ദുബൈ: യു.എ.ഇ വിപണിയിലും സ്വർണവില റെക്കോഡ് പിന്നിട്ട് കുതിക്കുന്നു. ചരിത്രത്തിൽ ആദ്യമായി 24 കാരറ്റ് സ്വർണം ഗ്രാമിന് 555 ദിർഹം പിന്നിട്ടതിന് പിന്നാലെ ചൊവ്വാഴ്ച ചെറിയ കുറവ് രേഖപ്പെടുത്തി. 553 ദിർഹമാണ് ഗ്രാമിന് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സുരക്ഷിതത്വം മുൻനിർത്തി കൂടുതൽ പേർ സ്വർണത്തിൽ നിക്ഷേപിക്കുന്ന സാഹചര്യത്തിലാണ് സ്വർണവില കുതിക്കുന്നത്.
തിങ്കളാഴ്ച ഒറ്റ ദിവസംകൊണ്ട് 24 കാരറ്റ് ഗ്രാമിന് 12 ദിർഹം 50 ഫിൽസ് ഉയർന്നാണ് സ്വർണവില 555 ദിർഹം 75 ഫിൽസിലേക്ക് എത്തിയത്. 24 കാരറ്റ് സ്വർണത്തിന് ആദ്യമായാണ് യു.എ.ഇയിൽ 555 ദിർഹം പിന്നിടുന്നത്. സമാനമായ രീതിയിൽ 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് സ്വർണത്തിന്റെയും വില ഉയർന്നിട്ടുണ്ട്. 22 കാരറ്റിന്റെ വില ഗ്രാമിന് തിങ്കളാഴ്ച വൈകുന്നേരം 514 ദിർഹമായിരുന്നു. 439 ദിർഹം 50 ഫിൽസാണ് 21 കാരറ്റിന്റെ വില. ഗ്രാമിന് 423 ദിർഹം, 330 ദിർഹം എന്നിങ്ങനെയാണ് 18 കാരറ്റിനും 14 കാരറ്റിനും വില എത്തി നിൽക്കുന്നത്.
തിങ്കളാഴ്ചത്തെ കുതിച്ചുയരലിനു ശേഷം ചൊവ്വാഴ്ച ചെറിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.അന്താരാഷ്ട്ര തലത്തിൽ ഉടലെടുക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയും യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് വെട്ടിക്കുറച്ചേക്കുമെന്ന വാർത്തകളുമാണ് സ്വർണവില കുതിക്കാൻ കാരണമായി വിലയിരുത്തുന്നത്. ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ പലരും വൻതോതിൽ സ്വർണത്തിൽ മുതലിറക്കാൻ തുടങ്ങിയതോടെയാണ് ഡിമാൻഡും വിലയും കുത്തനെ ഉയർന്നത്.
റെക്കോഡുകൾ മറികടന്ന് വില കുതിക്കുന്ന പശ്ചാത്തലത്തിൽ സ്വർണാഭരണ വിപണിയിൽ ഉപഭോക്താക്കൾ കൂടുതലായി ലൈറ്റ് വെയ്റ്റ് ആഭരണങ്ങളെ ആശ്രയിക്കുന്ന പ്രവണതയും വർധിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.