ജൈടെക്സ് ഗ്ലോബലിൽ ദുബൈ ജി.ഡി.ആർ.എഫ്.എയും
ദുബൈ കോർട്സും തമ്മിലെ കരാർ ഒപ്പുവെക്കുന്നു
ദുബൈ: സർക്കാർ സംവിധാനങ്ങൾ തമ്മിലുള്ള ഡിജിറ്റൽ സംയോജനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ) ദുബൈ കോർട്സും തമ്മിൽ ഡിജിറ്റൽ സഹകരണ കരാർ ഒപ്പുവെച്ചു. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈടെക്സ് ഗ്ലോബൽ 2025 വേദിയിലായിരുന്നു കരാർ ഒപ്പുവെച്ചത്. ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും ദുബൈ കോടതികളുടെ ഡയറക്ടർ ജനറൽ ഡോ. സൈഫ് ഗാനിം അൽ സുവൈദിയും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.
സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനവും സംയോജിത സേവന വിതരണവും കൂടുതൽ കാര്യക്ഷമമാക്കാനുള്ള പുതിയ ചുവടുവെപ്പാണിതെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. നടപടിക്രമങ്ങൾ ലളിതമാക്കാനും നീതി വേഗത്തിലാക്കാനും സാങ്കേതികവിദ്യ പ്രധാനമായ പങ്ക് വഹിക്കുമെന്ന് ദുബൈ കോടതികളുടെ ഡോ. സൈഫ് ഗാനിം അൽ സുവൈദി പറഞ്ഞു.
കരാർ പ്രകാരം, ഡിജിറ്റൽ ദുബൈ അതോറിറ്റിയുടെ ജ.എസ്.ബി പ്ലാറ്റ്ഫോം വഴി ഇലക്ട്രോണിക് ഡേറ്റാ കൈമാറ്റം നടപ്പാക്കും. ഇതുവഴി ജുഡീഷ്യൽ അന്വേഷണ ആവശ്യങ്ങൾക്കായുള്ള വിവരങ്ങൾ സുരക്ഷിതമായും കാര്യക്ഷമമായും കൈമാറാൻ സാധിക്കും. കൂടാതെ, അൽ അദീദ് കേന്ദ്രങ്ങൾ വഴി ഫീസ് ഇലക്ട്രോണിക് രീതിയിൽ അടക്കാനുള്ള സംവിധാനവും ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.