ഗ്ലോബൽ വില്ലേജിന്​ ഇന്ന്​ തിരശ്ശീല വീഴും

ദുബൈ: അഞ്ചു മാസത്തിലേറെയായി ദുബൈയുടെ രാത്രികളെ സജീവമാക്കിയ ഗ്ലോബൽ വില്ലേജ് ആഗോള ഉല്ലാസ,വിനോദ, വിപണന മേളക്ക് ഇന്ന് സമാപനം.
അവസാന വാരാന്ത്യദിനങ്ങളായ ഇന്നലെയും മിനിഞ്ഞാന്നും വലിയ തിരക്കാണ് നഗരിയിൽ അനുഭവപ്പെട്ടത്. തിരക്ക് കാരണം ശനിയാഴ്ച പുലർച്ചെ മൂന്നു മണിവരെയാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിച്ചത്. നിന്നു തിരിയാനിടയില്ലാത്ത വിധം ജനത്തിരക്കായിരുന്നു നഗരിയിലെങ്ങും. പ്രമുഖ ഹിന്ദി നടനും സംവിധായകനും ഗായകനുമായ ഫർഹാൻ അഖ്തർ വെള്ളിയാഴ്ച രാത്രി മുഖ്യ വേദിയിലെത്തി. അവസാന ദിവസമായ ശനിയാഴ്ച രാത്രി 12 വരെ നഗരി പ്രവർത്തിക്കും. മിക്ക പവലിയനുകളിലും സ്റ്റോക്കുള്ള ഉത്പന്നങ്ങൾ പരമാവധി വിറ്റഴിക്കാനായി വിലക്കുറവിന് സാധ്യതയുണ്ട്.

എല്ലാ ആഴ്ചയും ഒരു ലക്ഷം ദിർഹം സമ്മാനം നൽകുന്ന ഭാഗ്യ നറുക്കെടുപ്പിലെ അവസാന രണ്ടു വിജയികളെ ശനിയാഴ്ച രാത്രി തെരഞ്ഞെടുക്കും.  കഴിഞ്ഞ 21 വർഷമായി ലോകത്തെ മുഴുവൻ ദുബൈയിലേക്ക് ആകർഷിക്കുന്ന ‘ആഗോള ഗ്രാമം കുടുംബസമേതം ഉല്ലാസത്തിനുള്ള സാംസ്കാരിക സംഗമ വേദിയായാണ് അറിയപ്പെടുന്നത്. വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ മികച്ച ഷോപ്പിങ്ങിനും ഭക്ഷണ വൈവിധ്യം രുചിക്കാനുമായി ലക്ഷങ്ങളാണ് ഇത്തവണയുമെത്തിയത്. 

ഇത്തവണ 30 പവലിയനുകളാണ് ഉണ്ടായിരുന്നത്. 75 രാജ്യങ്ങളും അണിനിരന്നു. ജപ്പാന്‍, ദക്ഷിണകൊറിയ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ഫാര്‍ ഈസ്റ്റ് പവലിയന്‍ ഇതാദ്യമായി ആഗോള ഗ്രാമത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.  റുമാനിയ, സെര്‍ബിയ, ഉക്രെയിന്‍ എന്നീ രാജ്യങ്ങള്‍ ചേരുന്ന കിഴക്കന്‍ യൂറോപ്പിന്‍െറ പവലിയനും അള്‍ജിരിയ പവലയിനും അരങ്ങേറ്റം കുറിച്ചത് ഇത്തവണയാണ്.ഷോപ്പിങ് കാര്‍ണിവലില്‍ 3500 ലേറെ ഷോപ്പുകളാണ് ദുബൈ രാത്രികളെ സജീവമാക്കിയത്. നവംബർ ഒന്നിനാണ് ഇത്തവണ പ്രദർശനത്തിന് തിരശ്ശീല ഉയർന്നത്. 

News Summary - global village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.