ഷാർജ: ഷാർജയിലെ താമസക്കാർക്കും യാത്രക്കാർക്കും കാവലൊരുക്കി 65,799 കാമറക്കണ്ണുകൾ. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായാണ് ഹൈടെക് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിലെ ഗതാഗത നിയമ ലംഘനം കുറക്കാനും മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ കുറക്കാനും ഈ കാമറകൾ ഉപകാരപ്പെടുന്നതായാണ് വിലയിരുത്തൽ.
കാമറകൾ സ്ഥാപിക്കുന്ന ജോലി 85 ശതമാനവും പൂർത്തിയായി. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വഴി നിയമലംഘകരെ പിടികൂടാനുള്ള സംവിധാനവുമുണ്ട്. പൊതുവഴികൾ, സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. 2017ൽ 500 കാമറയുണ്ടായിരുന്ന സ്ഥാനത്താണ് ആറ് വർഷം കൊണ്ട് 65,000 കടന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ തന്നെ 21,540 കാമറകൾ സ്ഥാപിച്ചു. 2020 ജനുവരി മുതൽ 2022 അവസാനം വരെ 13,871 കുറ്റകൃത്യങ്ങളാണ് കാമറ കണ്ടെത്തിയത്.
യാചകർ, ആക്രമികൾ എന്നിവരും ഇതിൽപെടുന്നു. 476 കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്താൻ സി.സി ടി.വികൾ സഹായിച്ചു. സീറ്റ് ബെൽറ്റിടാതെ വാഹനമോടിക്കൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയവയും പിടികൂടി. n പിഴ ഈടാക്കുക എന്നതല്ല പൊലീസിന്റെ ഉദ്ദേശ്യമെന്നും ജനങ്ങളെ ഗതാഗത നിയമങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. പിടിച്ചുപറി, അക്രമം പോലുള്ളവ തടയാനും കുറ്റവാളികളെ കണ്ടെത്താനും കാമറകൾ സഹായിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.