പ്രതീകാത്മക ചിത്രം
ദുബൈ: കഴിഞ്ഞ വർഷം യു.എ.ഇയിലെ പ്രോപ്പർട്ടി വിലയിൽ രേഖപ്പെടുത്തിയത് റെക്കോഡ് വർധന. ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023ൽ യു.എ.ഇയിലെ പ്രോപർട്ടി വിലയിൽ 10.4 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.
കോവിഡ് മഹാമാരിക്ക് ശേഷം റിയൽ എസ്റ്റേറ്റ് രംഗത്ത് ഏറ്റവും കൂടുതൽ വില വർധന രേഖപ്പെടുത്തിയ 10 രാജ്യങ്ങളിൽ ഒന്നാണ് യു.എ.ഇ.
2019നെ അപേക്ഷിച്ച് ഈ വർഷം യു.എ.ഇയിലെ പ്രോപ്പർട്ടി വിലയിൽ 14.15 ശതമാനമാണ് വർധനയെന്നും ‘ബാങ്ക് ഫോർ സെറ്റിൽമെന്റ്സ് ഡേറ്റ’ എന്നപേരിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഐ.എം.എഫ് വ്യക്തമാക്കി. കോവിഡിനുശേഷം പ്രോപ്പർട്ടി വിലയുടെ കാര്യത്തിൽ ലോകത്ത് ആറാം സ്ഥാനത്താണ് യു.എ.ഇ. കഴിഞ്ഞ രണ്ടു വർഷമായി യു.എ.ഇയിലെ പ്രോപ്പർട്ടി വിലയിൽ രണ്ടിരട്ടി വർധനയാണുണ്ടായതെന്ന് മേഖലയിലെ എക്സിക്യൂട്ടിവുകളും സാക്ഷ്യപ്പെടുത്തുന്നു.
യു.എ.ഇയിലേക്കുള്ള വിദേശ തൊഴിലാളികളുടെ ഒഴുക്കും ഉയർന്ന വരുമാനമുള്ളവരിൽനിന്ന് പ്രോപ്പർട്ടികൾക്കുള്ള ഡിമാന്റ് വർധിച്ചതുമാണ് അതിവേഗത്തിലുള്ള വില വർധനക്ക് പിന്തുണയേകിയത്.
അതേസമയം, റസിഡൻഷ്യൽ പ്രോപ്പർട്ടി മാർക്കറ്റിലെ വിതരണം കഴിഞ്ഞ വർഷം യു.എ.ഇയുടെ ജനസംഖ്യാ വളർച്ചയെ അപേക്ഷിച്ച് പിന്നിലാണ്.
2023ൽ മാത്രം എമിറേറ്റിലെ ജനസംഖ്യ ഒരു ലക്ഷമാണ് വർധിച്ചത്. ഇതിനെ അപേക്ഷിച്ച് ഏകദേശം 50,000 യൂനിറ്റുകളാണ് വിൽപനക്ക് വന്നത്.
ഇത് പ്രധാന സ്ഥലങ്ങളിൽ ആഡംബര, അത്യാഡംബര യൂനിറ്റുകളുടെ വിതരണത്തിൽ കുറവുണ്ടാക്കിയെങ്കിലും രാജ്യത്തെ വില്ലകൾക്കും പെന്റ് ഹൗസുകൾക്കും വില റെക്കോർഡ് ഉയരത്തിലെത്തിച്ചു.
2014 സെപ്റ്റംബറിനെ അപേക്ഷിച്ച് 2023 നവംബറിൽ ദുബൈയിലെ റിയൽ എസ്റ്റേറ്റ് വില ചതുരശ്ര അടിക്ക് 1,271 ദിർഹമായി ഉയർന്നിരുന്നു.
യൂറോപ്യൻ യൂനിയനിലെ ഭൂരിഭാഗം രാജ്യങ്ങളും ആഫ്രിക്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ഉൾപ്പെടുന്ന വികസിത സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിൽ കോവിഡ് കാലത്തെ അപേക്ഷിച്ച് പ്രോപർട്ടി വിലയിൽ 10 മുതൽ 25 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തുന്നതെന്നും ഐ.എം.എഫ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.