അബൂദബി: അറഫാ ദിനത്തിലും ബലിപെരുന്നാൾ ദിനങ്ങളിലും യു.എ.ഇയിൽ കടുത്ത വേനൽ ചൂട് അനുഭവപ്പെടാമെന്ന് കാലാവസ്ഥാ വിഭാഗം. ഈ ദിവസങ്ങളിൽ പകൽ സമയത്തെ താപനില 39 ഡിഗ്രി സെൽഷ്യസ് മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ അസ്‌ട്രോണമി ആൻഡ് സ്പേസ് സയൻസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. രാത്രികാലങ്ങളിൽ താപനില 25 ഡിഗ്രി മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. യു.എ.ഇക്ക് പുറമെ മക്കയിലും പരിസരത്തെ പുണ്യസ്ഥലങ്ങളിലും ഈ സമയത്ത് കടുത്ത ചൂടായിരിക്കും അനുഭവപ്പെടുക. തെളിഞ്ഞ ആകാശമായിരിക്കുമെന്നും മഴ പെയ്യാൻ സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ കടുത്ത ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്.
ഹജ്ജ് തീർഥാടകരും പൊതുജനങ്ങളും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വെയിലത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും തിരക്കേറിയ സ്ഥലങ്ങളിൽ പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കണക്കുകൾ പ്രകാരം 2026 മെയ് 17 ഞായറാഴ്ച അർധരാത്രിയോടെ മാസപ്പിറവി കാണാൻ സാധ്യതയുണ്ട്. ഇതനുസരിച്ച് മെയ് 18 തിങ്കളാഴ്ച ദുൽഹജ്ജ് മാസത്തിന് തുടക്കമാകും. അങ്ങനെയെങ്കിൽ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയും ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ചയുമായിരിക്കും. എന്നിരുന്നാലും, ഔദ്യോഗിക ചന്ദ്രദർശന സമിതിയുടെ പ്രഖ്യാപനത്തിന് ശേഷമേ തീയതികൾ അന്തിമമായി സ്ഥിരീകരിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.