റാസല്‍ഖൈമയില്‍ ഹൈലാന്‍ഡര്‍ ഹൈക്കിങ് ചലഞ്ച് നവംബറില്‍

റാസല്‍ഖൈമ: സാഹസിക ഹൈക്കിങ് വിനോദ പരിപാടിയായ ഹൈലാന്‍ഡര്‍ നവംബര്‍ 21, 22 തീയതികളില്‍ റാസല്‍ഖൈമയില്‍ നടക്കും. ജബല്‍ ജൈസിനോട് ചേര്‍ന്ന യബാന താഴ്വരയിലെ വാദികളും മലഞ്ചെരുവുകളും ഉള്‍പ്പെടുന്ന പ്രദേശത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സമ്മിറ്റ് സീരീസാണ് ഇക്കുറി പ്രധാന ആകര്‍ഷണം.

രണ്ട് ദിവസങ്ങളിലായി 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രക്കിങും ഒരു ദിവസത്തില്‍ പൂര്‍ത്തിയാക്കാവുന്ന ഏഴ് കിലോ മീറ്റര്‍ ഹൈക്കിങ്ങുമാണ് ഒരുക്കിയിട്ടുള്ളത്. ജബല്‍ ജൈസിന് സമീപമുള്ള വാദി ഖമ്മദും പരിസരത്തെ പർവത ഗ്രാമങ്ങളും കേന്ദ്രീകരിച്ചായിരിക്കും യാത്ര. ദീര്‍ഘദൂര ട്രക്കിങ്ങിനെക്കാള്‍ കുത്തനെയുള്ള കയറ്റങ്ങള്‍ക്കും ദുര്‍ഘടമായ പാതകള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് പുതിയ സമ്മിറ്റ് സീരീസ്.

ദൂരം കുറവാണെങ്കിലും കയറ്റങ്ങളും പാറക്കെട്ടുകള്‍ നിറഞ്ഞ വഴികളും വെല്ലുവിളി ഉയര്‍ത്തുമെന്ന് സംഘാടകരായ ഹൈലാന്‍ഡര്‍ അഡ്വഞ്ചര്‍ ടീം അറിയിച്ചു. ‘ഹൈലാന്‍ഡര്‍ റാക് 2026’ല്‍ പങ്കെടുക്കണമെന്നുള്ളവര്‍ക്ക് rak@highlanderadventure.com വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഒരു ദിവസം 250 ദിര്‍ഹം, രണ്ട് ദിവസം 550 ദിര്‍ഹം എന്നിങ്ങനെയാണ് രജിസ്ട്രേഷന്‍ ഫീസ്. ഹൈക്കിങ് ചലഞ്ചിന് ആവശ്യമായ ട്രെയില്‍ പിന്തുണയും മെഡിക്കല്‍-ലോജിസ്റ്റിക്സ് സൗകര്യങ്ങളും സംഘാടകര്‍ ഒരുക്കും. രണ്ട് ദിവസത്തെ പാക്കേജില്‍ ഒരു രാത്രി ക്യാമ്പിങും നാല് നേരത്തെ ഭക്ഷണവും ലഘുഭക്ഷണങ്ങളും ഉള്‍പ്പെടും. ഏകദിന വിഭാഗത്തില്‍ രണ്ട് നേരത്തെ ഭക്ഷണവും ലഘുഭക്ഷണങ്ങളും ലഭിക്കും. രണ്ട് വിഭാഗങ്ങളിലും ഈവന്‍റ് കിറ്റ്, ബിബ് നമ്പര്‍, ജി.പി.എക്സ് റൂട്ട് ട്രാക്ക്, അച്ചടിച്ച റൂട്ട് മാപ്പ്, മെഡിക്കല്‍-ലോജിസ്റ്റിക്സ് സഹായം, പരിശീലന ശിൽപശാലകള്‍, ഫിനിഷര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.

നവംബര്‍ 21ന് തുടങ്ങുന്ന രണ്ട് ദിവസത്തെ 15 കിലോമീറ്റര്‍ വിഭാഗത്തിലെ 845 മീറ്ററോളം ഉയരം കയറേണ്ടിവരുന്ന പാതയിലെ പരമാവധി ഉയരം ഏകദേശം 1,190 മീറ്ററാണ്. ആദ്യ ദിവസത്തെ യാത്രയുടെ അവസാനത്തില്‍ 1,050 മീറ്റര്‍ ഉയരത്തിലുള്ള മലത്തട്ടില്‍ ക്യാമ്പ് ഒരുക്കും. രണ്ടാം ദിവസം പാറക്കെട്ടുകളും വാദിയിലെ ഇടുങ്ങിയ പാതകളും മലവഴികളും പിന്നിട്ട് വാദി ഖമ്മദില്‍ തിരിച്ചത്തെുന്നതോടെ ട്രക്കിങ് പൂര്‍ത്തിയാകും.

നവംബര്‍ 22ലെ ഏകദിന വിഭാഗത്തില്‍ ഏഴ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വൃത്താകൃതിയിലുള്ള പാതയില്‍ 400 മീറ്റര്‍ ഉയരം കയറേണ്ടി വരും. ഇവിടെ പാറക്കെട്ടുകളും ഇടുങ്ങിയ പാതകളും കുത്തനെയുള്ള കയറ്റങ്ങളുമുണ്ട്. ഇരു വിഭാഗങ്ങളിലും പാറകള്‍ക്കിടയിലൂടെയുള്ള യാത്രയും മലകയറ്റവുമുള്ളതിനാൽ മികച്ച ശാരീരികക്ഷമത ആവശ്യമാണ്.

Tags:    
News Summary - Highlander Hiking Challenge Set for November in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.