ഷാർജ: റോളയോട് ചേർന്ന് കിടക്കുന്ന അൽ ഗുവൈർ മാർക്കറ്റിലെ ഇഫ്താറിന് സൗഹൃദത്തിെൻറ രുചിയാണ്. മാർക്കറ്റിലെ കച്ചവടക്കാരും വഴിപോക്കരും ഉപഭോക്താക്കളും പ്രദേശ വാസികളുമെല്ലാം ചേർന്നിരുന്ന് ഓരോ നോമ്പും സന്തോഷത്തോടെ തുറക്കുന്നു. ഇഫ്താർ നടക്കുന്ന പ്രദേശത്ത് തണൽ വിരിച്ച് നിൽക്കുന്ന മരങ്ങളിലധികവും നട്ടുവളർത്തിയത് മലയാളികളായ സാമൂഹിക പ്രവർത്തകരാണ്. ചെറിയ ചരിത്രമൊന്നുമല്ല ഈ കച്ചവട നഗരത്തിനുള്ളത്.
പണ്ട് പണ്ട് യു.എ.ഇ ജനിക്കുന്നതിനും മുമ്പ് അറബ് മേഖലയിലെ തന്നെ പ്രധാന കച്ചവട കേന്ദ്രമായിരുന്നു ഈ പ്രദേശം. ദൂര ദിക്കുകളിൽ നിന്നും കടൽ കടന്നും കച്ചവടക്കാർ എത്തിയിരുന്ന സ്ഥലം. ഒട്ടകങ്ങളും കഴുതകളും താണ്ടിയ ദൂരത്തിെൻറ ക്ഷീണം മാറ്റാൻ റോള (പേരാൽ) മരത്തിെൻറ തണലിൽ കിടന്നിരുന്ന കാലം. അന്നത്തെ റമദാനിലും ഇത്തരം സൗഹൃദത്തിെൻറ ഇഫ്താറുകൾ നടന്നിരുന്നുവെന്നാണ് ചരിത്രം.
പടിപടിയായി കാലവും ദേശവും വളർന്നെങ്കിലും ഇഫ്താറിലെ സൗഹൃദവും സ്നേഹവും സന്തോഷവും അതേ ചാരുതയോടെ നിലനിൽക്കുന്നത് ഈ നഗരത്തിെൻറ സാംസ്കാരികമായ അടയാളത്തെയാണ് ഉയർത്തി കാട്ടുന്നത്. ബുഹൈറ കോർണീഷിലെ പാം ഒയായീസ് എന്നറിയപ്പെടുന്ന ഈന്തപ്പനക്കാട്ടിലെ ഇഫ്താറിന് കൂട്ടുകുടുംബങ്ങളുടെ ഐശ്വര്യമാണ്. കുടുംബങ്ങൾ ഇവിടെ ഇഫ്താറിനായി ഒത്തുകൂടുന്നു. ബാച്ച്ലർമാരും കൂട്ടം കൂടി ഇവിടെ ഇഫ്താറിനെത്തുന്നു.
നമസ്ക്കരിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനും ഇഷ്ടം പോലെ സൗകര്യം ഇവിടെയുള്ളത് കൊണ്ടും ഖാലിദ് തടാകത്തിലെ തണുത്ത കാറ്റ് ചൂടിനെ ചെറുക്കുന്നത് കൊണ്ടും, പൂന്തോട്ടങ്ങളിൽ നിന്ന് നല്ലനറുമണം ഒഴുകി വരുന്നത് കൊണ്ടും ഈ പ്രദേശം എല്ലാവരുടെയും ഇഷ്ടമേഖലയാണ്. ഇത്തവണ റമദാനിന് ഇവിടെയുള്ള ഈന്തപ്പനകളിലെ ഈത്തപ്പഴം പഴുക്കാത്തത് സന്ദർശകർക്ക് ഇത്തിരി വിഷമം ഉണ്ടാക്കുന്നുണ്ട്. പഴുത്തിരുന്നെങ്കിൽ പ്രകൃതി പറിച്ചിട്ട ഈത്തപ്പഴം തിന്ന് നോമ്പ് തുറക്കമായിരുന്നു. എന്നാലും ചില മരങ്ങളിൽ നിന്ന് മൂത്ത പഴങ്ങൾ താഴെ വീഴുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.