അബൂദബി: വംശനാശ ഭീഷണി നേരിടുന്ന പച്ച ആമകളുടെ കൂട് ആദ്യമായി അബൂദബിയില്‍ കണ്ടെത്തിയതായി പരിസ്ഥിതി ഏജന്‍സി അറിയിച്ചു. സമുദ്ര നിര്‍ണയ, സംരക്ഷണ പദ്ധതിയുടെ ഭാഗമായി നടത്തിയ വാര്‍ഷിക ആമ സര്‍വേയിലാണ് കണ്ടെത്തൽ. അല്‍ ദഫ്ര മേഖലയിലാണ് പച്ച ആമകളുടെ കൂട് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വംശനാശഭീഷണി നേരിടുന്ന കടലാമയായ ഹാക്സ്ബില്‍ അബൂദബിയുടെ തീരങ്ങളില്‍ മുട്ടയിടാറുണ്ടെങ്കിലും പച്ച ആമകളുടെ കൂടുകള്‍ ഇവിടെ കണ്ടെത്തുന്നത് ആദ്യമായാണെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സിയിലെ സമുദ്ര ജൈവവൈവിധ്യ എക്സിക്യൂട്ടിവ് ഡയറക്ടര്‍ അഹമ്മദ് അല്‍ ഹാഷ്മി പറഞ്ഞു. പച്ച ആമകള്‍ മുട്ടയിടാനായി ഒമാന്‍ തീരത്തേക്ക് കുടിയേറുകയായിരുന്നു മുമ്പ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ച് പകുതി മുതല്‍ ജൂണ്‍ പകുതി വരെയാണ് സാധാരണയായി ആമകള്‍ കൂടുകൂട്ടുന്നത്. ഈ സീസണില്‍ 200ലേറെ കൂടുകളാണ് കണ്ടെത്തിയിരുന്നത്. ജൂണ്‍ പകുതി മുതല്‍ ആഗസ്റ്റ് ആദ്യം വരെയാണ് അടയിരിക്കല്‍ കാലം. കൂടുകൂട്ടുന്നതിനുള്ള ഇടംനോക്കി രാത്രികാലങ്ങളില്‍ പെണ്ണാമകള്‍ നിരവധി തവണ കടല്തീരത്തെത്തിയാണ് ഉചിതമായ ഇടം തിരഞ്ഞെടുക്കുക. ലോകത്ത് ഏഴ് കടലാമ ഇനങ്ങളാണുള്ളത്. ഇതില്‍ നാല് ഇനങ്ങളിലായി ആറായിരത്തിലേറെ കടലാമകളാണ് അബൂദബി കടലിലുള്ളത്. ഇതില്‍ ഹാക്സ് ബില്‍, പച്ച ആമകള്‍ ആണ് ഇവയില്‍ കൂടുതലും. ലോഗര്‍ഹെഡ്, ഒലിവ് റിഡ് ലി ആമകള്‍ ഇടക്കിടെ മാത്രമാണ് അബൂദബി കടലില്‍ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.