ശക്തമായ മഴയിൽ മസാഫിയിലെ റോഡിലേക്ക് പാറക്കഷ്ണങ്ങൾ വീണനിലയിൽ
ദുബൈ: രാജ്യത്തിന്‍റെ കിഴക്കൻ മേഖലകളിൽ ഞായറാഴ്ച അതിശക്തമായ മഴ ലഭിച്ചു. ഫുജൈറ, ഖോർഫക്കാൻ മേഖലകളിലാണ് ഞായറാഴ്ച ഉച്ചക്കുശേഷം ശക്തമായ മഴ പെയ്തത്. ഫുജൈറയിലെ മസാഫിയിൽ മഴയെതുടർന്ന് റോഡിലേക്ക് പാറകൾ പതിച്ചു. കിഴക്കൻ മേഖലകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. മസാഫി പ്രദേശത്ത് മഴ പെയ്യുന്നതിന്‍റെയും പാറകൾ റോഡിലേക്ക് വീഴുന്നതിന്‍റെ ദൃശ്യങ്ങൾ എൻ.സി.എം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
വേനലിനും ശൈത്യത്തിനും ഇടയിലുള്ള പരിവർത്തന കാലയളവിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ വരുംദിവസങ്ങളിലും അടുത്ത ആഴ്ചയിലും മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കാമെന്ന് എൻ.സി.എം മുന്നറിയിപ്പുനൽകി. ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലെ ചിലയിടങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാം. ചില സ്ഥലങ്ങളിൽ യെല്ലോ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച അതോറിറ്റി, വീടിന് പുറത്തുള്ള പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്താനും നിർദേശിച്ചു.
സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പാലിക്കണം. മലയോര മേഖലകളിൽ യാത്ര ചെയ്യുന്നവർ റോഡിൽ കാഴ്ച കുറയുന്നതിനാൽ വേഗം കുറക്കുകയും ജാഗ്രത നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് പൊലീസ് വ്യക്തമാക്കി. ശക്തമായ മഴയിൽ മലയിടിച്ചിലിന് സാധ്യതയുണ്ട്. സീസൺ മാറുന്ന സമയങ്ങളിൽ യു.എ.ഇയിൽ പെട്ടെന്നുള്ള കാലാവസ്ഥ മാറ്റം പ്രകടമാണ്. ഈ മാസം 21ഓടെ തെക്കുകിഴക്ക് ഭാഗങ്ങളിൽ മഴക്ക് സാധ്യതയേറെയാണ്.
ഒരാഴ്ച മുമ്പ് അറേബ്യൻ കടലിൽ രൂപം കൊണ്ട ന്യൂനമർദമാണ് മേഖലയിൽ മഴ തുടരാൻ കാരണം. ഞായറാഴ്ച സ്വൈഹാൻ, അൽഐൻ എന്നിവിടങ്ങളിൽ അന്തരീക്ഷ ഈർപ്പം 91 ശതമാനത്തിലെത്തുമെന്നും അടുത്ത ആഴ്ച ദുബൈ, അബൂദബി എമിറേറ്റുകളിൽ ഈർപ്പം ഏതാണ്ട് 85 ശതമാനമായി ഉയരുമെന്നും എൻ.സി.എം പ്രവചിച്ചിരുന്നു. അതേസമയം, ഇടക്കിടെ മഴപെയ്യുന്നുണ്ടെങ്കിലും താപനില ഉയർന്ന നിലയിൽ തുടരും. അൽ ദഫ്റ മേഖലയിലെ അബൂ ഖുറ്യാനിലാണ് ഞായറാഴ്ച ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 38.3 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ രേഖപ്പെടുത്തിയ ചൂട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.