ഗ്ലോബൽ പാസഞ്ചർ സിംപോസിയത്തിൽ പങ്കെടുത്ത ദുബൈ ജി.ഡി.ആർ.എഫ്.എ യിലെ ഉദ്യോഗസ്ഥർ
ദുബൈ: വ്യോമയാന മേഖലകളിലെ ലോകത്തെ മുൻനിര സ്ഥാപനങ്ങളുമായി ആശയവിനിമയം ശക്തിപ്പെടുത്താനും വൈദഗ്ധ്യങ്ങൾ പങ്കിടാനും ലക്ഷ്യമിട്ട്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ടൈറ്റാമിക് യൂസേഴ്സ് ഫോറം പരിപാടിയിൽ പങ്കെടുത്തു. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനാണ് നവംബർ മൂന്നു മുതൽ ആറുവരെ ഇസ്താംബൂളിൽ ഫോറം സംഘടിപ്പിച്ചത്. ദുബൈ എയർപോർട്ട് അഫയേഴ്സ് സെക്ടർ അസി.ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹ്മദ് അൽ ഷൻഖിതി നേതൃത്വം നൽകുന്ന പ്രതിനിധി സംഘം ദുബൈ സഞ്ചാരികളുടെ യാത്ര നിയന്ത്രണത്തിലും നടപടിക്രമങ്ങളിലും കൈവരിച്ച നവീന പരിഹാരങ്ങൾ ഫോറത്തിൽ അവതരിപ്പിച്ചു.
വിമാനത്താവളങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും യാത്രാ അനുഭവം കൂടുതൽ സുഖപ്രദമാക്കാനും കഴിയുന്ന ഏറ്റവും പുതിയ സ്മാർട്ട് സൊല്യൂഷനുകളും ഇവർ പ്രദർശിപ്പിച്ചു. വിമാന യാത്രാ മേഖലകളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനകളുമായുള്ള തന്ത്രപരമായ സഹകരണം കൂടുതൽ ഉറപ്പാക്കാനും, സുരക്ഷിതവും ഡിജിറ്റൽ സംയോജിതവുമായ യാത്രാനുഭവം നൽകുന്ന പുതിയ സാങ്കേതിക വിദ്യകളെ കുറിച്ചയറിയാനുമാണ് ജി.ഡി.ആർ.എഫ്.എയുടെ ലക്ഷ്യം. ഇതുവഴി ലോകത്തിലെ മുൻനിര ട്രാവൽ കേന്ദ്രങ്ങളിൽ ഒന്നായി ദുബൈയുടെ സ്ഥാനം ഉറപ്പിക്കാനുമാണെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
‘ദുബൈ വിമാനത്താവളങ്ങൾ യാത്രാനുഭവത്തിൽ കാര്യക്ഷമതയും നവീനതയും നിറഞ്ഞ മാതൃകയായി മാറട്ടെയെന്നതാണ് നേതൃത്വം ലക്ഷ്യമിടുന്നത്. അതിനായി ഡിജിറ്റൽ പരിഹാരങ്ങൾ സ്വീകരിക്കുകയും അന്താരാഷ്ട്ര സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അൽ മർറി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.