ദുബൈ: വിദൂര ജോലി ചെയ്യുന്നവർ വർധിച്ചുവരുന്ന സൈബർ ആക്രമണ ഭീഷണിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ സൈബർ സുരക്ഷാ കൗൺസിൽ. റിമോട്ട് ജോലി വർധിച്ചതോടെ സുരക്ഷിതമല്ലാത്ത ഹോം റൗട്ടറുകളെ ലക്ഷ്യമാക്കി ഹാക്കർമാർ നടത്തുന്ന ആക്രമണങ്ങൾ വർധിച്ചതായി കൗൺസിൽ ചൂണ്ടിക്കാണിച്ചു.
ഇതിലൂടെ ജീവനക്കാരുടെയും സ്ഥാപനങ്ങളുടെയും ബിസിനസുകളുടെയും ഡാറ്റക്ക് അപകടസാധ്യത കൂടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ റിമോട്ട് ജോലിയുമായി ബന്ധപ്പെട്ട സൈബർ ആക്രമണങ്ങൾ 40 ശതമാനം വരെ വർധിച്ചതായി കൗൺസിൽ വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ മൂന്നിലൊന്നിലധികം വീടുകളിലെ റൗട്ടറുകളെയും വി.പി.എൻ സംവിധാനങ്ങളെയും ലക്ഷ്യമിടുന്നതാണ്. സ്വകാര്യ ആശയവിനിമയങ്ങളിൽ കടന്നുകയറുകയോ ലോഗിൻ വിവരങ്ങൾ മോഷ്ടിക്കുകയോ ചെയ്യുകയാണ് ഹാക്കർമാരുടെ പ്രധാന ലക്ഷ്യം. സാങ്കേതിക നഷ്ടങ്ങൾക്ക് പുറമെ സാമ്പത്തിക നഷ്ടവും ഡാറ്റ ചോർച്ചയും ഇത്തരം ആക്രമണങ്ങൾ വഴി ഉണ്ടാക്കുന്നതായി ചൂണ്ടിക്കാണിച്ചു.
ആന്റിവൈറസ് സോഫ്റ്റ്‌വെയർ പതിവായി അപ്‌ഡേറ്റ് ചെയ്യുക, വിശ്വാസയോഗ്യമായ വി.പി.എൻ സേവനങ്ങൾ മാത്രം ഉപയോഗിക്കുക, വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തുക, ഫിഷിങ് ശ്രമങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യുക എന്നിവ ശ്രദ്ധയിലുണ്ടാകണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.
2025 ആഗസ്റ്റിൽ രാജ്യത്ത് 12,000ലധികം വൈഫൈ നെറ്റ്‌വർക്ക് ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കഴിഞ്ഞ വർഷത്തെ മൊത്തം സൈബർ ആക്രമണങ്ങളുടെ ഏകദേശം 35 ശതമാനമായിരുന്നു. ഇതനുസരിച്ച് വിശ്വാസമില്ലാത്ത വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നത് വലിയ അപകടമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുകയുണ്ടായി. കോവിഡ് മഹാമാരിക്ക് ശേഷം ലോകമെമ്പാടും റിമോട്ട് ജോലി വ്യാപകമായി വർധിച്ചിട്ടുണ്ട്.
യു.എ.ഇയിലും കാലാവസ്ഥാ പ്രശ്നങ്ങളോ സുരക്ഷാ സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ സർക്കാർ താൽക്കാലികമായി റിമോട്ട് ജോലി നിർദേശിക്കാറുണ്ട്. നിലവിൽ, സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ഓൺലൈൻ പഘനവും റിമോട്ട് ജോലിയും പലയിടങ്ങളിലും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് വർധിക്കുന്ന സൈബർ ഭീഷണികൾക്കെതിരെ വ്യക്തിഗത ജാഗ്രതയും സുരക്ഷാ നടപടികളും അനിവാര്യമാണെന്ന് അധികൃതർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.