ദുബൈ: നഗരത്തിലെ മൂന്നിടത്ത് പുതുതായി ആരംഭിക്കുന്ന വാഹന പരിശോധന- രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ സ്വകാര്യ നിക്ഷേപത്തിന് അവസമൊരുക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദേര, ബർദുബൈ, മുഹമ്മദ് ബിൻ റാശിദ് സിറ്റി എന്നിവിടങ്ങളിലാണ് പുതിയ സേവന കേന്ദ്രങ്ങൾ സ്ഥാപിക്കുക. സർക്കാർ അംഗീകരിച്ച നിയന്ത്രണ മാനദണ്ഡങ്ങളും ആവശ്യകതകളും അനുസരിച്ച് പുതിയ കേന്ദ്രങ്ങൾക്ക് ലൈസൻസ് അനുവദിക്കും.
നിലവിൽ ഇത്തരം കേന്ദ്രങ്ങൾ നടത്തുന്നവർക്കും പ്രധാന മേഖലകളിൽ നിക്ഷേപം ആഗ്രഹിക്കുന്നവർക്കും പുതിയ സെന്‍ററുകൾക്കുള്ള ലൈസൻസിനായി അപേക്ഷ സമർപ്പിക്കാമെന്ന് ആർ.ടി.എ അറിയിച്ചു. പുതിയ ടെസ്റ്റിങ് കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിൽ സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പരിശോധന നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമായി പുതിയ നിക്ഷേപകർക്ക് ബന്ധപ്പെട്ട നിയമങ്ങളും നയങ്ങളും അനുസരിച്ച് അപേക്ഷയുടെ മൂല്യനിർണയം നടത്തുന്നതിനാവശ്യമായ പിന്തുണ ആർ.ടി.എ നൽകും. വെഹിക്ക്ൾ ടെസ്റ്റിങ് ആൻഡ് രജിസ്ട്രേഷൻ സെന്‍ററുകൾ വഴി ആർ.ടി.എ നൽകുന്ന സേവനങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് മൂന്ന് സ്ഥലങ്ങളിൽ കൂടി പുതിയ ടെസ്റ്റിങ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. എമിറേറ്റിലുടനീളമുള്ള താമസക്കാർക്ക് വാഹന ലൈസൻസിങ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
കൂടാതെ, വാഹന ലൈസൻസിങ് സേവനങ്ങളുടെ സുസ്ഥിരവും കാര്യക്ഷമവുമായ വിതരണം ഉറപ്പാക്കാനും ധ്രുതഗതിയിലുള്ള നഗര, ജനസംഖ്യ വളർച്ചക്ക് അനുസരിച്ച് ദുബൈയിലെ മേഖലകളിലുടനീളമുള്ള വാണിജ്യ, നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കാനും പുതിയ നീക്കം വഴി ലക്ഷ്യമിടുന്നതായി ആർ.ടി.എ വ്യക്തമാക്കി. പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുക, എമിറേറ്റിലെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക, അടിസ്ഥാന സൗകര്യ വികസനത്തിലും സേവന വിതരണത്തിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വുപീകരിക്കുക തുടങ്ങിയ ആർ.ടി.എയുടെ തന്ത്രങ്ങളോട് ചേർന്നുനിൽക്കുന്നതാണ് പുതിയ പദ്ധതി. നിലവിൽ ആർ.ടി.എ അംഗീകരിച്ച 29 വാഹന ലൈസൻസിങ്-രജിസ്ട്രേഷൻ കേന്ദ്രങ്ങളാണ് ദുബൈയിൽ പ്രവർത്തിക്കുന്നത്.
ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ നൂതനമായ സാങ്കേതിക വിദ്യകളും യോഗ്യരായ ജീവനക്കാരുമാണ് ഓരോ ടെസ്റ്റിങ് സെന്‍ററുകളിലും സജ്ജമാക്കിയിട്ടുള്ളതെന്നും ആർ.ടി.എ വ്യക്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.