പൂളില്‍ കുട്ടി മുങ്ങിമരിച്ച സംഭവം: രണ്ടുപേര്‍ക്ക് ശിക്ഷ വിധിച്ച് ഫെഡറല്‍ സുപ്രീം കോടതി

അബൂദബി: ഖുര്‍ആന്‍ പഠന കേന്ദ്രത്തിന്‍റെ വിനോദയാത്രക്കിടെ നീന്തല്‍ക്കുളത്തില്‍ കുട്ടി മുങ്ങിമരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കുറ്റക്കാരാണെന്ന് യു.എ.ഇ ഫെഡറല്‍ സുപ്രീം കോടതി. കുട്ടികളെ എത്തിക്കുന്നതുകൊണ്ടു മാത്രം സൂപ്പര്‍വൈസറുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നും അടുത്ത ചുമതലക്കാരന് കൃത്യമായി കൈമാറുന്നതുവരെ സംരക്ഷണച്ചുമതല ഉണ്ടാവുമെന്നും വ്യക്തമാക്കുന്ന സുപ്രധാന വിധിന്യായമാണ് അബൂദബിയിലെ പരമോന്നത കോടതി പുറപ്പെടുവിച്ചത്. അശ്രദ്ധ മൂലം കുട്ടിയുടെ മരണത്തിന് കാരണക്കാരായതിന് സൂപ്പര്‍വൈസറും നീന്തല്‍ക്കുളത്തിന്‍റെ മേല്‍നോട്ടക്കാരനും 1,000 ദിര്‍ഹം വീതം പിഴയും സംയുക്തമായി നിയമപരമായ ദിയാധനം നല്‍കാനും കോടതി ഉത്തരവിട്ടു.

വിനോദയാത്രക്കിടെ, പരിശീലകന്‍ ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് ആദ്യമായി നീന്തല്‍ക്കുളത്തില്‍ ഇറങ്ങിയ കുട്ടി, നീന്താൻ അറിയാത്തതിനെ തുടർന്ന് മുങ്ങിമരിക്കുകയായിരുന്നു. കുട്ടികളെ അപകടത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മേല്‍നോട്ടം വഹിക്കുന്നതില്‍ രണ്ട് പ്രതികളും പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് കീഴ്ക്കോടതി പ്രതികള്‍ക്ക് പിഴയും ദിയാധനവും വിധിച്ചു. അപ്പീല്‍ കോടതിയും വിധി ശരിവെച്ചു.

എന്നാല്‍, കുട്ടികളെ ക്ലബ്ബില്‍ എത്തിക്കുക മാത്രമായിരുന്നു തന്‍റെ ജോലിയെന്ന് വാദിച്ച് സൂപ്പര്‍വൈസര്‍മാരില്‍ ഒരാള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഈ വാദം ഫെഡറല്‍ സുപ്രീം കോടതി തള്ളി. ഒരു കേന്ദ്രത്തില്‍ എത്തിച്ചു എന്നതുകൊണ്ട് മാത്രം മേല്‍നോട്ടച്ചുമതല താനേ അടുത്തയാളിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ലെന്ന് കോടതി വ്യക്തമാക്കി. .

Tags:    
News Summary - UAE Federal Supreme Court Convicts Two Individuals in Child Pool Drowning Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.