ഹത്ത അതിർത്തിയിലെ ജി.ഡി.ആർ.എഫ്​.എ ആസ്ഥാനം

അവധിദിനം: ഹത്ത അതിർത്തിയിൽ റെക്കോഡ് തിരക്ക്

ദുബൈ: യു.എ.ഇ, ഒമാൻ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നീണ്ട അവധി ദിനങ്ങൾ ലഭിച്ചതോടെ ഹത്ത അതിർത്തിയിൽ സന്ദർശകരുടെ റെക്കോഡ് തിരക്ക്. നവംബർ 25 മുതൽ ഡിസംബർ രണ്ടു വരെ 1,45,265 പേരാണ് ഹത്ത വഴി കടന്നുപോയതെന്ന് ദുബൈലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്​.എ) അറിയിച്ചു. യു.എ.ഇയുടെ 54-ാം ദേശീയ ദിനത്തിന്‍റെയും ഒമാനിന്‍റെ 55-ാം ദേശീയ ദിനത്തിന്‍റെയും അവധി ദിവസങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ വന്നതോടെയാണ് അതിർത്തിയിൽ യാത്രക്കാരുടെ ഒഴുക്ക് അസാധാരണമായി വർധിക്കാൻ കാരണം.

അവധി ദിവസങ്ങളിൽ ഉണ്ടായ അപ്രതീക്ഷിത തിരക്ക് കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി ജി.ഡി.ആർ.എഫ്.എ നടപ്പാക്കിയ സനദ് ടീം പ്ലാൻ വലിയ വിജയമായിരുന്നു. ഉദ്യോഗസ്ഥരെ തന്ത്രപരമായി വിന്യസിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനം ശക്തമാക്കുകയും ചെയ്‌തതിലൂടെ യാത്രക്കാർക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സാധിച്ചുവെന്ന് ജി.ഡി.ആർ.എഫ്.എ വ്യക്​തമാക്കി.

തിരക്കേറിയ ദിവസങ്ങളിലും പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകാനായതിൽ ഉദ്യോഗസ്ഥരുടെ പ്രൊഫഷണലിസമാണ് നിർണായകമായതെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു. യാത്രക്കാരുടെ സൗകര്യമാണ് ഞങ്ങളുടെ മുൻഗണന. അതിനായി ആവശ്യമായ എല്ലാ ഒരുക്കങ്ങളും മുൻകൂട്ടി ഉറപ്പാക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി

അവധി ദിവസങ്ങളിൽ യാത്രക്കാർക്ക് ഏറ്റവും മികച്ച സേവനം നൽകാനാണ് ശ്രമിച്ചതെന്ന് ലാൻഡ് ആൻഡ് പോർട്ട് അഫയേഴ്‌സ് അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ സലാ അഹമ്മദ് അൽ ഖംസി അഭിപ്രായപ്പെട്ടു. യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ പെട്ടെന്നുള്ള ഉയർച്ച നേരിടാൻ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതികൾ സഹായകമായതായി.

സേവന നിലവാരത്തെയോ സമയക്രമത്തെയോ ഇത് ബാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് തിരക്കുള്ള സാഹചര്യമുണ്ടായാലും അതിനെ നേരിടാൻ ദുബൈയ് സംവിധാനങ്ങൾ പൂർണമായും തയ്യാറാണ്​. അതിർത്തി സേവനങ്ങൾ കാലാനുസൃതമായി കൂടുതൽ കാര്യക്ഷമമാക്കുകയും സംവിധാനങ്ങൾ കൂടുതൽ നവീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Holiday: Record rush at Hatta border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.