ഫുജൈറ: രാജ്യത്തിന്റെ എല്ലാ എമിറേറുകളെയും ബന്ധിപ്പിക്കുന്ന യു.എ.ഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ പദ്ധതിയുടെ പുതിയ ചിത്രം പുറത്തുവിട്ട് അധികൃതർ.
നിർമാണം പുരോഗമിക്കുന്ന റെയിൽ പദ്ധതിയുടെ ഫുജൈറ ഭാഗത്തുനിന്നുള്ള ആകാശ ദൃശ്യമാണ് സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ടത്. ഹജർ മലനിരകൾക്ക് മുകളിലൂടെ നീണ്ടുപോകുന്ന റെയിൽപാത നിർമാണം അവസാനഘട്ടത്തിലാണെന്ന് ചിത്രം വ്യക്തമാക്കുന്നു. ഫുജൈറ കടന്ന് ഷാർജയുടെ അതിർത്തിയിലേക്ക് പ്രവേശിക്കുന്നതിന്റെ വിദൂരദൃശ്യം ഇതിൽ കാണാം.
പാസഞ്ചർ സർവിസിനും ചരക്ക് കടത്തിനും ഉപയോഗപ്പെടുത്തുന്ന പാതക്ക് 200 ബില്യൺ ദിർഹം ചെലവാണ് വകയിരുത്തിയത്. പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോവുന്നത്.
വരാനിരിക്കുന്ന 50 വർഷം യു.എ.ഇയെ ഏകീകരിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് ഇത്തിഹാദ് റെയിൽ. ചരക്ക് ഗതാഗതത്തിനും യാത്രക്കാർക്കും ഒരേ ട്രാക്കുകളാണ് ഉപയോഗിക്കുക. റെയിൽ നെറ്റ്വർക്കിന്റെ ഭൂരിഭാഗവും ഇരട്ട ലൈനാണ്.
യു.എ.ഇയിലെ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും കടന്നുപോകുന്ന റെയിൽപാത നിർമാണം അതിവേഗമാണ് പുരോഗമിക്കുന്നത്. പാസഞ്ചർ ട്രെയിനുകളിൽ ഒരേ സമയം 400 പേർക്കുള്ള സൗകര്യമാവും ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.