അ​ബൂ​ദ​ബി പൊ​ലീ​സ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ൽ​കി​യ മു​ന്ന​റി​യി​പ്പ്​ 

യാത്ര പൊയ്ക്കോ, സമൂഹമാധ്യമങ്ങളിലൂടെ കള്ളന്മാരെ അറിയിക്കേണ്ടെന്ന് പൊലീസ്

ദുബൈ: അവധിക്കാല വിനോദയാത്രയുടെ വിവരങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ഭവനഭേദനത്തിന് വഴിയൊരുക്കുമെന്ന് പൊലീസിന്‍റെ മുന്നറിയിപ്പ്. ദുബൈ പൊലീസും അബൂദബി പൊലീസുമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ യാത്രാ പദ്ധതിയും ഫോട്ടോയും വിഡിയോകളും പോസ്റ്റ് ചെയ്യുന്നത് വീട് കൊള്ളയടിക്കപ്പെടാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

'നിങ്ങളുടെ യാത്രയെ കുറിച്ചുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ അസാന്നിധ്യത്തിൽ വീട് കൊള്ളയടിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കുക' -സമൂഹമാധ്യമങ്ങളിലൂടെ അബൂദബി പൊലീസ് അറിയിച്ചു. ദുബൈ പൊലീസും സമാനമായ അറിയിപ്പുമായി രംഗത്തെത്തി. യു.എ.ഇയിൽനിന്ന് യാത്ര പുറപ്പെടുന്ന തീയതിയും മറ്റു വിവരങ്ങളും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വീട് കൊള്ളയടിക്കപ്പെട്ട സംഭവവും ഇതിന് ഉദാഹരണമായി ദുബൈ പൊലീസിലെ സൈബർ ക്രൈംസ് വിഭാഗം ഡയറക്ടർ കേണൽ സഈദ് അൽ ഹജ്രി ചൂണ്ടിക്കാട്ടി.

'നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പബ്ലിക് ആണെങ്കിൽ കള്ളന്മാർക്ക് ഹോം ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ വളരെ അനായാസം ലഭിക്കും. ഉദാഹരണത്തിന് സ്നാപ്ചാറ്റ് പ്ലാറ്റ്ഫോം നിങ്ങളുടെ ലൊക്കേഷനിലേക്കുള്ള ഒരു മാപ്പ് ആണ്. പേര് അടക്കമുള്ള വ്യക്തിപരമായ വിവരങ്ങൾ വെച്ച് മോഷ്ടിച്ച െക്രഡിറ്റ് കാർഡുകൾ വരെ അവർക്ക് ഉപയോഗിക്കാൻ കഴിയും. നിങ്ങൾ വെക്കേഷന് പോകുകയാണെന്ന് സമൂഹമാധ്യമങ്ങളിലുടെ പ്രഖ്യാപിക്കുന്നത് നിങ്ങളുടെ വീട്ടിൽ ആരും ഉണ്ടാകില്ലെന്ന് ആളുകളെ അറിയിക്കൽ കൂടിയാണ്.

അത് നിങ്ങളുടെ വീട് ഭവനഭേദനത്തിനുള്ള ലക്ഷ്യമാകുന്നതിന് ഇടയാക്കും. ഇത്തരം വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണമെന്നുള്ളവർ കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രം കാണാൻ കഴിയുംവിധം പ്രൈവസി സെറ്റിങ്സ് ഉപയോഗിക്കുന്നതാണ് നല്ലത്. നിങ്ങളുടെ യാത്രാവിവരങ്ങൾ സുഹൃത്തുക്കൾ മാത്രമല്ല, കള്ളന്മാരും കാണുന്നുണ്ടെന്ന് ഓർക്കണം. കള്ളന്മാരുടെ അടുത്ത ഇര നിങ്ങൾ ആകാതിരിക്കാൻ ശ്രദ്ധിക്കുക.' -അദ്ദേഹം പറഞ്ഞു. 

സൗജന്യ ഭവനസുരക്ഷ സേവനം ഉപയോഗിക്കാം

ദുബൈ: അവധിയാഘോഷിക്കാനോ അല്ലെങ്കിൽ ദീർഘകാലത്തേക്ക് വീട്ടിൽനിന്ന് വിട്ടുനിൽക്കാനോ യാത്ര ചെയ്യുന്നവർക്ക് ദുബൈ പൊലീസിന്‍റെ സൗജന്യ ഭവന സുരക്ഷ സേവനം ഉപയോഗിക്കാമെന്ന് പൊലീസ് വ്യക്തമാക്കി.

എമിറേറ്റിലെ താമസക്കാർക്ക് ദുബൈ പൊലീസ് ആപ്പിൽ ഈ സേവനത്തിനായി രജിസ്റ്റർ ചെയ്യാം. വീടിന്‍റെ ലൊക്കേഷൻ, യാത്രാസമയം തുടങ്ങിയ വിവരങ്ങൾ നൽകിയാൽ വീടിന്‍റെ പരിസരങ്ങളിൽ പൊലീസ് പട്രോളിങ് നടത്തും.

വിദേശികൾ തങ്ങളുടെ മാതൃരാജ്യങ്ങളിലേക്ക് ദീർഘകാലത്തേക്ക് പോകുന്ന വേനലവധി കാലത്ത് ഭവനഭേദന സാധ്യതകൾ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് പൊലീസ് സൗജന്യ ഭവന സുരക്ഷ സേവനം ആവിഷ്കരിച്ചത്. 

Tags:    
News Summary - Go ahead, police said not to report thieves through social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.