സ്വകാര്യ മേഖലയുമായി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹത്ത പൊലീസ്
സംഘടിപ്പിച്ച യോഗം
ദുബൈ: എമിറേറ്റിലെ മലയോര പ്രദേശമായ ഹത്തയിലെ സ്വകാര്യ മേഖലയുമായി ബന്ധം ശക്തമാക്കാൻ നടപടിയുമായി പൊലീസ്. ഇതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ പങ്കാളികളുമായി പ്രത്യേക യോഗം ചേർന്നു. മേഖലയിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കിയിട്ടുള്ള സേവനങ്ങളും പദ്ധതികളും പരിചയപ്പെടുത്തുകയാണ് യോഗത്തിലൂടെ ലക്ഷ്യമിട്ടത്. സ്വകാര്യ മേഖലയുടെ അഭിപ്രായങ്ങൾ, വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്തതിനൊപ്പം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള വഴികൾ സംബന്ധിച്ചും സംവാദം നടന്നു.
ഹത്ത പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ കേണൽ അലി ഉബൈദ് അൽ ബിദ്വാവിയും മറ്റു നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. വികസനവും ഭാവിലക്ഷ്യങ്ങളും കൈവരിക്കുന്നതിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വളരെ സുപ്രധാനമാണെന്നും ദുബൈ പൊലീസ് എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും വളരെ പ്രധാനമായാണ് കാണുന്നതെന്നും കേണൽ അലി ഉബൈദ് പറഞ്ഞു. യോഗത്തിൽ പങ്കെടുത്തവർക്ക് പൊലീസിന്റെ വിവിധ സേവനങ്ങളും സംരംഭങ്ങളും പരിചയപ്പെടുത്തി. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ഇ-ക്രൈം പ്ലാറ്റ്ഫോം, ‘പൊലീസ് ഐ’ സേവനം, ‘ഓൺ ദ ഗോ’ സംരംഭം, പോസിറ്റിവ് സ്പിരിറ്റ് സംരംഭം എന്നിവയടക്കമുള്ള സംവിധാനങ്ങൾ പരിചയപ്പെടുത്തി. പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.