തിൽ രണ്ടാം തവണ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഒരു സുഹൃത്ത് വഴി ദുബൈയിൽ സെക്യൂരിറ്റി മേഖലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിക്കുകയായിരുന്നു.
തുടർന്ന് ജീവിതം കെട്ടിപ്പടുത്ത ഇയാളെ തൊഴിലുടമ മനുഷ്യക്കടത്ത് വിരുദ്ധ സ്പെഷലിസ്റ്റ് ഡിപ്ലോമക്ക് നാമനിർദേശം ചെയ്തു. കോഴ്സ് പൂർത്തിയാക്കിയ ഇയാൾ മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തടയാൻ ആവശ്യമായ അതിർത്തി നടപടികൾ എന്ന വിഷയത്തിൽ ഗവേഷണ പ്രബന്ധവും സമർപ്പിച്ചു. തന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ വളരെ സുപ്രധാനമായ നിർദേശങ്ങൾ പഠനത്തിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
അറിവും ബോധവത്കരണവുമാണ് മനുഷ്യക്കടത്ത് തടയാനുള്ള വഴികളെന്നും മനുഷ്യക്കടത്തിനെ കുറിച്ച് കൂടുതലറിയാൻ പഠനം തനിക്ക് സഹായകമായെന്നും ഇയാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.